തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി സംസ്ഥാന ബിജെപിക്ക് കേന്ദ്ര നേതൃത്വം അനുവദിച്ച ഫണ്ടിൽ വ്യാപക ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ അച്ചടക്ക നടപടി സ്വീകരിച്ചുവെന്ന വാർത്ത നിഷേധിക്കാതെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പാർട്ടിക്കുള്ളിലെ അച്ചടക്ക നടപടികൾ പൊതുസമൂഹത്തെ അറിയിക്കേണ്ട കാര്യമല്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
അതേസമയം, അച്ചടക്ക നടപടി സ്വീകരിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന സർക്കുലർ വ്യാജമാണെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
ഇതിനിടെ, തിരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ട് മൂന്ന് ബിജെപി നേതാക്കൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
നിയമസഭാ തിരഞ്ഞെടുപ്പിനായി കേന്ദ്ര നേതൃത്വം അനുവദിച്ച ഫണ്ടിന്റെ വിനിയോഗത്തിൽ വൻതോതിൽ ക്രമക്കേടുകൾ നടന്നതായി നേരത്തെ ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. പാർട്ടി കൊടി, തിരഞ്ഞെടുപ്പ് ചിഹ്നം വിതരണം, സോഷ്യൽ മീഡിയ പ്രചാരണം, പ്രചാരണ സംവിധാനങ്ങൾ എന്നിവയുടെ പേരിൽ നേതാക്കൾ കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്നാണ് കേന്ദ്ര നേതൃത്വം നിയോഗിച്ച ഓഡിറ്റിങ് സംഘം കണ്ടെത്തിയത്.
കേന്ദ്ര നേതൃത്വം സൗജന്യമായി നൽകിയ പാർട്ടി കൊടിയും ചിഹ്നവും വിതരണം ചെയ്തതിന്റെ പേരിൽ തിരുവനന്തപുരത്തെ ഒരു വനിതാ നേതാവ് കോടികൾ തട്ടിയെടുത്തതായും റിപ്പോർട്ടിലുണ്ട്. തിരുവനന്തപുരത്തെ മറ്റൊരു നേതാവ് തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ സഹകരണ ബാങ്കിലുണ്ടായിരുന്ന 40 ലക്ഷം രൂപയുടെ വായ്പ അടച്ചുതീർത്തതായും കണ്ടെത്തിയിട്ടുണ്ട്.
സോഷ്യൽ മീഡിയ പ്രചാരണത്തിന്റെ ചുമതല വഹിച്ചിരുന്ന ഒരാൾ 17 ലക്ഷം രൂപ വിലവരുന്ന കാർ പൂർണമായും പണമായി വാങ്ങിയതായും അന്വേഷണത്തിൽ കണ്ടെത്തി. ഇതിന് വിശദീകരണമായി ഏലം വിറ്റാണ് കാർ വാങ്ങിയതെന്നാണ് അദ്ദേഹം അറിയിച്ചതെന്നാണ് റിപ്പോർട്ട്.
ദേശീയ നേതാക്കളുടെയും താരപ്രചാരകരുടെയും സന്ദർശനവുമായി ബന്ധപ്പെട്ട ഹോട്ടൽ ബുക്കിങ്, താമസ സൗകര്യങ്ങൾ ഒരുക്കൽ എന്നിവയുടെ പേരിലും വൻതുക തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, 100 മണിക്കൂർ ഉപയോഗിക്കാനെന്ന പേരിൽ ഹെലികോപ്റ്റർ വാടകയ്ക്കെടുത്തതിലും സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപണമുണ്ട്.
ഡ്രോൺ ഷോ സംഘടിപ്പിക്കുമെന്ന പേരിലും പാർട്ടി നേതാക്കളുടെ പോഡ്കാസ്റ്റ് നിർമ്മിക്കുമെന്ന പേരിലും ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചതായി രേഖപ്പെടുത്തിയെങ്കിലും അതിൽ വ്യാപക ക്രമക്കേടുണ്ടായെന്നാണ് ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
