പാണക്കാട് മണ്ണിടിച്ചിൽ: സ്ഥലമുടമയെ ചുറ്റിപ്പറ്റി ദുരൂഹത; റിസോർട്ട് പദ്ധതിയും ബിനാമി ആരോപണവും ശക്തമാകുന്നു

AUGUST 3, 2026, 11:49 PM

മലപ്പുറം: പാണക്കാട് മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്തിന്റെ ഉടമസ്ഥതയെയും നിർമാണ പദ്ധതിയെയും ചുറ്റിപ്പറ്റി ദുരൂഹതകൾ ശക്തമാകുന്നു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി നൗഫൽ കടക്കാടൻ ഒരു ഉന്നത സ്വാധീനമുള്ള വ്യക്തിയുടെ ബിനാമിയാണെന്ന സംശയമാണ് ഉയരുന്നത്. സ്വാധീനമുള്ള വ്യക്തിക്കുവേണ്ടിയാണ് ഭൂമി നൗഫലിന്റെ പേരിൽ വാങ്ങിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് ഷോപ്പിങ് കോംപ്ലക്‌സ് നിർമിക്കാനാണ് അനുമതി തേടിയിരുന്നതെങ്കിലും, യഥാർത്ഥത്തിൽ പ്രീമിയം ആയുർവേദ റിസോർട്ട് നിർമ്മിക്കാനായിരുന്നു പദ്ധതിയെന്നാണ് ലഭിക്കുന്ന രേഖകൾ സൂചിപ്പിക്കുന്നത്. കെട്ടിടത്തിന്റെ രൂപരേഖയുടെ പകർപ്പും പുറത്തുവന്നിട്ടുണ്ട്.

പരിസ്ഥിതി ലോല മേഖലയായ ഇവിടെ അനധികൃത നിർമാണം നടത്താനായിരുന്നു നീക്കമെന്നാണ് ആരോപണം. മണ്ണെടുപ്പിനും പാറപൊട്ടിക്കുന്നതിനും അനുമതി നൽകിയതിൽ ബന്ധപ്പെട്ട വകുപ്പുകൾക്ക് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്. ഇതിനായി നഗരസഭയിലും ജിയോളജി വകുപ്പിലും നൗഫൽ നൽകിയ വിലാസങ്ങളിലും പൊരുത്തക്കേടുകൾ കണ്ടെത്തിയതായാണ് വിവരം.

vachakam
vachakam
vachakam

2018-ൽ ഇതേ പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് നിർമാണ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ഉത്തരവുണ്ടായിരുന്നുവെന്നും, അതിനിടയിലും നിർമാണം തുടരുകയായിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ. വേങ്ങര കുന്നുംപുറം സ്വദേശിയായ ഒരു ക്വാറി ഉടമയ്ക്കും ഭൂമി ഇടപാടിൽ പങ്കുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

നൗഫൽ കടക്കാടന്റെ പേരിലാണ് ഭൂമി രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് രേഖകൾ വ്യക്തമാക്കുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ വിലാസവും ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും കൂടുതൽ ദുരൂഹത സൃഷ്ടിക്കുന്നുണ്ട്. ഷോപ്പിങ് കോംപ്ലക്‌സിനായി അപേക്ഷ നൽകിയ വ്യക്തി തന്നെ മറ്റൊരു വിലാസത്തിൽ വീണ്ടും അപേക്ഷ നൽകിയതായും രേഖകളിൽ വ്യക്തമാകുന്നു. നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ഉത്തരവുണ്ടായിട്ടും ഉന്നത രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് പ്രവർത്തനങ്ങൾ തുടർന്നതെന്ന ആരോപണവും ഉയരുന്നുണ്ട്.

അതേസമയം, മണ്ണിടിച്ചിലിനെ തുടർന്ന് തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ആയിരക്കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന മേഖലയായതിനാൽ വീണ്ടും മണ്ണിടിച്ചിലുണ്ടാകുമോയെന്ന ആശങ്ക നിലനിൽക്കുന്നു. മണ്ണ് നീക്കം ചെയ്യാൻ മണിക്കൂറുകൾ വേണ്ടിവരുമെന്നും, ഭീഷണി പൂർണമായി ഒഴിയാതെ ഗതാഗതം പുനരാരംഭിക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകാൻ സാധ്യതയില്ലെന്നും അധികൃതർ അറിയിച്ചു.

vachakam
vachakam
vachakam

ഇതിനിടെ, പാറപൊട്ടിക്കാനുള്ള അനുമതി ജിയോളജി വകുപ്പാണ് നൽകിയതെന്നും, മണ്ണെടുപ്പിന് അനുമതി നൽകുന്ന നടപടികളിൽ നഗരസഭാ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായതായി സംശയിക്കുന്നുവെന്നുമാണ് നഗരസഭാ ചെയർപേഴ്‌സന്റെ വിശദീകരണം. സംഭവവുമായി ബന്ധപ്പെട്ട വിവിധ ആരോപണങ്ങളിൽ അന്വേഷണം തുടരുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam