ന്യൂഡെല്‍ഹി: 32 എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് പുതിയതായി ബോംബ് ഭീഷണി ലഭിച്ചു. വിമാനങ്ങളില്‍ പരിശോധന നടന്നു വരികയാണ്. മിക്ക വിമാനങ്ങളുടെയും ഭീഷണി വ്യാജമാണെന്നു കണ്ടെത്തിയതോടെ സര്‍വീസുകള്‍ നടത്താന്‍ അനുമതി ലഭിച്ചിട്ടുണ്ട്.
കൊല്‍ക്കത്തയിലേക്കും തിരിച്ചുമുള്ള ഏഴ് വിമാനങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ കഴിഞ്ഞ ദിവസം ബോംബ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. ഈ ഭീഷണികളും പിന്നീട് വ്യാജമാണെന്ന് കണ്ടെത്തി.
അടുത്തിടെ വിമാനക്കമ്പനികള്‍ക്ക് നേരെ ഭീഷണി കോളുകള്‍ ഗണ്യമായി വര്‍ധിച്ച സാഹചര്യത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) രാജ്യത്തുടനീളം സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ മാത്രം, വിവിധ വിമാനക്കമ്പനികള്‍ക്ക് 400-ലധികം വ്യാജ കോളുകള്‍ ലഭിച്ചതായി സുരക്ഷാ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വര്‍ദ്ധിച്ചുവരുന്ന ഭീഷണികളെ നേരിടാന്‍, എന്‍ഐഎയുടെ സൈബര്‍ വിഭാഗം ഈ വിദേശ ഭീഷണി കോളുകളുടെ സമഗ്രമായ വിശകലനം ആരംഭിച്ചു. ഈ കോളുകള്‍ക്ക് പിന്നിലെ ഉദ്ദേശ്യങ്ങള്‍ തിരിച്ചറിയുന്നതിലും അവയുടെ ആധികാരികത വിലയിരുത്തുന്നതിലും ഈ അന്വേഷണം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
വ്യാജ ഭീഷണി കോളുകള്‍ കണക്കിലെടുത്ത്, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം കഴിഞ്ഞ ആഴ്ച എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കും, ഐടി നിയമങ്ങളുടെയും ഭാരതീയ ന്യായ് സന്‍ഹിതയുടെയും വ്യവസ്ഥകള്‍ പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബോംബ് ഭീഷണി പോസ്റ്റുകള്‍ ഉടന്‍ നീക്കം ചെയ്യാനും ഇത് പ്രകാരം സാമൂഹ്യ മാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്