കണ്ണൂരിലെ സി.പി.എം. മഹിളാ നേതാവ് ദിവ്യ ദൈവത്തിലോ മതത്തിലോ ഒന്നും വിശ്വസിക്കുന്ന ആളാകാനിടയില്ല. കാരണം കണ്ണൂർ കമ്മ്യൂണിസ്റ്റുകൾ എന്നാൽ കറകളഞ്ഞ ഭൗതികവാദികളാണ്. മാർക്സിസം അരച്ചുകുടിച്ചു നിത്യവും അല്പാല്പം നാട്ടുകാരുടെ മുന്നിൽ പരസ്യമായി ഛർദിക്കുന്ന ശൈലിയാണ് പാർട്ടിയുടെ ഒന്നാം നമ്പറുകാരൻ ഗോവിന്ദൻ മുതൽ സഖാക്കൾ പതിവായി അനുവർത്തിക്കുന്ന പരിപാടി. ദൈവവും മതവും വിശ്വാസങ്ങളും ഒക്കെ അവർക്ക് വെറും അന്ധവിശ്വാസങ്ങൾ. അതിനാൽ പോകുന്ന പോക്കിൽ മുമ്പിലെ വഴിയിൽ ചില ദുർലക്ഷണങ്ങൾ കാണപ്പെട്ടാലും അതൊന്നും അവർ കണക്കാക്കാറില്ല.
എന്നാൽ സാധാരണക്കാരായ നമുക്ക് അങ്ങനെ
പറ്റില്ലല്ലോ. നമ്മളൊക്കെ വഴിയിലേക്ക് ഇറങ്ങുമ്പോൾ ഒരു കരിമ്പൂച്ച കുറുകെ
ചാടിയാൽ ശരിക്കും ഒന്ന് വിയർക്കും. കാരണം അതൊരു ദുർലക്ഷണമാണ്. അങ്ങനെ ചില
മുൻകൂർ മുന്നറിയിപ്പുകൾ വരുമ്പോൾ പലരും യാത്ര തന്നെ മാറ്റിയേക്കും.
കവികളുടെ കാര്യവും അപ്രകാരം തന്നെ. കുമാരനാശാൻ ഒരിക്കൽ സ്വന്തം പേന കൊണ്ട്
ഇങ്ങനെ കുറിച്ചിട്ടു: 'അന്തമില്ലാത്തൊരാഴിയിലേക്കിതാ ഹന്ത താഴുന്നു
താഴുന്നു...' ആ വരികൾ എഴുതുമ്പോൾ തന്റെ അന്ത്യവും അതേ മട്ടിൽ തന്നെയാവും
എന്ന് കവി ഓർത്തുകാണില്ല. പക്ഷേ അങ്ങനെയാണ് കാര്യങ്ങൾ വന്നു ഭവിച്ചത്.
പല്ലനയാറ്റിൽ താൻ സഞ്ചരിച്ച റെഡീമർ ബോട്ട് വെള്ളത്തിലേക്കു
മുങ്ങിത്താഴുമ്പോൾ ആശാൻ സ്വന്തം വരികൾ ഓർമിച്ചിരിക്കുമോ, ആവോ!
കണ്ണൂരിലെ ദിവ്യയും ആശാനെപ്പോലെ ദിവ്യമായ ഒരു നാവിന്റെ ഉടമയത്രെ.
ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ യാത്രയയപ്പു ചടങ്ങിൽ ക്ഷണിക്കാതെ കേറിച്ചെന്ന് അയാളെ അപമാനിക്കാൻ കരുതിക്കൂട്ടി തയ്യാറാക്കി അവർ വിളമ്പിയ വിഷമയമായ വാക്കുകൾ എത്ര അർത്ഥഗർഭമാണെന്നു നോക്കുക. ചുരുങ്ങിയ വാക്കുകൾ കൊണ്ട് ഒരു മനുഷ്യനെ ആത്മഹത്യയിലേക്കു നയിക്കാൻ മാത്രം പ്രാപ്തിയുള്ള എത്ര വാഗ്മികളുണ്ട് നമ്മുടെ നാട്ടിൽ? തുലോം അപൂർവം എന്നുതന്നെ പറയേണ്ടിവരും. അതിനാലാണ് പറഞ്ഞത് മേല്പറഞ്ഞ മഹതി ഒരു അസാധാരണ പ്രതിഭാശക്തിയുടെ ഉടമ തന്നെയെന്ന്.
