തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും എംഎൽഎയും മരുമകനുമായ മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വസതിയിലും നടന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന പൂർത്തിയായി.
ഇതിനിടെ, തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷനിലെ പിണറായി വിജയന്റെ വീടിന് മുന്നിൽ സിപിഐഎം പ്രവർത്തകരുടെ പ്രതിഷേധം ശക്തമായി. ഇഡി ഉദ്യോഗസ്ഥർ പുറത്തേക്കിറങ്ങുന്നതിനിടെ പ്രവർത്തകർ കൂവിവിളിച്ച് പ്രതിഷേധിക്കുകയും, ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങളുടെ ചില്ലുകൾ അടിച്ചുതകർത്തതായും റിപ്പോർട്ടുണ്ട്.
അതേസമയം, കണ്ണൂരിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിന്ന് യാതൊരു രേഖകളും പിടിച്ചെടുത്തിട്ടില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചതായി സിപിഐഎം നേതാവ് എം.വി. ജയരാജൻ പറഞ്ഞു. വീട്ടുകാർ സ്ഥലത്തില്ലാത്തതിനാൽ പരിശോധന സംബന്ധിച്ച രേഖയിൽ എം.വി. ജയരാജനാണ് ഒപ്പുവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ പ്രതികരിച്ച മുഹമ്മദ് റിയാസ് എംഎൽഎ, ഇത് രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന വേട്ടയാടലാണെന്ന് ആരോപിച്ചു. “ഇഡിയല്ല, അതിനേക്കാൾ വലിയ ഏത് ഏജൻസിയെത്തിയാലും പേടിയില്ല. സിപിഐഎമ്മിൽ പ്രവർത്തിക്കുമ്പോൾ ഇത്തരം സമ്മർദങ്ങൾ നേരിടേണ്ടി വരുമെന്ന് അറിയാമായിരുന്നു,” എന്ന് അദ്ദേഹം പറഞ്ഞു.
ഭീഷണികൾ കൊണ്ട് പിന്തിരിപ്പിക്കാനാകില്ലെന്നും, മതനിരപേക്ഷതയ്ക്കായുള്ള പോരാട്ടം തുടരുമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു. കോഴിക്കോട് വീട്ടിലെത്തിയ ശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
