തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതന് ആറുമാസത്തെ അവധി അനുവദിച്ച് തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ. രണ്ട് സ്വതന്ത്ര കൗൺസിലർമാരുടെ പിന്തുണയോടെയാണ് പ്രമേയം പാസായതെന്ന് മേയർ വി.വി. രാജേഷ് അറിയിച്ചു. ആകെ 51 അംഗങ്ങൾ അവധിക്ക് അനുകൂലമായി വോട്ട് ചെയ്തതായും, മുനിസിപ്പൽ നിയമപ്രകാരം കൗൺസിലർക്ക് ആറുമാസം വരെ അവധി അനുവദിക്കാമെന്നുമാണ് മേയറുടെ വിശദീകരണം.
പ്രമേയത്തിന് പിന്തുണ നൽകിയവരിൽ കോൺഗ്രസ് വിമത കൗൺസിലർ സുധീഷും ഉൾപ്പെട്ടു. സുഗതനെതിരായ നടപടി രാഷ്ട്രീയപ്രേരിതമാണെന്നാണ് തന്റെ വിലയിരുത്തലെന്ന് അദ്ദേഹം പ്രതികരിച്ചു. കേസിൽ പ്രതിയായെന്ന കാരണത്താൽ ഒരാളെ പൂർണമായി ഒറ്റപ്പെടുത്താൻ പാടില്ലെന്നും, വ്യക്തിപരമായ ബന്ധവും സാഹചര്യങ്ങളും പരിഗണിച്ചാണ് പിന്തുണ നൽകിയതെന്നും സുധീഷ് പറഞ്ഞു.
അതേസമയം, സുഗതന് അവധി അനുവദിച്ച തീരുമാനത്തിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പ്ലക്കാർഡുകൾ ഉയർത്തിയും മുദ്രാവാക്യങ്ങൾ മുഴക്കിയും കൗൺസിൽ യോഗത്തിൽ പ്രതിഷേധം രേഖപ്പെടുത്തി. സുഗതന് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അവധി അനുവദിച്ചതെന്ന് കോൺഗ്രസ് കൗൺസിലർ കെ.എസ്. ശബരീനാഥൻ ചോദിച്ചു. തീരുമാനം നിയമപരമായി ചോദ്യം ചെയ്യുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു. തുടർന്ന് കോർപ്പറേഷൻ സെക്രട്ടറിക്കും യുഡിഎഫ് പരാതി നൽകി.
സിപിഐഎം കൗൺസിലർ എസ്.പി. ദീപകും നടപടിയെ വിമർശിച്ചു. മേയറുടെ തീരുമാനം ജനാധിപത്യവിരുദ്ധമാണെന്നും, വിഷയത്തിൽ കോർപ്പറേഷൻ സെക്രട്ടറിക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. കൗൺസിലിൽ ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യാതെ വിവാദ തീരുമാനങ്ങൾ മുന്നോട്ടുകൊണ്ടുപോകുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ മേയർ വി.വി. രാജേഷ് തള്ളി. വസ്തുതകൾ കേൾക്കാൻ പ്രതിപക്ഷം തയ്യാറാകുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഈ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്നാൽ അംഗത്വം നഷ്ടപ്പെടുമെന്ന ആശങ്ക സുഗതന് ഉണ്ടായിരുന്നതായും, അതുകൊണ്ടാണ് അവധി അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വിയ്യൂർ ജയിലിൽ കഴിയുന്ന സുഗതൻ പരോളിന് അപേക്ഷ നൽകിയിരുന്നുവെന്നും, കൗൺസിലറുടെ സ്ഥാനം സംരക്ഷിക്കുന്നതിന് നിയമപരമായ മാർഗം അവധിയാണെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെന്നും മേയർ കൂട്ടിച്ചേർത്തു. ആഭ്യന്തരവകുപ്പിന്റെ സർക്കുലറിന്റെ അടിസ്ഥാനത്തിലാണ് കൗൺസിൽ തീരുമാനം എടുത്തതെന്നും, അവധി പ്രമേയം പാസായതോടെ കൗൺസിലർ സ്ഥാനം നിയമപരമായി തുടരുമെന്നുമാണ് മേയറുടെ വിശദീകരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