ഈ ദിവ്യാംഗനയുടെ പ്രഭാഷണത്തിലെ ഒരു വാചകം പ്രത്യേകം ശ്രദ്ധേയമായിരുന്നു. 'ഒരു നിമിഷം മതി നമുക്ക് എന്തും സംഭവിക്കാൻ' എന്നാണ് അവർ വേദിയിൽ കയ്യും കാലും കെട്ടപ്പെട്ട ഇരയെപ്പോലെ നിസ്സഹായനായി ഇരുന്ന ഒരു സർക്കാർ ജീവനക്കാരനെ ഓർമപ്പെടുത്തിയത്. ഒരു നിമിഷം മതി തന്നെപ്പോലെ പ്രതാപശാലിയായ ഒരു ജനപ്രതിനിധിക്ക് വെറുമൊരു സർക്കാർ ഉദ്യോഗസ്ഥനായ തന്നെയൊക്കെ വക വരുത്താൻ എന്നാണ് അവർ അതിലൂടെ സൂചിപ്പിച്ചത്. കേട്ടിരുന്ന ഉദ്യോഗസ്ഥന്മാർക്ക് മറുപടി പറയാനുള്ള ശേഷിയില്ല എന്ന അറിവാണ് അവരുടെ മഹദ്വചനങ്ങൾക്കു ശക്തിയും ചാരുതയും നൽകുന്നത്.
സർക്കാർ ഉദ്യോഗസ്ഥർ കർശനമായ പെരുമാറ്റച്ചട്ടങ്ങൾക്കും അച്ചടക്ക മാനദണ്ഡങ്ങൾക്കും വിധേയരാണ്. അതു തെറ്റിച്ചാൽ അപ്പോൾ കിട്ടും സസ്പെൻഷൻ. അതിനാൽ ഇത്തരം സന്ദർഭങ്ങളിൽ എന്തു പ്രകോപനമുണ്ടായാലും ആരും ഒന്നും തിരിച്ചു പറയാറില്ല. അതിനാൽ ജനപ്രതിനിധികൾ എന്നറിയപ്പെടുന്ന കൂട്ടർക്ക് അവരുടെ നേരെ മെക്കിട്ടു കേറാൻ ഒരു പ്രയാസവുമില്ല. ഇത് ഒരു ദിവ്യയുടെ മാത്രം സ്വഭാവമാണെന്ന് ആരും കരുതരുത്. നിലംബൂരിൽ ഒരു എം.എൽ.എ. അന്നാട്ടിലെ സർക്കാർ ഉദ്യോഗസ്ഥർക്കു നേരെ കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ കണ്ടു കയ്യടിച്ച കൂട്ടരാണ് മലയാളികൾ. എന്തെല്ലാം ഉത്തരവുകളാണ് അദ്ദേഹം മാധ്യമങ്ങളുടെ മുന്നിൽ വെച്ചു പല ഉദ്യോഗസ്ഥർക്കും നൽകിയത്.
അതൊന്നും വേണ്ടവിധം പാലിക്കപ്പെടുന്നില്ല
എന്നു തോന്നിയപ്പോൾ ടിയാൻ സർക്കാരിന്റെ നാഥനായ മുഖ്യമന്ത്രിക്ക് നേരെ
തിരിഞ്ഞു. എന്നാൽ മുഖ്യമന്ത്രിയും പാർട്ടിയും തിരിച്ചടി തുടങ്ങിയപ്പോൾ ആളു
പരക്കം പാച്ചിലായി. ആ പോക്കിൽ അഭയം തേടി അദ്ദേഹം തമിഴ് നാട്ടിൽ വരെ
ചെന്നെത്തി. എന്നാൽ തമിഴ്നാട്ടിലെ മുഖ്യമന്ത്രി ഇങ്ങനെ തോന്നിയപോലെ
മറുകണ്ടം ചാടുന്ന വിദ്വാന്മാരെ കുറെ കണ്ടതാണ്. അതിനാൽ നിലമ്പൂർ കാക്ക പതിയെ
തിരിച്ചു പറന്നു.
