ആഗോളതലത്തില്‍ 'മനസി'ന്റെ താളംതെറ്റുന്നു: 1.2 ബില്യണ്‍ ജനങ്ങള്‍ ദുരിതത്തില്‍; കൂടുതല്‍ യുവാക്കളില്‍

MAY 22, 2026, 4:59 AM

ആഗോളതലത്തില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിക്കുന്നതായി പുതിയ പഠനം. പ്രമുഖ അന്താരാഷ്ട്ര മെഡിക്കല്‍ ജേണലായ 'ദി ലാന്‍സെറ്റ്' പ്രസിദ്ധീകരിച്ച പുതിയ പഠനത്തിലാണ്  ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

2023 ലെ കണക്ക് അനുസരിച്ച് ലോകമെമ്പാടുമുള്ള 1.2 ബില്യണ്‍ (120 കോടി) ആളുകള്‍ ഏതെങ്കിലും തരത്തിലുള്ള മാനസിക വൈകല്യങ്ങളുമായി ജീവിക്കുന്നവരാണ്. ഇത് 1990 ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ 95.5% വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്.

വാഷിംഗ്ടണ്‍ സര്‍വകലാശാലയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാലുവേഷന്റെ നേതൃത്വത്തില്‍ നടന്ന 'ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസസ്' പഠനത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങളുള്ളത്. 204 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് ഇതിനായി വിശകലനം ചെയ്തത്.

പ്രധാന കണ്ടെത്തലുകള്‍

ഏറ്റവും കൂടുതല്‍ ഉത്കണ്ഠയും വിഷാദവും: മാനസിക വൈകല്യങ്ങളില്‍ ഏറ്റവും മുന്നിലുള്ളത് ഉത്കണ്ഠയും വിഷാദ രോഗവുമാണ്. 1990 നെ അപേക്ഷിച്ച് ഉത്കണ്ഠയില്‍ 158 ശതമാനവും വിഷാദ രോഗത്തില്‍ 131 ശതമാനവും വര്‍ദ്ധനവുണ്ടായി.

മൂന്നാം സ്ഥാനത്ത് വ്യക്തിത്വ വൈകല്യങ്ങള്‍: മറ്റ് മാനസിക പ്രശ്‌നങ്ങളോ ലഹരി ഉപയോഗമോ ഇല്ലാത്ത വ്യക്തിത്വ വൈകല്യങ്ങളാണ് മൂന്നാം സ്ഥാനത്ത്.

ലിംഗഭേദം: ഭൂരിഭാഗം മാനസിക വൈകല്യങ്ങളും സ്ത്രീകളിലാണ് കൂടുതല്‍ കാണപ്പെടുന്നത്. എന്നാല്‍ ഓട്ടിസം, എഡിഎച്ച്ഡി, പെരുമാറ്റ വൈകല്യങ്ങള്‍ എന്നിവ പുരുഷന്മാരിലാണ് കൂടുതല്‍.

കൂടുതല്‍ യുവാക്കളില്‍

മുന്‍കാലങ്ങളില്‍ മധ്യവയസ്‌കരിലായിരുന്നു മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതലായി കണ്ടിരുന്നതെങ്കില്‍, പുതിയ പഠനമനുസരിച്ച് 15 നും 39 നും ഇടയില്‍ പ്രായമുള്ളവരാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടുന്നത്. ഇതില്‍ തന്നെ 15 മുതല്‍ 19 വയസ് വരെയുള്ള കൗമാരക്കാരിലാണ് നിരക്കുകള്‍ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത്.

തലച്ചോറിന്റെയും സാമൂഹികമായ കഴിവുകളുടെയും വികാസത്തെ ബാധിക്കുന്ന ഈ പ്രായത്തിലെ മാനസിക ബുദ്ധിമുട്ടുകള്‍ ഭാവിയില്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

വര്‍ദ്ധനവിന് പിന്നിലെ കാരണങ്ങള്‍

നിരവധി പോസിറ്റീവും നെഗറ്റീവുമായ ഘടകങ്ങള്‍ ഈ വര്‍ദ്ധനവിന് കാരണമാകുന്നുണ്ടെന്ന് ക്വീന്‍സ്ലാന്‍ഡ് സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറും പഠനത്തിന്റെ പ്രധാന രചയിതാവുമായ ഡോ. ഡാമിയന്‍ സാന്റോമ്യൂറോ വ്യക്തമാക്കുന്നു.

പോസിറ്റീവ് ഘടകങ്ങള്‍

മാനസികരോഗങ്ങളെക്കുറിച്ചുള്ള വിവേചനം കുറഞ്ഞു.

ആളുകള്‍ കൂടുതല്‍ തുറന്നുപറയാന്‍ തുടങ്ങി.

രോഗനിര്‍ണ്ണയ സംവിധാനങ്ങള്‍ മെച്ചപ്പെട്ടു.

ജനസംഖ്യാ വളര്‍ച്ചയും ആയുര്‍ദൈര്‍ഘ്യവും.

നെഗറ്റീവ് ഘടകങ്ങള്‍

സാമ്പത്തിക അസ്ഥിരത, തൊഴിലില്ലായ്മ.

കോവിഡ്-19 പാന്‍ഡെമിക്കിന്റെ ആഘാതം.

യുദ്ധങ്ങള്‍, രാഷ്ട്രീയ അസ്ഥിരത, വിവേചനങ്ങള്‍.

സാമൂഹിക ബന്ധങ്ങളിലെ കുറവ്, ശരീര പ്രതിച്ഛായ പ്രശ്‌നങ്ങള്‍.

പരിഹാരങ്ങളും സഹായ സംവിധാനങ്ങളും

വര്‍ദ്ധിച്ചുവരുന്ന ഈ ആവശ്യങ്ങള്‍ക്കനുസരിച്ച് ആഗോളതലത്തില്‍ മാനസികാരോഗ്യ സേവനങ്ങള്‍ മെച്ചപ്പെട്ടിട്ടില്ലെന്ന് പഠനം കുറ്റപ്പെടുത്തുന്നു. വിദഗ്ദ്ധരുടെ സഹായം തേടുന്നതിനൊപ്പം ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങളും പ്രധാനമാണ്.

നല്ല ഭക്ഷണക്രമം, സാമൂഹിക ബന്ധങ്ങള്‍ നിലനിര്‍ത്തല്‍, കൃത്യമായ വ്യായാമം, ഉറക്കം, ഹോബികള്‍, ജോലി-ജീവിത സന്തുലിതാവസ്ഥ എന്നിവ മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ അത്യന്താപേക്ഷിതമാണ്.

അന്താരാഷ്ട്രതലത്തില്‍ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ സൂയിസൈഡ് പ്രിവന്‍ഷന്‍, യുകെയിലെ മൈന്‍ഡ്, ഓസ്ട്രേലിയയിലെ ബട്ടര്‍ഫ്‌ലൈ ഫൗണ്ടേഷന്‍ തുടങ്ങിയ സംഘടനകള്‍ ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ സൗജന്യ ഹെല്‍പ്പ്ലൈന്‍ സേവനങ്ങളും ഓണ്‍ലൈന്‍ പിന്തുണയും നല്‍കി വരുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam