മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മുൻ മാനേജറായിരുന്ന ദിഷ സാലിയന്റെ മരണത്തിൽ ശിവസേന യു.ബി.ടി നേതാവ് ആദിത്യ താക്കറെയ്ക്കും നടൻ ഡിനോ മോറിയയ്ക്കും പങ്കുണ്ടെന്ന് ആരോപിച്ച് പിതാവ് സതീഷ് സാലിയൻ.
നേരത്തെ ബി.ജെ.പി നേതാവ് നാരായൺ റാണെയും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. ദിഷ സാലിയന്റെ മരണവുമായി ബന്ധപ്പെട്ട് പുനരന്വേഷണം ആരംഭിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വെള്ളിയാഴ്ച സി.ബി.ഐ സതീഷ് സാലിയന്റെ മൊഴി രേഖപ്പെടുത്തി.
ഡി.എസ്.പി പുരൺ കുമാറിന്റെ നേതൃത്വത്തിലാണ് കേസിന്റെ നിലവിലെ അന്വേഷണം നടക്കുന്നത്. എന്നാൽ വിഷയത്തിൽ സി.ബി.ഐ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ദിഷയുടെ മരണവുമായി ബന്ധപ്പെട്ട മുഴുവൻ കേസ് രേഖകളും കൈമാറണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ നേരത്തെ മാൽവാണി പൊലീസിന് കത്തയച്ചിരുന്നു.
കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനും അന്വേഷണം സി.ബി.ഐക്ക് കൈമാറാനും ബോംബെ ഹൈക്കോടതി കഴിഞ്ഞ ആഴ്ച ഉത്തരവിട്ടിരുന്നു. അന്വേഷണത്തിന്റെ മേൽനോട്ടത്തിനായി മുതിർന്ന സി.ബി.ഐ ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.
2020 ജൂൺ 8നാണ് മുംബൈ മാലാഡിലെ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ ദിഷ സാലിയനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടക്കത്തിൽ മരണത്തിൽ ദുരൂഹതയില്ലെന്നും ആത്മഹത്യയാണെന്നുമായിരുന്നു മുംബൈ പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സതീഷ് സാലിയൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
