നരേന്ദ്രമോദിയുടെ ഏറ്റവും വലിയ ആഗ്രഹം കോൺഗ്രസ്സ് മുക്ത ഭാരതം സ്ഥാപിക്കുക എന്നതായിരുന്നു. കോൺഗ്രസ്സിൽ തന്നെ അദ്ദേഹത്തിനു ഏറ്റവും വലിയ ചതുർത്ഥിയായി അനുഭവപ്പെട്ടത് ഏതാണ്ട് അര നൂറ്റാണ്ടുമുമ്പ് അന്തരിച്ചുപോയ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവാണ്. നെഹ്‌റു മന്ത്രിസഭയിൽ അംഗമായ സർദാർ പട്ടേൽ അടക്കം ബാക്കി മിക്കവരെയും അദ്ദേഹത്തിനു പഥ്യമാണ്. എന്നാൽ നെഹ്‌റു ഒരു കല്ലുകടിയായി നിലകൊണ്ടു. അതിനാൽ നെഹ്‌റുവിന്റെ ഓർമ്മകൾ രാജ്യത്തിന്റെ പൊതുമനസ്സിൽ നിന്നും മായ്ച്ചുകളയാൻ എന്തൊക്കെ ചെയ്യാനാവുമോ, അതൊക്കെയും അദ്ദേഹം ചെയ്യുകയുമുണ്ടായി.
നെഹ്‌റുവിനെ മാത്രമല്ല, നെഹ്‌റു കുടുംബത്തെയും അദ്ദേഹത്തിനു വെറുപ്പാണ്. അവരുടെ തറവാട്ടു വീട് നിലകൊണ്ടത് ഉത്തർപ്രദേശിലെ അലഹബാദ് നഗരത്തിലായിരുന്നു. പുരാണപ്രസിദ്ധമാണ് ആ നഗരം. അവിടെയാണ് പന്ത്രണ്ടു വർഷത്തിലൊരിക്കൽ കുംഭമേള നടക്കുന്നത്. അവിടെയാണ് പുണ്യനദികളുടെ ത്രിവേണീസംഗമം. സഹസ്രാബ്ദങ്ങൾ പഴക്കമുള്ള അത്തരം ഓർമ്മകൾ നിറഞ്ഞുനിൽക്കുന്ന നഗരത്തിലാണ് ആനന്ദഭവനം എന്നറിയപ്പെട്ട രമ്യഹർമ്യത്തിൽ മോത്തിലാൽ നെഹ്‌റുവിന്റെ കാലം മുതൽ നെഹ്‌റു കടുംബം ജീവിച്ചുവന്നത്. അതിനാൽ ആനന്ദഭവനവും ലക്ഷക്കണക്കിനു തീർത്ഥാടകരുടെ സങ്കേതമായി. ഒരുപക്ഷേ അതുകൊണ്ടൊക്കെയാവാം, നെഹ്‌റു അദ്ദേഹത്തിന്റെ കാലശേഷവും ഇന്ത്യക്കാരുടെ മനസ്സിൽ ഒരു സജീവസാന്നിധ്യമായി നിലനിന്നത്.
നെഹ്‌റു മാത്രമല്ല, അദ്ദേഹത്തിന്റെ അനന്തര തലമുറകളും ഇന്ത്യയിൽ ജനമനസ്സുകളിൽ എന്നും സ്ഥാനംനേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മകൾ ഇന്ദിരാഗാന്ധിയും കൊച്ചുമകൻ രാജീവ് ഗാന്ധിയും പിന്നീട് രാജ്യത്തിന്റ പ്രധാനമന്ത്രിമാരായി സേവനമനുഷ്ടിച്ചു. രാജീവിന്റെ പത്‌നി സോണിയാ ഗാന്ധിയും മക്കൾ രാഹുലും പ്രിയങ്കയും ദേശീയ രാഷ്ട്രീയത്തിൽ അതീവ പ്രധാനമായ സ്ഥാനങ്ങൾ അലങ്കരിച്ചു.
