തിരുവനന്തപുരം: ഗതാഗത മന്ത്രിയുടെ കാസർഗോഡ് സന്ദർശനത്തിനായി ഉപയോഗിച്ച വാഹനത്തിന് ആവശ്യമായ രേഖകളില്ലെന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് മോട്ടോർ വാഹന വകുപ്പ് (എംവിഡി) അറിയിച്ചു.
മന്ത്രിയുടെ യാത്രയ്ക്കായി ടൂറിസം വകുപ്പ് റെയിൽവേ സ്റ്റേഷനിൽ എത്തിച്ച വാഹനമാണ് വിവാദമായത്. എന്നാൽ വാഹനത്തിന് ഇൻഷുറൻസ് ഉൾപ്പെടെ എല്ലാ രേഖകളും നിയമാനുസൃതമായി നിലവിലുണ്ടെന്ന് എംവിഡി വ്യക്തമാക്കി.
കേരള സ്റ്റേറ്റ് ഇൻഷുറൻസ് ഡിപ്പാർട്ട്മെന്റിന്റെ ഇൻഷുറൻസ് പരിരക്ഷ വാഹനത്തിനുണ്ട്. 2025 മെയ് 18 മുതൽ 2027 മെയ് 17 വരെയാണ് ഇൻഷുറൻസിന്റെ കാലാവധി.
വാഹനത്തിന്റെ മലിനീകരണ സർട്ടിഫിക്കറ്റ് (പിയുസി) 2026 ജൂലൈ 6 വരെ മാത്രമായിരുന്നു സാധുതയുണ്ടായിരുന്നത്. എന്നാൽ അതിന്റെ കാലാവധി അവസാനിച്ച തൊട്ടടുത്ത ദിവസം തന്നെ, 2026 ജൂലൈ 7 മുതൽ സർട്ടിഫിക്കറ്റ് പുതുക്കിയതായും വകുപ്പ് അറിയിച്ചു.
കേരള സ്റ്റേറ്റ് ഇൻഷുറൻസ് ഡിപ്പാർട്ട്മെന്റിന്റെ ഇൻഷുറൻസ് വിവരങ്ങൾ കേന്ദ്ര സർക്കാരിന്റെ പരിവാഹൻ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യുന്നതിൽ ചിലപ്പോൾ സാങ്കേതിക കാലതാമസം നേരിടാറുണ്ടെന്നും അതാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്നും എംവിഡി വിശദീകരിച്ചു.
വസ്തുതകൾ പരിശോധിക്കാതെയും സ്ഥിരീകരിക്കാതെയും അടിസ്ഥാനരഹിതമായ വാർത്തകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്ന് മോട്ടോർ വാഹന വകുപ്പ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. വാർത്തകൾ പങ്കുവയ്ക്കുന്നതിന് മുമ്പ് അവയുടെ യാഥാർഥ്യം ഉറപ്പാക്കണമെന്നും വകുപ്പ് നിർദേശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