നിലംബൂരിലെ വിപ്ലവകാരിയും കണ്ണൂരിലെ ദിവ്യാംഗനയും ഒരേ കളരിയിൽ നിന്നാണ് പഠിച്ചിറങ്ങിയത്.
ഇരുവരും സി.പി.എം. എന്ന കക്ഷിയുടെ ജനപ്രതിനിധികൾ എന്ന നിലയിലാണ് കേരളീയ പൊതുസമൂഹത്തിൽ അറിയപ്പെട്ടു വന്നത്. ജനപ്രതിനിധികളുടെ അടിമകളോ ഭൃത്യരോ ഒക്കെയാണ് സർക്കാർ ജീവനക്കാർ എന്ന മട്ടിലാണ് ഇരുവരും പെരുമാറിയത്. അതിനോടുള്ള ജനകീയ പ്രതികരണം വ്യത്യസ്തമായിരുന്നു എന്നത് ശരിയാണ്. എന്നാൽ അടിസ്ഥാനപരമായി ഒരു ജനാധിപത്യ സമൂഹത്തിൽ സർക്കാരിന്റെ ചുമതലകൾ നിറവേറ്റുന്ന ഉദ്യോഗസ്ഥവൃന്ദത്തോടു അധികാരികൾ കാണിക്കേണ്ട മര്യാദകളെ സംബന്ധിച്ച് ഇരുവർക്കും ഒരു ബോധവുമില്ല എന്ന കാര്യവും വ്യക്തമാണ്.
ജനാധിപത്യ സമൂഹത്തിൽ ഭരണ സംവിധാനത്തിലെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന വിഭാഗങ്ങൾക്കിടയിൽ പരസ്പര ബന്ധങ്ങൾ സംബന്ധിച്ച കൃത്യമായ ചിട്ടകളും ചട്ടങ്ങളുമുണ്ട്. ഉദ്യോഗസ്ഥർക്ക് അവരുടെ പ്രവൃത്തി ചെയ്യാനുള്ള സൗകര്യവും സാവകാശവും അധികാരികൾ നൽകിയേ പറ്റൂ. നിയമവും ചട്ടവും കാറ്റിൽപ്പറത്തി കാര്യങ്ങൾ നടപ്പാക്കാൻ തുടങ്ങിയാൽ നാട് കുട്ടിച്ചോറാവും. ഉദ്യോഗസ്ഥരിൽ പല തരത്തിലുള്ള പുഴുക്കുത്തുകളും കാണുമെന്നും തീർച്ച. അഴിമതിക്കാരും ധാരാളം. എന്നാൽ അഴിമതിക്കാരെപ്പോലും കൈകാര്യം ചെയ്യുന്നതിനു വ്യവസ്ഥാപിത രീതികളുണ്ട്. അധികാരം കയ്യാളുന്ന പാർട്ടികൾ അതൊക്കെ അനുസരിക്കാൻ ബാധ്യസ്ഥരുമാണ്. എന്നാൽ നിർഭാഗ്യവശാൽ കേരളത്തിലെ സി.പി.എം. അണികളും നേതൃത്വത്തിലും പലരും കരുതുന്നത് തങ്ങൾ നിശ്ചയിക്കുന്നതെന്തോ അതാണ് നിയമം എന്നാണ്. തങ്ങളുടെ ഇഷ്ടങ്ങൾക്കനുസരിച്ചു സർക്കാരിൽ കാര്യങ്ങൾ ഉടൻ നടന്നു കിട്ടിയില്ല എങ്കിൽ അവർ ഉദ്യോഗസ്ഥരുടെ മേൽ കുതിരകേറാൻ മടിക്കുകയില്ല.
