കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ സ്‌ക്രീൻഷോട്ടിന്റെ ഏക ബുദ്ധികേന്ദ്രം ജിതിൻ ഭാസ്‌കർ മാത്രമല്ലെന്ന നിഗമനത്തിലേക്ക് പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) എത്തുന്നതായി റിപ്പോർട്ട്. സ്‌ക്രീൻഷോട്ട് നിർമ്മിക്കാനും പ്രചരിപ്പിക്കാനും മറ്റുചിലരുടെ പിന്തുണ ലഭിച്ചെന്ന വിവരത്തെ തുടർന്നാണ് അന്വേഷണം കൂടുതൽ ആളുകളിലേക്ക് വ്യാപിപ്പിക്കുന്നത്.
സ്‌ക്രീൻഷോട്ട് തയ്യാറാക്കിയത് ജിതിൻ ഭാസ്‌കർ ആണെന്ന് എസ്‌ഐടി നേരത്തെ കണ്ടെത്തിയിരുന്നു. ജിതിൻ സമർപ്പിച്ച ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ജാമ്യം അനുവദിക്കരുതെന്ന നിലപാടിൽ പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നീക്കം.
കഴിഞ്ഞ ദിവസങ്ങളിൽ ജിതിൻ ഭാസ്‌കറിനെ എസ്‌ഐടി വിശദമായി ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലിൽ നിന്നാണ് കേസിൽ നിർണായക വിവരങ്ങൾ ലഭിച്ചതെന്നാണ് സൂചന. അന്വേഷണത്തിനിടെ പ്രതി ഫോൺ റീസെറ്റ് ചെയ്തതോടെ പ്രധാന ഡിജിറ്റൽ തെളിവുകൾ നഷ്ടമായെന്നും അന്വേഷണസംഘം കണ്ടെത്തി. ജില്ലാ ഫോറൻസിക് ലാബിലെ പരിശോധനയിലാണ് ഇത് വ്യക്തമായത്. കൂടുതൽ തെളിവുകൾ കണ്ടെത്താനായി ഫോൺ സംസ്ഥാന ഫോറൻസിക് ലാബിലേക്ക് അയക്കാനാണ് തീരുമാനം.
കാഫിർ സ്‌ക്രീൻഷോട്ട് ഏകദേശം 200ഓളം വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് പ്രചരിപ്പിക്കപ്പെട്ടതായും എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. ജിതിൻ ഭാസ്‌കർ ആദ്യം ‘വടകര സ്‌ക്വാഡ്’ എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഇത് പങ്കുവെച്ചതായും, തുടർന്ന് ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ ‘റെഡ് എൻകൗണ്ടർ’ ഗ്രൂപ്പിലേക്ക് അത് പ്രചരിപ്പിച്ചുവെന്നുമാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ജിതിൻ ഭാസ്‌കറിലേക്ക് അന്വേഷണം എത്തിയത്.
ഇതിനിടെ ജിതിൻ ഭാസ്‌കറിനെ പിന്തുണച്ച് ഡിവൈഎഫ്‌ഐ രംഗത്തെത്തി. ജിതിൻ തെറ്റ് ചെയ്തുവെന്ന് കരുതുന്നില്ലെന്നും, യുഡിഎഫിന്റെ തിരക്കഥ അനുസരിച്ചാണ് എസ്‌ഐടി പ്രതികളെ നിശ്ചയിക്കുന്നതെന്നുമാണ് ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി എൽ.ജി. ലിജീഷ് പ്രതികരിച്ചത്. വടകര എംപി ഷാഫി പറമ്പിലും കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുള്ളയും പറയുന്നതനുസരിച്ച് ഡിവൈഎഫ്‌ഐ നേതാക്കളെ വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