എന്തുകൊണ്ടാണ് ഇങ്ങനെ ഒരു കുടുംബം ഇന്ത്യൻദേശീയ ജീവിതത്തിൽ അതീവ പ്രാധാന്യംനേടിയെടുത്തത്? കുടുംബവാഴ്ച രാഷ്ട്രീയത്തിലായാലും ബിസിനസ്സിലായാലും മറ്റു രംഗങ്ങളിലായാലും അതിനെ അധികമാരും സ്വാഗതം ചെയ്യാറില്ല. ഇന്ത്യയിൽ തന്നെ മറ്റു പല പ്രമുഖ കുടുംബങ്ങളിലും നേതാക്കളുടെ മക്കളെയും മരുമക്കളെയും സ്ഥാനമാനങ്ങളിൽ തിരുകിക്കേറ്റാനുള്ള നീക്കങ്ങളെ പൊതുവിൽ സമൂഹം വിപ്രതിപത്തിയോടെയാണ് കണ്ടിട്ടുള്ളത്. പലരെയും ജനങ്ങൾ ഓടിച്ചുവിട്ടിട്ടുമുണ്ട്.
നെഹ്‌റു കുടുംബവും ജനങ്ങളുടെ ശിക്ഷയ്ക്കു പലപ്പോഴും പാത്രമായിട്ടുണ്ട്. അടിയന്തിരാവസ്ഥ കഴിഞ്ഞുള്ള തെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ ഇന്ദിരതോറ്റത് ചരിത്ര പ്രസിദ്ധമാണ്. അവരെ തോൽപിച്ചതു രാജ് നാരായൺ എന്നൊരു സാദാ സോഷ്യലിസ്റ്റ് പ്രവർത്തകനായിരുന്നു. പിന്നീട് ഇന്ദിര റായ് ബറേലി മണ്ഡലവും രാജ്യത്തിന്റെ ഭരണവും തിരിച്ചുപിടിച്ചതും ചരിത്രം.
രാജീവും അത്തരം പ്രതിസന്ധികളെ നേരിടുകയുണ്ടായി. ഇന്ദിരയുടെ വധത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ അഭൂതപൂർവമായ വിജയമാണ് അദ്ദേഹം കൈവരിച്ചത്. അന്നു 404 സീറ്റു പിടിച്ച രാജീവാണു രാജ്യചരിത്രത്തിൽ ചാർ സൗ പർ പിന്തുണനേടിയെടുത്ത ഏകനേതാവ്. എന്നാൽ മൂന്നുവർഷത്തിനകം കാര്യങ്ങൾ മാറിമറിഞ്ഞു. പാർട്ടിയിലും ഭരണത്തിലും അത്യന്തം ഗുരുതരമായ പ്രതിസന്ധിയാണ് അദ്ദേഹംനേരിട്ടത്.
വി.പി അടക്കമുള്ള നേതാക്കൾ പലരും പാർട്ടി വിട്ടുപോയി. 1989ൽ തെരഞ്ഞെടുപ്പു നടന്നപ്പോൾ രാജീവും കോൺഗ്രസ്സും അധികാരത്തിൽ നിന്നും പുറത്തായി. പിന്നീട് 1991ൽ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് വീണ്ടും അധികാരത്തിൽ തിരിച്ചു വന്നതിനു ഒറ്റക്കാരണമേയുള്ളൂ. പ്രചാരണ പ്രവർത്തനത്തിനിടയിൽ തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരിൽ തമിഴ് തീവ്രവാദികൾ രാജീവ് ഗാന്ധിയെ ചാവേർ ആക്രമണത്തിൽ വധിച്ച സംഭവം. അങ്ങനെ 1984ലും 1991ലുംകോൺഗ്രസ്സ് വിജയംനേടിയത് നെഹ്‌റു കുടുംബത്തിലെ രണ്ടുനേതാക്കളുടെ ജീവത്യാഗത്തിന്റെ കൂടി ഫലമായാണ്.
