കോഴിക്കോട്: യുഡിഎഫ് സർക്കാരിന് മുന്നറിയിപ്പുമായി സമസ്ത മുഖപത്രം സുപ്രഭാതം എഡിറ്റോറിയൽ. ഭരണത്തിന്റെ ആദ്യ നാളുകളിൽ തന്നെ ജനമനസിൽ രൂപപ്പെട്ട പ്രതിച്ഛായയെ കുറിച്ച് യുഡിഎഫ് ആത്മപരിശോധന നടത്തണമെന്ന് സമസ്ത ചൂണ്ടിക്കാട്ടുന്നു.
തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ കനത്ത ക്ഷീണത്തിന്റെ പശ്ചാത്തലത്തിലാണ് സമസ്തയുടെ മുന്നറിയിപ്പ്. യുഡിഎഫിന് സിറ്റിങ് സീറ്റുകൾ നഷ്ടപ്പെട്ടു എന്നുമാത്രമല്ല ജയിച്ചിടത്തും തോറ്റിടത്തും വോട്ട് ഗണ്യമായി കുറയുകയും ചെയ്തു. സ്വകാര്യ സൗകര്യങ്ങൾ ഉപയോഗിക്കുന്ന കാര്യത്തിൽ കൂടുതൽ സുതാര്യത സർക്കാരിന് ഉണ്ടാകണം. നയപരമായ മാറ്റങ്ങളിൽ വ്യക്തത വേണമെന്നും സമസ്ത മുന്നറിയിപ്പ് നൽകുന്നു. മാധ്യമങ്ങളോടും വിമർശകരോടും കൂടുതൽ ജനാധിപത്യപരമായ സമീപനം സ്വീകരിക്കണം. അധികാരവും സ്വകാര്യ താൽപര്യങ്ങളും തമ്മിലുള്ള അതിരുകൾ കർശനമായി പാലിക്കണം. ഭരണത്തെ കൂടുതൽ ശക്തമാക്കാനുള്ള നിർദ്ദേശമാണ് സമസ്ത നൽകുന്നത് എന്നും എഡിറ്റോറിയൽ വിശദീകരിക്കുന്നുണ്ട്.
22 സിറ്റിങ് സീറ്റുകളുമായി ഇറങ്ങിയ യുഡിഎഫിന് മൂന്ന് സീറ്റുകൾ നഷ്ടമായി. ചിറയിൻകീഴിലെ കയ്യാങ്കളി വിവാദം അവിടങ്ങളിലെ തോൽവിക്ക് കാരണമായെന്നും സമസ്ത വിശദീകരിക്കുന്നുണ്ട്. തദ്ദേശ സ്ഥാപന വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ ജനപിന്തുണ അളക്കാൻ പര്യാപ്തമല്ലെങ്കിലും തെരഞ്ഞടുപ്പ് ഫലം നൽകുന്ന രാഷ്ട്രീയ സന്ദേശം അവഗണിക്കുന്നത് ശരിയല്ലെന്നാണ് സമസ്തയുടെ നിലപാട്.
നാല് മാസം കൊണ്ട് സർക്കാരിന് എങ്ങനെ തിളക്കം നഷ്ടമായി ? ഉയർന്നു വന്ന വിവാദങ്ങളിൽ വ്യക്തവും സ്വീകാര്യവുമായ വിശദീകരണം നൽകാൻ സർക്കാരിന് കഴിഞ്ഞോ ? എന്ന ഗൗരവമായ ചോദ്യങ്ങളും സമസ്ത മുന്നോട്ട് വെക്കുന്നു.
സാധാരണക്കാരെ ഇത് ആശയക്കുഴപ്പത്തിലാക്കിയെങ്കിൽ കുറ്റം പറയാനാകില്ല. സർക്കാരിനെ ചുറ്റിപ്പറ്റി ഉണ്ടായത് വലിയ വിവാദങ്ങളാണ്. ഇത് സർക്കാരിന്റെ സുതാര്യതയെ കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചു. അധികാര സ്ഥാനത്ത് ഇരിക്കുന്നവർ സ്വകാര്യ സൗകര്യങ്ങൾ സ്വീകരിക്കുമ്പോൾ പാലിക്കേണ്ട സുതാര്യത സംബന്ധിച്ച ചോദ്യങ്ങളും നിലനിൽക്കുന്നു എന്നും എഡിറ്റോറിയലിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ജനങ്ങൾ നൽകുന്ന പിന്തുണ അധികാരത്തിന്റെ സ്ഥിരം അവകാശമല്ല. വിവാദങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളണം. ജനവിധിയിലെ ചെറിയ മാറ്റങ്ങൾ പലപ്പോഴും വലിയ രാഷ്ട്രീയ മുന്നറിയിപ്പുകളുടെ തുടക്കമാകാറുണ്ടെന്നാണ് എഡിറ്റോറിയൽ ചൂണ്ടിക്കാട്ടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
