പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവം: കുപ്രസിദ്ധ ഗുണ്ട ആട് ഷമീറും സംഘവും കോഴിക്കോട്ട് പിടിയില്‍

JULY 11, 2026, 6:06 AM

കോഴിക്കോട്: 70 കോടി രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കുപ്രസിദ്ധ ഗുണ്ട കാസര്‍കോട് സ്വദേശി ആട് ഷമീര്‍ ഉള്‍പ്പെടെ നാലംഗ സംഘം പിടിയിലായി. കോഴിക്കോട് മാവൂര്‍ പെരുവയലിലെ വില്ലയില്‍ ഒളിവില്‍ കഴിയുകയായിരുന്ന സംഘത്തെ ഒറ്റപ്പാലത്തുനിന്നെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് സാഹസികമായി പിടികൂടിയത്.

കാസര്‍കോട് സ്വദേശി മുഹമ്മദ് ഷമീര്‍ (ആട് ഷമീര്‍), വിഷ്ണു സല്‍മാന്‍, ജോമോന്‍, ഡേവിഡ് അലക്‌സ് എന്നിവരാണ് അറസ്റ്റിലായത്. ഒപ്പമുണ്ടായിരുന്ന ഒരാള്‍ രക്ഷപ്പെട്ടു. പ്രതികളില്‍ നിന്ന് രണ്ട് തോക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ച രാവിലെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വില്ല വളഞ്ഞ പൊലീസുകാര്‍ക്കു നേരെ ഗുണ്ടാ സംഘം പന്നിപ്പടക്കം എറിഞ്ഞ് ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ പരുക്കേറ്റ നാലു പൊലീസുകാരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിറ്റി പൊലീസ് കമ്മിഷണര്‍ എ.പി ഷൗക്കത്തലി ആശുപത്രിയിലെത്തി പരുക്കേറ്റ പൊലീസുകാരെ സന്ദര്‍ശിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം മാവൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതികളെ തുടര്‍നടപടികള്‍ക്കായി ഒറ്റപ്പാലം അന്വേഷണ സംഘത്തിന് കൈമാറും.

ജിദ്ദ നാഷനല്‍ ഹോസ്പിറ്റല്‍, റയാന്‍ മെഡിക്കല്‍ ഗ്രൂപ്പ് എന്നിവയുടെ എംഡിയും മലപ്പുറം വണ്ടൂര്‍ പൂങ്ങോട് സ്വദേശിയുമായ വി.പി മുഹമ്മദ് അലിയെ കഴിഞ്ഞ ഡിസംബര്‍ ആറിനാണ് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയത്. കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ പാലക്കാട് ചാലിശ്ശേരിയില്‍ വച്ച് കാര്‍ തടഞ്ഞുനിര്‍ത്തി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് ഇയാളെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് 70 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട സംഘം, മുഹമ്മദ് അലിയെ ഒറ്റപ്പാലം കോതകുറിശ്ശിയിലെ രഹസ്യത്താവളത്തില്‍ എത്തിക്കുകയായിരുന്നു.

അക്രമിസംഘം മദ്യലഹരിയില്‍ ബോധരഹിതരായ സമയം നോക്കി തന്ത്രപരമായി രക്ഷപ്പെട്ട മുഹമ്മദ് അലിയെ നാട്ടുകാരാണ് പൊലീസിലേല്‍പ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇയാള്‍ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ദിവസങ്ങളോളം ചികിത്സയിലായിരുന്നു.

ജനുവരി 9-ന് ഒറ്റപ്പാലം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 12 അംഗ ക്വട്ടേഷന്‍ സംഘത്തെ കേന്ദ്രീകരിച്ചാണ് ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചത്. ആദ്യ പ്രതിയുടെ ചോദ്യം ചെയ്യലില്‍ നിന്നാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. മുഹമ്മദ് അലിയുടെ സ്ഥാപനങ്ങളില്‍ ചുമതലക്കാരനായിരുന്ന പിതാവിന്റെ സഹോദര പുത്രന്‍ സിയാസിനെ (54) ചുമതലകളില്‍ നിന്ന് ഒഴിവാക്കിയതിലുള്ള വൈരാഗ്യമാണ് ക്വട്ടേഷന് വഴിതെളിച്ചത്.

തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ച സിയാസിനെ പിന്നീട് മലപ്പുറം എടവണ്ണയില്‍ നിന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. സിയാസിന്റെ നിര്‍ദേശപ്രകാരം കാസര്‍കോട് സ്വദേശി റഫീഖാണ് ഖത്തറില്‍ ഇരുന്ന് നാല് ക്വട്ടേഷന്‍ സംഘങ്ങളെ ഏകോപിപ്പിച്ചത്. ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്താനുള്ള നടപടികളിലാണ് പൊലീസ്.

കേസില്‍ മുഖ്യസൂത്രധാരനായ മലപ്പുറം പൂങ്ങോട് സ്വദേശി നിസാം ഉള്‍പ്പെടെ ഇരുപതോളം പേരാണ് ഇതുവരെ പിടിയിലായത്. കുറ്റകൃത്യം ഏകോപിപ്പിച്ച മുഹമ്മദ് നിസാം (35), പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയ അബ്ദുല്‍ മനാഫ് (46) എന്നിവരെ മെയില്‍ ഒറ്റപ്പാലത്തു വച്ച് പിടികൂടിയിരുന്നു. പിടിയിലായ ആട് ഷമീര്‍ മുന്‍പും പൊലീസിനെ ആക്രമിച്ച കേസില്‍ പ്രതിയാണ്. പ്രവാസി മലയാളികളെ തട്ടിക്കൊണ്ടുപോകല്‍, സ്വര്‍ണം തട്ടിയെടുക്കല്‍ തുടങ്ങി മുപ്പതോളം കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam