കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന ഒന്നാം പ്രതി പൾസർ സുനിയുടെ ഹർജി ഹൈക്കോടതി ഇടക്കാല ഉത്തരവിനായി മാറ്റി. ഹർജിയിൽ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദങ്ങൾ വിശദമായി കേട്ട ശേഷമാണ് കോടതി തീരുമാനം പിന്നീട് പ്രഖ്യാപിക്കാനായി മാറ്റിയത്.
വിചാരണക്കോടതി വിധിക്ക് പിന്നാലെ ശിക്ഷയുടെ ഭൂരിഭാഗവും അനുഭവിച്ച സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്ന് പൾസർ സുനിയുടെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. ഏകദേശം എട്ടര വർഷമായി സുനി ജയിലിലാണെന്നും, ജാമ്യം അനുവദിച്ചാലും സർക്കാരിന്റെ അപ്പീലിന്റെ പരിഗണനയ്ക്ക് അത് തടസമാകില്ലെന്നും പ്രതിഭാഗം വാദിച്ചു.
എന്നാൽ ഈ ആവശ്യം പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. പ്രതികളുടെ ശിക്ഷ മരവിപ്പിക്കരുതെന്നും ശിക്ഷ വർധിപ്പിക്കണമെന്ന ആവശ്യവുമായി സർക്കാർ നൽകിയ അപ്പീൽ നിലവിൽ കോടതിയുടെ പരിഗണനയിലാണെന്നും പ്രോസിക്യൂഷൻ അറിയിച്ചു.
പൾസർ സുനി ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട വ്യക്തിയാണെന്നും ജാമ്യത്തിൽ പുറത്തിറങ്ങിയാൽ കേസുമായി ബന്ധപ്പെട്ട നിർണായക തെളിവുകളായ വീഡിയോ ദൃശ്യങ്ങൾ പുറത്തുവരാനുള്ള സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രതി ഒളിവിൽ പോകാനും സാധ്യതയുള്ളതിനാൽ ജാമ്യം അനുവദിക്കരുതെന്നും സർക്കാർ ആവശ്യപ്പെട്ടു.
സുപ്രീംകോടതി നേരത്തെ ജാമ്യം അനുവദിച്ചതിന് ശേഷം ഒരു മാസം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ മറ്റൊരു കേസിലും ഇയാൾ പ്രതിയായിരുന്നുവെന്നും, സ്ഥിരം കുറ്റവാളിയായതിനാൽ ജാമ്യത്തിന് അർഹതയില്ലെന്നുമാണ് സർക്കാരിന്റെ വാദം.
അതേസമയം, നടന്നത് അതീവ ഗുരുതരമായ കുറ്റകൃത്യമാണെന്നും ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് വിചാരണക്കോടതി കണ്ടെത്തിയ സാഹചര്യത്തിൽ ശിക്ഷ മരവിപ്പിക്കുന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം കുറച്ചുകാണിക്കുന്ന സന്ദേശം നൽകുമെന്നും അതിജീവിതയുടെ ഭാഗത്തുനിന്നും കോടതിയിൽ വാദമുയർന്നു.
ഇരുവിഭാഗങ്ങളുടെയും വാദങ്ങൾ കേട്ട ഹൈക്കോടതി ഹർജിയിലെ ഇടക്കാല ഉത്തരവ് പിന്നീട് പ്രഖ്യാപിക്കാനായി മാറ്റി. അതിജീവിതയ്ക്ക് വേണ്ടി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവറാണ് ഹാജരായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
