മുംബൈ: 11 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവുമായി മുൻ മിസിസ് കേരള മത്സരാർത്ഥി മുംബൈ വിമാനത്താവളത്തിൽ പിടിയിലായതായി റിപ്പോർട്ട്. 28-കാരിയായ ഹർഷ സണ്ണിയെയാണ് കസ്റ്റംസ് അധികൃതർ അറസ്റ്റ് ചെയ്തത്.
തായ്‌ലൻഡിലെ ബാങ്കോക്കിൽ നിന്ന് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഹർഷ സണ്ണി പിടിയിലായത്. ജൂൺ 10-ന് അർധരാത്രിയോടെ എയർ ഇന്ത്യ വിമാനത്തിലാണ് യുവതി മുംബൈയിലെത്തിയത്.
യുവതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് എയർ ഇന്റലിജൻസ് യൂണിറ്റും കസ്റ്റംസ് ഉദ്യോഗസ്ഥരും ചേർന്ന് വിശദമായ പരിശോധന നടത്തി. ട്രോളി ബാഗിൽ നടത്തിയ പരിശോധനയിൽ 12 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന പച്ചനിറത്തിലുള്ള മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു.
വിമാനത്താവളത്തിൽ നടത്തിയ പ്രാഥമിക രാസപരിശോധനയിൽ ഇത് ഹൈഡ്രോപോണിക് കഞ്ചാവാണെന്ന് സ്ഥിരീകരിച്ചു. പിടിച്ചെടുത്ത മയക്കുമരുന്നിന് ഏകദേശം 11.82 കോടി രൂപ വിലവരുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്.
ചോദ്യംചെയ്യലിനിടെ, പരിചയമില്ലാത്ത ഒരു യാത്രക്കാരനാണ് ബാഗ് കൈമാറിയതെന്നും പിന്നീട് അയാളെ കണ്ടെത്താനായില്ലെന്നുമാണ് ഹർഷ സണ്ണി മൊഴി നൽകിയതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ വിശദീകരണം അന്വേഷണ ഉദ്യോഗസ്ഥർ പൂർണമായി അംഗീകരിച്ചിട്ടില്ല.
എൻഡിപിഎസ് (NDPS) നിയമപ്രകാരം മയക്കുമരുന്ന് കടത്ത് കുറ്റം ചുമത്തി ഹർഷ സണ്ണിയെ അറസ്റ്റ് ചെയ്തു. തുടർന്ന് ഫോർട്ട് കോടതിയിൽ ഹാജരാക്കിയ യുവതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
പിടിച്ചെടുത്ത മയക്കുമരുന്ന് ആരിലേക്ക് എത്തിക്കാനായിരുന്നു പദ്ധതിയെന്നും, ഇതിന് പിന്നിൽ പ്രവർത്തിച്ച സംഘത്തെക്കുറിച്ചും കസ്റ്റംസ് ഉൾപ്പെടെയുള്ള ഏജൻസികൾ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. 2025-ലെ മിസിസ് കേരള മത്സരത്തിൽ പങ്കെടുത്ത വ്യക്തിയാണ് ഹർഷ സണ്ണി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
