ന്യൂഡല്‍ഹി: ജനാധിപത്യ-തെരഞ്ഞെടുപ്പ് പ്രക്രിയയിലെ വിദേശ ഇടപെടലുകള്‍ അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ്. രാജ്യത്തെ തിരഞ്ഞെടുപ്പുകളില്‍ ജനകീയ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനായി അമേരിക്ക പണം നല്‍കിയെന്ന റിപ്പോര്‍ട്ട് വിവാദമായതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഏത് തരത്തിലുള്ള വിദേശ ഇടപെടലും തങ്ങള്‍ അപലപിക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി ട്രഷററുമായ അജയ് മാക്കന്‍ പറഞ്ഞു. ഇതിലുള്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2012 ല്‍ പണമെത്തിയെന്നാണ് ബിജെപി ആരോപിക്കുന്നത്. ഭരണകക്ഷിക്ക് ഇതില്‍ നിന്ന് യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ലെന്നും അവര്‍ പറയുന്നു. അന്ന് ഭരണത്തിലിരുന്നത് കോണ്‍ഗ്രസാണ്. അതുകൊണ്ട് തന്നെ ഇതേക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്നും മാക്കന്‍ കൂട്ടിച്ചേര്‍ത്തു. ഇതില്‍ ആരാണ് ഉള്‍പ്പെട്ടതെന്ന് സര്‍ക്കാര്‍ കണ്ടുപിടിക്കുക തന്നെ വേണം. കൃത്യമായ നടപടികളുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി രാജ്യത്തേക്ക് പണമൊഴുകുന്നുണ്ട്. ഇത് എവിടെ നിന്ന് വരുന്നു എവിടേക്ക് പോകുന്നു എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തലവനായിരിക്കെ രാജ്യത്തെ വോട്ടര്‍പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനായി അമേരിക്ക സഹായം ചെയ്തു എന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം തന്നെ അന്നത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന എസ്.വൈ ഖുറേഷി തള്ളിയിരുന്നു.
അമേരിക്ക ഇന്ത്യയുടെ തിരഞ്ഞെടുപ്പില്‍ വോട്ടര്‍പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനായി നല്‍കിയിരുന്ന 2.1 കോടി ഡോളറിന്റെ സഹായമടക്കം വെട്ടിക്കുറച്ചെന്ന ഡോജിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെ ആയിരുന്നു ഖുറേഷിയുടെ പ്രതികരണം.
നികുതിദായകരുടെ കോടിക്കണക്കിന് ഡോളര്‍ വിദേശസഹായം നല്‍കാനായി ചെലവിടുന്ന പശ്ചാത്തലത്തില്‍ ഇതില്‍ പലതും വെട്ടിച്ചുരുക്കിയെന്ന് ഡോജ് എക്സിലൂടെയാണ് അറിയിച്ചത്. ഇതില്‍ 4860 ലക്ഷം ഡോളര്‍ കണ്‍സോര്‍ഷ്യം ഫോര്‍ ഇലക്ഷന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ പ്രോസസ് സ്ട്രഗ്തണിംഗിനും അവര്‍ ചെലവിട്ടതായി പറയുന്നു. ഇതില്‍ നിന്നാണ് 2.1 കോടി ഡോളര്‍ ഇന്ത്യയുടെ തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ ചെലവിട്ടെന്ന് പറയുന്നത്.
ഇതിനായി 2012ല്‍ അമേരിക്കന്‍ ഏജന്‍സിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ധാരണയുണ്ടാക്കിയെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ തികച്ചും വസ്തുതാ വിരുദ്ധമാണെന്ന് ഖുറേഷി ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ യാതൊരു തരത്തിലുള്ള ധാരണകളുമുണ്ടായിട്ടില്ലെന്നും ഖുറേഷി ഉറപ്പിച്ച് പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്