അത്തരം കടുത്ത അനുഭവങ്ങളും മഹാത്യാഗങ്ങളുമാണ് യഥാർത്ഥത്തിൽ ഇന്ത്യൻ ജനതയെ നെഹ്‌റു കുടുംബവുമായി ആഴത്തിൽ ബന്ധിപ്പിക്കുന്ന കണ്ണി. രാജ്യത്തു മറ്റൊരു കുടുംബത്തിനും അങ്ങനെയൊരു പാരമ്പര്യം അവകാശപ്പെടാനില്ല. എന്നാൽ അത്തരം ഓർമകളും പാരമ്പര്യങ്ങളും കൊണ്ടുമാത്രം ഒരിക്കലും നെഹ്‌റു കുടുംബത്തിനോ കോൺഗ്രസ്സ് പാർട്ടിക്കോ വിജയംനേടാനായിട്ടുമില്ല. അതിന്റെ ഏറ്റവും വലിയ തെളിവ് 2019ൽ രാഹുൽ ഗാന്ധി അമേത്തിയിൽ തോറ്റുതൊപ്പിയിട്ട സംഭവമാണ്. അന്ന് രാഹുലിനെ തോൽപിച്ച സ്മൃതി ഇറാനിയെ ഇത്തവണ ജനങ്ങൾ ഓടിച്ചുവിട്ടു. ഇന്ത്യൻ രാഷ്ട്രീയത്തിൽ ആരുംചോദ്യം ചെയ്യപ്പെടാതെ അനുസ്യൂതം നിലകൊള്ളുന്നില്ല എന്നതിന് തെളിവാണത്.
നരേന്ദ്രമോദിയും ബി.ജെ.പിയും ഈയൊരു സുപ്രധാന രാഷ്ട്രീയപാഠമാണ് മറന്നുപോയത്. കോൺഗ്രസ്സ് ഭരണം മോശമായപ്പോൾ ജനങ്ങൾ അവരെ ഇറക്കിവിട്ടു ബി.ജെ.പിയെ അധികാരത്തിൽ കൊണ്ടുവന്നു എന്നത് സത്യമാണ്. എന്നാൽ അതിനർത്ഥം ജനങ്ങൾ പൂർണമായുംകോൺഗ്രസ്സിനെ മറന്നുവെന്നോ എല്ലാവരും ബി.ജെ.പിയുടെ വർഗീയ പ്രചാരണത്തിൽ മനംമയങ്ങിപ്പോയി എന്നോ ആയിരുന്നില്ല. മറിച്ചു തീർത്തും പ്രായോഗികബുദ്ധിയോടെയുള്ള പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായത്.
അഴിമതി വിമുക്തമായ സൽഭരണമാണ് അവർ അധികാരികളിൽ നിന്നും പ്രതീക്ഷിക്കുന്നത്. ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷിയുടെയോ നേതാവിന്റെയോ കുടുംബത്തിന്റെയോ മായിക സ്വാധീനത്തിൽ ജനങ്ങൾ കുടുങ്ങിപ്പോകുന്നില്ല. കാര്യങ്ങൾ അവതാളത്തിലാകുമ്പോൾ ഇന്നലെവരെ പിന്തുണച്ച പാർട്ടിയെയും നേതാവിനേയും കൈവിടാൻ ജനങ്ങൾക്ക് ഒരു മടിയുമില്ല.
എന്നാൽ മോദി കരുതിയത് അധികാരം തന്റെ കരങ്ങളിൽ സുരക്ഷിതമാണ് എന്നായിരുന്നു. താൻ ദിവ്യപുത്രനാണ് എന്നൊരു തോന്നൽപോലും കാലാന്തരത്തിൽ അദ്ദേഹത്തിന് ഉണ്ടായി. അതു ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയ വെറുപ്പും അപ്രീതിയും ചെറുതായിരുന്നില്ല എന്ന് തെരഞ്ഞെടുപ്പിലെ അനുഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നു. നെഹ്‌റു കുടുംബത്തിലെ അംഗങ്ങളെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമങ്ങൾ തിരിച്ചടിക്കും എന്ന് മുൻകാല അനുഭവങ്ങളിൽ നിന്നും അവർ പഠിക്കേണ്ടതായിരുന്നു. സോണിയാഗാന്ധിയെ ഇറ്റാലിയൻ മദാമ്മ എന്നു വിളിച്ചു അപമാനിച്ചതു ജനങ്ങൾ പൊറുത്തില്ല എന്ന അനുഭവം അവർക്കു മുന്നിലുണ്ട്.
