കൊല്‍ക്കത്ത: ഹോളി ആഘോഷത്തോടനുബന്ധിച്ച് ബംഗാളിലെ ബിര്‍ഭും ജില്ലയില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലുകളെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷം. ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ക്രമസമാധാന പാലനത്തിനായി വന്‍ സുരക്ഷാ സേനയെ വിന്യസിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് 20-ലധികം പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച സൈന്തിയ പട്ടണത്തില്‍ ഒരു വിഭാഗവും മദ്യപിച്ചെത്തിയ ചില വ്യക്തികളും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. രണ്ട് വിഭാഗങ്ങളും പരസ്പരം കല്ലെറിയുകയും കൈയേറ്റത്തില്‍ ഏര്‍പ്പെടുകയും ചെയ്തതോടെ സ്ഥിതിഗതികള്‍ വഷളായി. സംഘര്‍ഷത്തില്‍ ചില പ്രദേശവാസികള്‍ക്ക് പരിക്കേറ്റു. പിന്നീട്, നേരിയ ലാത്തിച്ചാര്‍ജിന് ശേഷം പോലീസ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി.
കിംവദന്തികളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും തടയുന്നതിനായി ബംഗാള്‍ ആഭ്യന്തര വകുപ്പ് മാര്‍ച്ച് 17 വരെ സൈന്തിയയിലെ അഞ്ച് ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സൈന്തിയ മുനിസിപ്പാലിറ്റി, ഹട്ടോറ, മത്പല്‍സ, ഹരിസാര, ഫരിയാപൂര്‍, ഫുലൂര്‍ എന്നിവിടങ്ങളിലാണ് ജാഗ്രത.
'ഇന്നലെ വൈകുന്നേരം മുതല്‍ സ്ഥിതി നിയന്ത്രണവിധേയമാണ്, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ ഇന്റര്‍നെറ്റ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു,' ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ക്രമസമാധാന പ്രശ്നത്തില്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രിയും പശ്ചിമ ബംഗാള്‍ ബിജെപി പ്രസിഡന്റുമായ സുകാന്ത മജുംദാര്‍ രംഗത്തെത്തി. ബിര്‍ഭൂമിനെ തൃണമൂല്‍ സര്‍ക്കാര്‍ ഒരു ബോംബ് ഫാക്ടറി ആക്കി മാറ്റിയെന്ന് മജുംദാര്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്