കോവിഡിനു ശേഷം
പലർക്കും ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ട്. കടുത്ത ക്ഷീണം, രുചിയും ഗന്ധവും നഷ്ടപ്പെടൽ, ചുമ, തലവേദന എന്നിവയുൾപ്പെടെ
ദീർഘകാല കോവിഡിന്റെ ലക്ഷണങ്ങൾ പല തരത്തിൽ പ്രകടമാകാം. എന്നാൽ അത് മാത്രമല്ല, കോവിഡ്
ഹൃദയാരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകുമെന്ന് ഒരു പുതിയ പഠനം പറയുന്നു. കോവിഡ് അണുബാധ
ഹൃദയത്തിലെ രക്തക്കുഴലുകൾ കട്ടിയാകാൻ കാരണമാകുമെന്ന് പഠനം സൂചിപ്പിക്കുന്നു.
പ്രായം കൂടുന്നതിനനുസരിച്ച് രക്തക്കുഴലുകൾ കട്ടിയാകുന്നത് സ്വാഭാവികമാണ്. എന്നാൽ കോവിഡ് അണുബാധയോടെ ഇതിന് ആക്കം കൂടുന്നുവെന്നാണ് പഠനത്തിലുള്ളത്. രക്തക്കുഴലുകൾ കട്ടിയാകുന്നത് പക്ഷാഘാതം, ഹൃദയാഘാതം തുടങ്ങിയവയ്ക്കുള്ള സാധ്യത വർധിപ്പിക്കുമെന്നും ഗവേഷകർ പറയുന്നു.
ഫ്രാൻസിലെ പാരീസ് സിറ്റി യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നിൽ. പ്രൊഫസറായ റോസ മരിയ ബ്രൂണോയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. കോവിഡ് അണുബാധ, പ്രത്യേകിച്ച് സ്ത്രീകളിൽ രക്തക്കുഴലുകളുടെ പ്രായം അഞ്ച് വർഷം കൂട്ടുമെന്നാണ് പഠനത്തിലെ കണ്ടെത്തൽ.
യൂറോപ്യൻ ഹാർട്ട് ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കോവിഡ് നേരിട്ട് രക്തക്കുഴലുകളെ ബാധിക്കുന്നുണ്ടെന്നത് നേരത്തേ കണ്ടെത്തിയിട്ടുള്ളതാണെന്നും ഇതാവാം രക്തക്കുഴലുകൾ പ്രായമാകുന്നതിന് പിന്നിലെന്നും ഗവേഷകർ പറയുന്നു. അതിനാൽ ഈ സാധ്യത നേരത്തേ തിരിച്ചറിഞ്ഞ് അപകടസാധ്യതകൾ പരിശോധിക്കുന്നത് ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവ പ്രതിരോധിക്കാൻ സഹായിക്കുമെന്നും ഗവേഷകർ വ്യക്തമാക്കി.
ഓസ്ട്രിയ, ഓസ്ട്രേലിയ, ബ്രസീൽ, കാനഡ, സൈപ്രസ്, ഫ്രാൻസ്, ഗ്രീസ്, ഇറ്റലി, മെക്സിക്കോ, നോർവേ, ടർക്കി, യു.കെ. യു.എസ്. തുടങ്ങി പതിനാറോളം രാജ്യങ്ങളിൽ നിന്നുള്ള 2390 പേരുടെ വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്