അതേപോലെ രാഹുൽഗാന്ധിയെ കളിയാക്കാനും പപ്പുവെന്നു വിളിച്ചു അദ്ദേഹത്തെ കൊച്ചാക്കാനും നടത്തിയ ശ്രമങ്ങളും അമ്പേ പാളി. രാഹുൽ അതിനെ നേരിട്ടത് അതേ രീതിയിൽ വഷളൻ പ്രയോഗങ്ങൾ നടത്തിക്കൊണ്ടല്ല. മറിച്ചു താനാരാണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തനായി അദ്ദേഹം ജനങ്ങൾക്കിടയിലേക്കിറങ്ങി. കന്യാകുമാരി മുതൽ കാശ്മീരം വരെയും അരുണാചൽ മുതൽ ഗുജറാത്ത് വരെയും അദ്ദേഹം നടത്തിയ യാത്രകളിലൂടെ രാഹുൽ ജനഹൃദയങ്ങളിലേക്കാണ് ഇറങ്ങിയത്. അങ്ങനെയൊരാളെ പിടിച്ചു കെട്ടാൻ പ്രസംഗമണ്ഡപത്തിൽ നിന്നുള്ള വാചകമടി കൊണ്ടുമാത്രം മതിയാവില്ല എന്ന സത്യം മോദി വൈകിയാണ് മനസ്സിലാക്കിയത്.
മോദിയുടെ അതേ നയങ്ങളും രീതിയും തന്നെയാണ് കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പിന്തുടർന്നത്. അതിന്റെ ഫലവും വ്യത്യസ്തമായിരുന്നില്ല. ദേശീയതലത്തിൽ ബി.ജെ.പിയെകേവല ഭൂരിപക്ഷത്തിൽ നിന്നും താഴെ കൊണ്ടുവന്നു തളയ്ക്കുന്നതിൽ രാഹുൽ വിജയിച്ചു. കഴിഞ്ഞ ദിവസം ഉത്തരേന്ത്യയിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിലും ബി.ജെ.പിയെ പിന്തള്ളികോൺഗ്രസ്സ് തന്നെയാണ് മുന്നേറിയത്. കോൺഗ്രസ്സ് പാർട്ടി ഒരു തിരിച്ചുവരവിന്റെ പാതയിലാണ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കേരളത്തിലും സ്ഥിതി അതുതന്നെ.
അവിടെ മുഖ്യമന്ത്രിയുടെ പാർട്ടിക്ക് ഇത്തവണയും ഒരേയൊരു സീറ്റു കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അഹങ്കാരം ജനാധിപത്യ സമൂഹത്തിൽ അംഗീകരിക്കപ്പെടുകയില്ല എന്നതിന് വേറെ തെളിവ് അന്വേഷിക്കേണ്ടതില്ല. കോൺഗ്രസ്സ് മുക്ത ഭാരതവും കോൺഗ്രസ്സ് മുക്ത കേരളവും സംബന്ധിച്ച അവകാശവാദങ്ങൾ ചിലരുടെ ബാലചാപല്യങ്ങൾ മാത്രം എന്നുതന്നെയാണ് കരുതേണ്ടത്. ഏതെങ്കിലും ഒരു പാർട്ടിയെ അങ്ങനെ ഏകപക്ഷീയമായി തേച്ചുമായ്ച്ചു കളയാൻ രാജ്യത്തെ ജനങ്ങൾ അനുവദിക്കുന്ന ലക്ഷണമൊന്നും എവിടെയും കാണുന്നില്ല.
എൻ.പി. ചെക്കുട്ടി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്