തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷപദത്തിലേക്ക് തന്നെ പരിഗണിക്കണമെന്ന ശക്തമായ ആവശ്യവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി രംഗത്ത്. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം കോൺഗ്രസ് ഹൈക്കമാൻഡിനെ ഔദ്യോഗികമായി സമീപിച്ചു.
വെറും ജാതി സമവാക്യങ്ങൾ മാത്രം നോക്കി കെ.പി.സി.സി അധ്യക്ഷനെ തീരുമാനിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും, പകരം 1978 മുതലുള്ള തന്റെ ദീർഘകാലത്തെ പ്രവർത്തന പാരമ്പര്യം കണക്കിലെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തെ തകർത്തത് അമിതമായ ഗ്രൂപ്പ് മത്സരങ്ങളാണെന്ന് ഉണ്ണിത്താൻ ചൂണ്ടിക്കാണിച്ചു. ഒരു കാലത്ത് താൻ കെ. കരുണാകരൻ ഗ്രൂപ്പിന്റെ ഔദ്യോഗിക വക്താവായിരുന്നുവെന്നും ആ ഗ്രൂപ്പ് ആർക്കുവേണ്ടിയായിരുന്നുവെന്ന് തനിക്ക് നന്നായി അറിയാമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇനി ഒരു ഗ്രൂപ്പിന്റെയും പരിഗണനയോ പിന്തുണയോ തനിക്ക് ആവശ്യമില്ലെന്നും ഒരു ഗ്രൂപ്പിന് വേണ്ടിയും താൻ നിലകൊള്ളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിൽ ഉയർന്നുവന്നിട്ടുള്ള പേരുകളിൽ പൈതൃകം, പാരമ്പര്യം, പ്രവർത്തന മികവ്, കഴിവ് എന്നിവ കൃത്യമായ അളവുകോൽ വെച്ച് പരിശോധിച്ചാൽ ആ സ്ഥാനത്തുനിന്ന് തന്നെ മാറ്റിനിർത്താൻ ആർക്കും കഴിയില്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ അവകാശപ്പെട്ടു.
സി.എം. സ്റ്റീഫൻ കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും മികച്ച പ്രാസംഗികൻ താനായിരുന്നുവെന്നും, അഞ്ചും ആറും തവണ താൻ പ്രസംഗിക്കാത്ത ഒരു പഞ്ചായത്ത് പോലും കേരളത്തിലില്ലെന്നും തന്റെ പ്രസംഗ ചാതുരിയെ മുൻനിർത്തി അദ്ദേഹം കൂട്ടിച്ചേർത്തു. കെ.പി.സി.സി നേതൃമാറ്റ ചർച്ചകൾ സജീവമായിരിക്കുന്ന ഘട്ടത്തിൽ ഉണ്ണിത്താന്റെ ഈ പരസ്യമായ അവകാശവാദം കോൺഗ്രസിനുള്ളിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
