തിരുവനന്തപുരം: ഓണച്ചന്ത സജീവമാകാനിരിക്കെ തെക്കൻ കേരളത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന ജയ, സുരേഖ അരി ഇനങ്ങളുടെ ലഭ്യത കുറഞ്ഞതോടെ വിലവർധന ആശങ്കയാകുന്നു. ഓണവിപണിയെ ലക്ഷ്യമിട്ട് ചില മൊത്തവ്യാപാരികൾ അരി ശേഖരിച്ചുവെക്കുന്നതായി ഏജന്റുമാർ ആരോപിക്കുന്നു. വിപണിയിൽ വില നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് വ്യാപാരികളും ആവശ്യപ്പെടുന്നു.
കേരളത്തിലെ ഓണവിപണിക്കായുള്ള അരി ശേഖരണം സാധാരണയായി ഓഗസ്റ്റ് ആദ്യവാരത്തിലാണ് ആരംഭിക്കുന്നത്. തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്നാണ് സംസ്ഥാനത്തേക്ക് ആവശ്യമായ അരിയുടെ ഭൂരിഭാഗവും എത്തുന്നത്. കേരളത്തിലെ അരി ആവശ്യത്തിന്റെ ഏകദേശം 80 ശതമാനവും ഈ സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇതിനിടെ ആന്ധ്രയിൽ നിന്നുള്ള ജയ, സുരേഖ ഇനങ്ങൾക്ക് ഇതിനകം വില ഉയർന്നതായി വ്യാപാരികൾ പറയുന്നു.
സംസ്ഥാനത്ത് വ്യാപകമായി ഉപയോഗിക്കുന്ന മട്ടവടി അരിയുടെയും വില അടുത്ത ദിവസങ്ങളിൽ ഉയർന്നു. കിലോയ്ക്ക് ഏകദേശം ആറു രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 40 രൂപയിലുണ്ടായിരുന്ന വില 46 രൂപയിലേക്കാണ് എത്തിയിരിക്കുന്നത്. ഓണസീസണോടെ ഇത് 50 രൂപ കടക്കാനിടയുണ്ടെന്നാണ് വിപണി വിലയിരുത്തൽ.
വിവാഹസദ്യകൾക്കും കാറ്ററിംഗ് ആവശ്യങ്ങൾക്കും ജയ, സുരേഖ ഇനങ്ങളാണ് കൂടുതലായി ഉപയോഗിക്കുന്നത്. അതിനാൽ ഓണക്കാലത്ത് ഈ ഇനങ്ങൾക്ക് ആവശ്യകത വർധിക്കുകയും വിലയിൽ കൂടുതൽ സമ്മർദ്ദം ഉണ്ടാകുകയും ചെയ്യുമെന്നാണ് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. തൃശൂരിൽ നിന്ന് തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ ഈ അരി ഇനങ്ങൾക്കാണ് കൂടുതൽ പ്രിയമുള്ളത്.
അതേസമയം, കേരളത്തെ ലക്ഷ്യമിട്ട് അരി പൂഴ്ത്തിവയ്ക്കുകയാണെന്ന ആരോപണം മറ്റ് സംസ്ഥാനങ്ങളിലെ വ്യാപാരികൾ തള്ളിക്കളയുന്നു. ആന്ധ്രപ്രദേശിലും തെലങ്കാനയിലും അനുഭവപ്പെട്ട മഴക്കുറവും ജലക്ഷാമവും മൂലമുള്ള ഉൽപ്പാദനക്കുറവാണ് വിലവർധനയ്ക്ക് പ്രധാന കാരണമെന്നാണ് അവരുടെ വിശദീകരണം. ഓണച്ചന്ത അടുത്തുവരുന്നതിനാൽ വിപണിയിലെ സ്ഥിതിഗതികൾ സർക്കാർ നിരന്തരം നിരീക്ഷിക്കണമെന്ന ആവശ്യവും വിവിധ മേഖലകളിൽ നിന്ന് ഉയരുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
