തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ഉൾപ്പെടെ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലൊഴികെ മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വയനാട്ടിൽ രാവിലെ മുതൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്. വടക്കൻ കേരളത്തിൽ മഴ അടുത്ത ദിവസങ്ങളിലും ശക്തമാകുമെന്നും നാളെയും കനത്ത മഴ ലഭിക്കുമെന്നുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 24 മണിക്കൂറിനിടെ 204 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിച്ചതും ന്യൂനമർദ പാത്തി സജീവമായിരിക്കുന്നതുമാണ് മഴ ശക്തമാകാൻ പ്രധാന കാരണമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഇതിന്റെ പശ്ചാത്തലത്തിൽ കാസർഗോഡ് മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ പ്രത്യേക ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, വയനാട് കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ സ്വാഭാവികമായ മണ്ണിടിച്ചിലല്ലെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) ഡയറക്ടർ നിതാ കെ. ഗോപാൽ വ്യക്തമാക്കി. ജില്ലയിൽ മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നും യെല്ലോ അലർട്ടിന് അനുസൃതമായ സാഹചര്യമാണ് വയനാട്ടിലുണ്ടായിരുന്നതെന്നും അവർ പറഞ്ഞു. എന്നാൽ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ മഴ ചില പ്രദേശങ്ങളിൽ രേഖപ്പെടുത്തിയതായും അവർ വ്യക്തമാക്കി.
"മഴ ലഭിച്ചതുകൊണ്ട് മാത്രം മണ്ണിടിച്ചിൽ ഉണ്ടാകണമെന്നില്ല. കഴിഞ്ഞ ദിവസം ഏകദേശം 12 സെന്റിമീറ്റർ മഴയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ചില ഒറ്റപ്പെട്ട മേഖലകളിൽ അതിലും കൂടുതൽ മഴ ലഭിച്ചു. മേപ്പാടിയിൽ സംഭവിച്ചത് സ്വാഭാവിക മണ്ണിടിച്ചിലല്ല. മലയോര മേഖലകളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്നും വടക്കൻ ജില്ലകളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും" നിതാ കെ. ഗോപാൽ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
