കോയമ്പത്തൂര്‍: തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയില്‍ 17 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഏഴ് കോളേജ് വിദ്യാര്‍ത്ഥികളെ പോക്സോ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തു.
ജില്ലയിലെ കുനിയമുത്തൂര്‍ മേഖലയിലെ വാടകമുറിയില്‍ ഒരു സ്വകാര്യ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഒരുമിച്ച് താമസിച്ചിരുന്നതായി വൃത്തങ്ങള്‍ അറിയിച്ചു. സോഷ്യല്‍ മീഡിയ ആപ്പ് വഴിയാണ് ഇവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായി സൗഹൃദത്തിലായത്. ജില്ലയിലെ ഉക്കടം പ്രദേശത്തെ താമസക്കാരിയായ പെണ്‍കുട്ടി ഇയാളെ കാണാന്‍ പോയെങ്കിലും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
അധികൃതര്‍ തിരച്ചില്‍ ആരംഭിച്ചെങ്കിലും തിങ്കളാഴ്ച പെണ്‍കുട്ടി വീട്ടിലെത്തി. ചോദ്യം ചെയ്യലില്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടമായി ചേര്‍ന്ന് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി ആരോപിച്ചു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഏഴുപേരെയും അറസ്റ്റ് ചെയ്യുകയും ജുഡീഷ്യല്‍ റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണ്.
ഡിഎംകെ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികളായ ബിജെപിയും എഐഎഡിഎംകെയും രംഗത്തെത്തി. ''നിര്‍ഭയ കേസില്‍ രാജ്യം മുഴുവന്‍ നടുങ്ങി. എന്നാല്‍, തമിഴ്നാട്ടില്‍, എല്ലാ ദിവസവും, പെണ്‍കുട്ടികളും വിദ്യാര്‍ത്ഥികളും, വനിതാ പോലീസ് ഉദ്യോഗസ്ഥരും, വനിതാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ പൂര്‍ണ്ണമായും സുരക്ഷിതരല്ല. മയക്കുമരുന്ന് കടത്ത് തടയുന്നതിനോ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനോ ഡിഎംകെ സര്‍ക്കാര്‍ ഒരു ചെറുവിരല് പോലും അനക്കിയിട്ടില്ല,' സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ പറഞ്ഞു.
തമിഴ്നാട്ടിലെ ക്രമസമാധാന തകര്‍ച്ചയില്‍, പ്രത്യേകിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് എഐഎഡിഎംകെയുടെ വിദ്യാര്‍ത്ഥി വിഭാഗവും ചെന്നൈയില്‍ കണ്ണുകെട്ടി പ്രതിഷേധ പ്രകടനം നടത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്