ചങ്ങനാശ്ശേരി: സിറോ മലബാർ സഭ ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പായി മാർ തോമസ് തറയിൽ സ്ഥാനമേറ്റു. സെന്റ് മേരീസ് മെത്രാപ്പൊലീത്തൻ പള്ളിയിലാണ് ചടങ്ങുകൾ നടന്നത്.
സ്ഥാനാരോഹണ ശുശ്രൂഷകൾക്ക് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികനും മാർ ജോസഫ് പെരുന്തോട്ടം, മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ സഹകാർമികരുമായിരുന്നു.
രാവിലെ ഒമ്പത് മണിക്കാണ് സ്ഥാനാരോഹണ ചടങ്ങുകൾ ആരംഭിച്ചത്. ചങ്ങനാശ്ശേരി അതിരൂപതയുടെ ഒമ്പതാമത് മേലധ്യക്ഷനായും അഞ്ചാമത് മെത്രപ്പൊലീത്തയുമായാണ് മാർ തോമസ് തറയിൽ നിയമിതനായിരിക്കുന്നത്. 17 വർഷം അതിരൂപതയെ നയിച്ച മാർ ജോസഫ് പെരുന്തോട്ടം വിരമിച്ചതിനെ തുടർന്നാണ് പുതിയ അധ്യക്ഷനായി മാർ തോമസ് തറയിലിനെ നിയമിച്ചത്.
ഔദ്യോഗിക പ്രഖ്യാപനത്തിനു ശേഷം ആദര സൂചകമായി ദേവാലയമണികൾ മുഴക്കി, ആചാരവെടികളും ഉയർന്നു. തുടർന്ന് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ആശംസാസന്ദേശം നൽകി. ആർച്ച്ബിഷപ് മാർ തോമസ് തറയിലിൻറെ കാർമികത്വത്തിൽ വിശുദ്ധ കുർബാനമധ്യേ തിരുവനന്തപുരം ലത്തീൻ അതിരൂപതാധ്യക്ഷൻ ഡോ. തോമസ് ജെ. നെറ്റോ വചനസന്ദേശം നൽകി.
അതിരമ്പുഴ സെന്റ് മേരീസ് ഫോറോന അസിസ്റ്റന്റ് വികാരി, നെടുംകുന്നം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഫൊറോന അസിസ്റ്റന്റ് വികാരി, എടത്വാ സെന്റ് ജോർജ് ഫൊറോന അസിസ്റ്റന്റ് വികാരി, താഴത്തുവടകര ലൂർദ്മാതാ വികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. റോമിലെ ഗ്രിഗോറിയൻ പൊന്തിഫിക്കൽ സർവകലാശാലയിൽ നിന്ന് മനശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്