ന്യൂഡെല്‍ഹി: ആഗോള ഭീകരതയുടെ യഥാര്‍ത്ഥ പ്രഭവകേന്ദ്രം എവിടെയാണെന്ന് ലോകത്തിന് നന്നായി അറിയാമെന്ന് ഇന്ത്യ. ഇന്ത്യ ഭീകര പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നുവെന്ന പാകിസ്ഥാന്റെ ആരോപണത്തിനാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ശക്തമായ മറുപടി നല്‍കിയത്. ബലൂചിസ്ഥാന്‍ ട്രെയിന്‍ ആക്രമണത്തിന് ഇന്ത്യയുമായി ബന്ധമുണ്ടെന്ന ആരോപണത്തിലാണ് മറുപടി.
'പാകിസ്ഥാന്‍ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഞങ്ങള്‍ ശക്തമായി നിരസിക്കുന്നു. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രം എവിടെയാണെന്ന് ലോകത്തിന് മുഴുവന്‍ അറിയാം,' വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. 'സ്വന്തം ആഭ്യന്തര പ്രശ്നങ്ങള്‍ക്കും പരാജയങ്ങള്‍ക്കും മറ്റുള്ളവരിലേക്ക് വിരല്‍ ചൂണ്ടുന്നതിനും പഴിചാരുന്നതിനും പകരം പാകിസ്ഥാന്‍ ഉള്ളിലേക്ക് നോക്കണം.' അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച ജാഫര്‍ എക്സ്പ്രസിനു നേരെയുണ്ടായ മാരകമായ ആക്രമണത്തെ തുടര്‍ന്നാണ് പാകിസ്ഥാന്റെ ആരോപണങ്ങള്‍. ഇന്ത്യക്ക് പുറമെ അഫ്ഗാനിസ്ഥാന് നേരെയും ഇത്തവണ പാകിസ്ഥാന്‍ ആരോപണം ഉന്നയിച്ചു. ആക്രമണത്തിന്റെ ഏകോപനത്തിന്റെ ഉറവിടം അഫ്ഗാനിസ്ഥാനാണെന്ന് പാക് വിദേശകാര്യ മന്ത്രാലയ വക്താവ് ഷഫ്ഖത്ത് അലി ഖാന്‍ ചൂണ്ടിക്കാട്ടി.
'ഞങ്ങളുടെ നയത്തില്‍ ഒരു മാറ്റവുമില്ല. വീണ്ടും, വസ്തുതകള്‍ മാറിയിട്ടില്ല. പാകിസ്ഥാനെതിരെ ഭീകരതയെ സ്‌പോണ്‍സര്‍ ചെയ്യുന്നതില്‍ ഇന്ത്യ പങ്കാളിയാണ്,' ഖാന്‍ പറഞ്ഞു. 'ഈ പ്രത്യേക സംഭവത്തില്‍, അഫ്ഗാനിസ്ഥാനിലേക്ക് ഫോണ്‍ കോളുകള്‍ പോയതിന്റെ തെളിവുകള്‍ ഞങ്ങളുടെ പക്കലുണ്ട്,' ഖാന്‍ പറഞ്ഞു.
പാകിസ്ഥാന്റെ ആരോപണങ്ങള്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടവും തള്ളിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്