കണ്ണൂർ: പയ്യന്നൂരിലെ സ്ഥാനാർഥി നിർണയത്തിൽ വീഴ്ച സംഭവിച്ചതായി സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗീകരിച്ച സാഹചര്യത്തിലും പാർട്ടി നിലപാട് ന്യായീകരിച്ച് കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. ടി.ഐ. മധുസൂദനനെ സ്ഥാനാർഥിയാക്കിയത് പുകമറ ഒഴിവാക്കാനായിരുന്നുവെന്നും, സ്ഥാനാർഥിയെ മാറ്റിയിരുന്നെങ്കിൽ വി. കുഞ്ഞികൃഷ്ണൻ തന്റെ ആരോപണങ്ങൾ ശരിവെക്കപ്പെട്ടുവെന്ന് പ്രചരിപ്പിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിലെ പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയത്തിൽ വീഴ്ചയുണ്ടായെന്ന് കേന്ദ്ര-സംസ്ഥാന കമ്മിറ്റികൾ വിലയിരുത്തിയതിന് പിന്നാലെയാണ് കെ.കെ. രാഗേഷിന്റെ പ്രതികരണം. ധനരാജ് രക്തസാക്ഷി ഫണ്ട് ഉൾപ്പെടെയുള്ള വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിൽ സ്ഥാനാർഥിയെ മാറ്റുന്നത് തെറ്റായ സന്ദേശം നൽകുമെന്നായിരുന്നു പാർട്ടി വിലയിരുത്തലെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാദങ്ങൾക്ക് അന്നത്തെ സാഹചര്യത്തിൽ വിശദീകരണം നൽകാൻ സമയമില്ലാത്തതിനാലാണ് ടി.ഐ. മധുസൂദനനെ തന്നെ സ്ഥാനാർഥിയാക്കാൻ പാർട്ടി തീരുമാനിച്ചതെന്നും, എത്ര നുണപ്രചാരണം നടത്തിയാലും സത്യം പുറത്തുവരുമെന്നും കെ.കെ. രാഗേഷ് പറഞ്ഞു.
ഇതിനിടെ, ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദത്തിൽ പുതിയ കണക്കുകൾ പുറത്തുവിട്ട് ടി.ഐ. മധുസൂദനൻ രംഗത്തെത്തി. വി. കുഞ്ഞികൃഷ്ണന് അയച്ച വക്കീൽ നോട്ടീസിലാണ് ഫണ്ടിന്റെ വരവ്-ചെലവ് സംബന്ധിച്ച വിശദാംശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
നോട്ടീസ് പ്രകാരം, ധനരാജ് കുടുംബ സഹായ നിധി എന്ന ബാങ്ക് അക്കൗണ്ടിലേക്ക് സംഭാവനയായി ലഭിച്ചത് 90,14,268 രൂപയാണ്. നിക്ഷേപത്തിന്റെ പലിശ ഇനത്തിൽ 2,78,193 രൂപ ലഭിച്ചതായും വ്യക്തമാക്കുന്നു. കൂടാതെ, ധനരാജിന്റെ കുടുംബത്തിന്റെ പേരിൽ 18 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം നടത്തിയതായും, അതിന്റെ പലിശയായി 7,98,655 രൂപ ലഭിച്ചതായും നോട്ടീസിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