അതിന്റെ പേരിൽ ഈ നാട്ടിൽ എത്രയോ മര്യാദക്കാരായ ഉദ്യോഗസ്ഥർ ബലിയാടുകളായിട്ടുണ്ട്. അവരുടെ കഥകൾ ആരും അറിയാറില്ല. കണ്ണൂരിലെ പോലീസിൽ ഇത്തരം കഥകൾ ധാരാളമാണ്. കൊലപാതക കേസുകളിൽ പോലും തങ്ങൾ നിർദേശിക്കുന്ന രീതിയിൽ പ്രവർത്തിക്കാത്ത പോലീസ് ഉദ്യോഗസ്ഥരെ കായികമായും അല്ലാതെയും ഉപദ്രവിക്കുന്ന രീതി അവിടെ വളരെ വ്യാപകമാണ്. രാഷ്ട്രീയക്കൊല നടന്നാൽ ആരാണ് പ്രതി എന്നു നിശ്ചയിക്കുന്നത് അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥനല്ല; മറിച്ചു പ്രാദേശിക പാർട്ടി നേതാവാണ്. അവർ പ്രതികളുടെ ഒരു ലിസ്റ്റ് കൊടുക്കും. സമരവും സമ്മർദവും അധികമായാൽ കോടതിയിൽ ഹാജരാക്കാനുള്ള ആവശ്യത്തിന് പ്രതികളെ പോലീസിന് എത്തിച്ചു കൊടുക്കും.
അവർ യാതൊരു ചാഞ്ചല്യവും ഇല്ലാതെ കുറ്റം സമ്മതിക്കും. കാരണം വിചാരണക്കാലത്തു ജയിലിൽ കഴിയേണ്ടി വന്നാൽ പോലും അവർക്കൊരു പ്രയാസവുമില്ല. കൃത്യമായി മാസപ്പടി വീട്ടിൽ എത്തിക്കും. കേസ് നടത്താൻ കൊലകൊമ്പന്മാരായ വക്കീലന്മാരെ പാർട്ടി ഏർപ്പാടാക്കും. കേസ് വിചാരണയിൽ പോലീസും സർക്കാരും പ്രതികളും ഒത്തുകളിക്കും. വേണ്ടത്ര തെളിവുകൾ ഇല്ല എന്ന കാരണത്താൽ പ്രതികളെ വെറുതെ വിടാൻ കോടതി നിർബന്ധിതമാകും. കണ്ണൂരിൽ ഇതൊരു സ്ഥിരം പ്രതിഭാസമാണ്. നീതിയെന്നത് അവിടെ സാധാരണ മനുഷ്യർക്ക് പ്രതീക്ഷിക്കാവുന്നതല്ല. പാർട്ടി പറയുന്നതെന്തോ, അതാണ് നീതി എന്നാണ് അവിടെയുള്ള രീതി.
സി.പി.എമ്മും ആർ.എസ്.എസും തമ്മിൽ സംഘർഷങ്ങൾ സ്ഥിരമായി അരങ്ങേറിയ പതിറ്റാണ്ടുകൾ നീണ്ട ഒരു കാലഘട്ടം ഇത്തരത്തിലുള്ള ഒരു സംവിധാനം ആ നാട്ടിൽ ആഴത്തിൽ വേരുപിടിക്കാൻ കാരണമായിട്ടുണ്ട്. അന്നാണ് പോലിസിനേയും മറ്റു ഭരണ സംവിധാനങ്ങളെയും വിവിധ പാർട്ടിക്കാർ വിഭജിച്ചു കൈവശം വെക്കാൻ തുടങ്ങിയത്. അച്ചടക്കമുള്ള ഒരു പോലീസ് സംവിധാനം തന്നെ ഇല്ലാതായി. ഉദ്യോഗസ്ഥർ മേലധികാരികളിൽ നിന്നല്ല, മറിച്ചു പ്രാദേശിക പാർട്ടി നേതാക്കളിൽ നിന്നും ഉത്തരവുകൾ സ്വീകരിക്കാൻ തുടങ്ങി. അതിനാൽ സാധാരണക്കാർ പോലീസിൽ പരാതിയുമായി ചെല്ലുമ്പോൾ രാഷ്ട്രീയക്കാരെയും കൂടെ കൂട്ടേണ്ട അവസ്ഥയും സംജാതമായി.
