ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ വൻ ഭൂകമ്പം സൃഷ്ടിച്ചുകൊണ്ട് മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി വിടുന്നതായുള്ള സൂചനകൾ ശക്തമാകുന്നു. തന്റെ ജന്മദിനത്തോടനുബന്ധിച്ച് ആശംസകൾ നേർന്നവർക്ക് നന്ദി അറിയിച്ചുകൊണ്ട് അദ്ദേഹം പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പിൽ എവിടെയും ബിജെപിയെക്കുറിച്ചോ കേന്ദ്ര നേതൃത്വത്തെക്കുറിച്ചോ പരാമർശിക്കാത്തതാണ് ഈ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നത്.
നാളെ (ജൂൺ 5) അദ്ദേഹം തന്റെ ഭാവി രാഷ്ട്രീയ നിലപാട് സംബന്ധിച്ച നിർണ്ണായക പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. പാർട്ടി രാഷ്ട്രീയത്തോട് പൂർണ്ണ മൗനംതന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് അണ്ണാമലൈ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് രംഗത്തെത്തിയത്:
"എന്റെ ജന്മദിനം സവിശേഷമാക്കിയ എല്ലാ സഹോദരങ്ങൾക്കും, സുഹൃത്തുക്കൾക്കും, മുതിർന്നവർക്കും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. ജനങ്ങൾ നൽകിയ സ്നേഹവും പിന്തുണയും സമൂഹത്തിന്റെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും ശോഭനമായ ഭാവിക്കുമായി കൂടുതൽ സമർപ്പണത്തോടെ പ്രവർത്തിക്കാൻ എനിക്ക് വലിയ പ്രചോദനമാണ് നൽകുന്നത്.
തമിഴ്‌നാട്ടിലെ കർഷകർ, യുവാക്കൾ, സ്ത്രീകൾ, കുട്ടികൾ എന്നിവരടങ്ങുന്ന സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സമൃദ്ധിക്കായി മുന്നോട്ടുപോവാനാണ് ഈ ഊർജ്ജം വിനിയോഗിക്കുകയെന്നും, ജനങ്ങൾ അർപ്പിച്ച ഈ സ്നേഹത്തിനും വിശ്വാസത്തിനും മുന്നിൽ താൻ എന്നും കടപ്പെട്ടിരിക്കുമെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു.
ബിജെപിയുടെ പേരോ ചിഹ്നമോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമോ പോസ്റ്റിൽ ഉൾപ്പെടുത്താതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. കേന്ദ്രവുമായി കടുത്ത വിയോജിപ്പ്ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീന് അണ്ണാമലൈ ഇതിനകം തന്നെ അഞ്ചുപേജുള്ള രാജിക്കത്ത് സമർപ്പിച്ചതായാണ് വിവരം. കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ അദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.എൽ. സന്തോഷ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ എഐഎഡിഎംകെയുമായി (AIADMK) സഖ്യം ചേരാനുള്ള കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തോട് അണ്ണാമലൈയ്ക്ക് ശക്തമായ വിയോജിപ്പുണ്ടായിരുന്നു. സഖ്യത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി അദ്ദേഹത്തെ സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്ന് മാറ്റി പകരം നൈനാർ നാഗേന്ദ്രനെ നിയമിച്ചതും വലിയ ഭിന്നതയ്ക്ക് കാരണമായി. ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്ക് മൂന്ന് ഭാഷകൾ നിർബന്ധമാക്കിയ കേന്ദ്ര സർക്കാരിന്റെ ത്രിഭാഷാ നയത്തിനെതിരെ കഴിഞ്ഞ ആഴ്ച അണ്ണാമലൈ പരസ്യമായി രംഗത്തുവന്നിരുന്നു. പാർട്ടി വിടുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ രാജ്യസഭാ സീറ്റോ കേന്ദ്ര പദവികളോ ബിജെപി വാഗ്ദാനം ചെയ്തെങ്കിലും അണ്ണാമലൈ അതെല്ലാം നിരസിച്ചതായാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ കാത്തുനിൽക്കാതെ അദ്ദേഹം ഡൽഹിയിൽ നിന്ന് മടങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
