മുംബൈ: എന്‍സിപി അജിത് പവാര്‍ വിഭാഗത്തിലെ നേതാവായ നവാബ് മാലിക്കിന്റെ സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലി മഹാരാഷ്ട്രയില്‍ മഹായുതി സഖ്യത്തില്‍ കലഹം. എന്‍സിപി സ്ഥാനാര്‍ത്ഥിയായി നവാബ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതോടെ ബിജെപി ഉടക്കി. ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള ആളുകള്‍ക്ക് വേണ്ടി പ്രചാരണം നടത്തില്ലെന്ന് ബിജെപി പ്രതികരിച്ചു.
മുംബൈയിലെ മാന്‍ഖുര്‍ദ്-ശിവാജി നഗര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് നവാബ് എന്‍സിപി ടിക്കറ്റില്‍ മത്സരിക്കുക. അണുശക്തി നഗറില്‍ നിന്നുള്ള സിറ്റിംഗ് എംഎല്‍എയായ മാലിക് ആ മണ്ഡലം എന്‍സിപി സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിക്കുന്ന മകള്‍ സനയ്ക്ക് വിട്ടുകൊടുത്തു.
നവാബ് മാലിക്കിന് വേണ്ടി ബിജെപി പ്രചാരണത്തിനിറങ്ങില്ലെന്ന് മുംബൈ ബിജെപി അധ്യക്ഷന്‍ ആശിഷ് ഷെലാര്‍ വ്യക്തമാക്കി. ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട ആരെയും പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നാണ് നിലപാടെന്നും ഷെലാര്‍ പറഞ്ഞു.
ദാവൂദ് ഇബ്രാഹിമിന്റെ പങ്കാളിയെ താന്‍ കാണില്ലെന്നാണ് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പറഞ്ഞിരുന്നതെന്ന് ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെ പരിഹസിച്ചു. ഇരട്ടത്താപ്പിന്റെ പാര്‍ട്ടിയാണ് ബിജെപിയെന്ന് ശിവസേന (യുബിടി) വക്താവ് പ്രിയങ്ക ചതുര്‍വേദി കുറ്റപ്പെടുത്തി.
മാന്‍ഖുര്‍ദ്-ശിവാജി നഗര്‍ നിയമസഭാ മണ്ഡലം സമാജ്വാദി പാര്‍ട്ടി നേതാവ് അബു ആസ്മി തുടര്‍ച്ചയായി വിജയിച്ചുപോരുന്ന കുത്തക സീറ്റാണ്. എസ്പി- മഹാ വികാസ് അഘാടി സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇതുവരെ ലക്ഷ്യം കാണാത്തതിനാല്‍ 25 സീറ്റില്‍ തന്റെ സ്ഥാനാര്‍ത്ഥികള്‍ മല്‍സരിക്കുമെന്ന് ആസ്മി ഭീഷണി മുഴക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്