ഇങ്ങനെ മലീമസമായ ഒരു സംവിധാനത്തിന്റെ ഉല്പന്നമാണ്
ദിവ്യയെപ്പോലുള്ള ജനപ്രതിനിധികളുടെ തേരോട്ടം എന്ന പ്രതിഭാസം. തങ്ങൾക്ക്
നിയമങ്ങൾ ബാധകമല്ല എന്ന് അവർ ആത്മാർത്ഥമായി വിശ്വസിക്കുന്നു. തങ്ങളുടെ
കല്പനകൾ പണ്ടത്തെ ജന്മിത്ത കാലത്തു കല്യാട്ടു യജമാനൻ നൽകുന്ന
കല്പനകളെപ്പോലെ കല്ലിനെപ്പിളർക്കാനുള്ള ശേഷിയുള്ളതാണ് എന്നവർ
വിശ്വസിക്കുന്നു. അതിൽ അവരെ കുറ്റം പറയാനുമില്ല. ആരും അവരെ ചോദ്യം ചെയ്യാൻ
ധൈര്യപ്പെടാറില്ല. അതിനാൽ ഇത്തരം പെരുമാറ്റശൈലികൾ നാട്ടിലെ അംഗീകൃത
രീതിയായി.
ഇത്തവണ കാര്യങ്ങൾ കുഴപ്പത്തിലേക്കു നീങ്ങിയത് ഇരയായ
മനുഷ്യനും പാർട്ടി ബന്ധങ്ങളും സ്വാധീനവുമൊക്കെ ഉള്ളതിനാലാണ് എന്ന കാര്യവും
വ്യക്തമാണ്.
പത്തനംതിട്ടയിലെ പാർട്ടി കുടുംബത്തിലെ അംഗത്തെയാണ് ദിവ്യ നിർത്തിപ്പൊരിച്ചത്. അവിടെയുള്ള പാർട്ടിക്കാരും പാർട്ടി അനുഭാവികളായ സർക്കാർ ഉദ്യോഗസ്ഥരും ഒന്നാകെ ഇളകിയതോടെയാണ് കണ്ണൂരിലെ കോമാളികൾക്കു കാര്യങ്ങൾ കൈവിട്ടു പോയി എന്നു ബോധ്യമായത്. എന്നിട്ടും രണ്ടാഴ്ച്ചയോളം പ്രതിയെ തങ്ങളുടെ ചിറകിനടിയിൽ സംരക്ഷിക്കാൻ അവർ തയ്യാറായി. അഴിമതിക്കെതിരെയുള്ള സദുദ്ദേശ്യപരമായ ഒരു പ്രസ്താവന എന്നു വശേഷിപ്പിച്ചു ദിവ്യയുടെ അക്രമത്തെ ന്യായീകരിക്കാൻ ശ്രമിച്ചത് കണ്ണൂരിലെ പാർട്ടി സെക്രട്ടറി തന്നെയായിരുന്നു. മാന്യനായ ഒരു ന്യായാധിപനെ പണ്ടൊരിക്കൽ ശുംഭൻ എന്നു വിളിച്ചു അപഹസിച്ചു കുഴപ്പത്തിൽ ചാടിയ അതേ കഥാപാത്രം.
പിന്നീട് അതിൽ നിന്ന് തലയൂരാൻ മലയാളത്തിനു പുതിയൊരു ഡിക്ഷ്ണറി തന്നെ നൽകി അദ്ദേഹം. ശുംഭൻ എന്ന വാക്കിനു പ്രകാശിക്കുന്നവൻ എന്നർത്ഥമുണ്ടെന്ന് അദ്ദേഹം മലയാളികളെ ഉൽബോധിപ്പിച്ചു. അതാണ് കണ്ണൂർ ശൈലി. പാർട്ടിയുടെ പിന്തുണയുണ്ടെങ്കിൽ എന്തതിക്രമവും കാട്ടാം; ഒന്നും പേടിക്കേണ്ടതില്ല എന്നാണ് അവിടെ കാലങ്ങളായി നിലനിൽക്കുന്ന നീതിശാസ്ത്രം. മറുനാട്ടിൽ നിന്നു ജോലിക്കായി വന്ന പാർട്ടിക്കാരായ മനുഷ്യർക്കു പോലും അവിടെ പിടിച്ചുനിൽക്കാനാവാത്ത അവസ്ഥ ഇപ്പോൾ സംജാതമായിരിക്കുന്നു. കണ്ണൂർ പക്ഷേ ഒരു മുന്നറിയിപ്പാണ്. കേരളവും നാളെ അതേ വഴിക്കു സഞ്ചരിക്കുകയാണെങ്കിൽ മര്യാദക്കാരായ മലയാളികൾക്ക് സ്ഥിരം പ്രവാസം മാത്രമാവും മേൽഗതി.
എൻ.പി. ചെക്കുട്ടി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്