മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിന് 'ഓപ്പറേഷൻ ഗംഗ' എന്നാണ് പേര് നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും വിഷ്ണു മോഹനാണ് നിർവഹിക്കുന്നത്. ബൈജു ഗോപാലനും വി.സി. പ്രവീണും ചിത്രത്തിന്റെ സഹനിർമാതാക്കളാണ്. കൃഷ്ണമൂർത്തിയാണ് നിർവഹണ നിർമ്മാതാവ്. 200 കോടിയാണ് ഓപ്പറേഷൻ ഗംഗയുടെ ബജറ്റ്.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ നടത്തിയ ചരിത്രപ്രധാനമായ രക്ഷാദൗത്യമായ ' ഓപ്പറേഷൻ ഗംഗ' യാണ് ചിത്രത്തിന്റെ പ്രമേയ പശ്ചാത്തലം. വൻ ക്യാൻവാസിലും മെഗാ ബജറ്റിലുമൊരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം ജോർജിയയിൽ ആരംഭിച്ചു. മോഹൻലാൽ ഉടൻ ചിത്രത്തിന്റെ സംഘത്തിനൊപ്പം ചേരും.
പോളണ്ട്, ജോർജിയ, കസാഖിസ്ഥാൻ, ഡൽഹി, ഡെറാഡൂൺ, കൊച്ചി എന്നിവിടങ്ങളിലായി 180 ദിവസത്തെ ചിത്രീകരണമാണ് അണിയറപ്രവർത്തകർ ആസൂത്രണം ചെയ്തിരിക്കുന്നത്. വിദേശത്തെയും ബോളിവുഡിലെയും പ്രമുഖ താരങ്ങളും സാങ്കേതികപ്രവർത്തകരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ശ്രീ ഗോകുലം മൂവീസ് നിർമിക്കുന്ന ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് 'ഓപ്പറേഷൻ ഗംഗ' ഒരുങ്ങുന്നത്.
മോഹൻലാലിനൊപ്പം ബോളിവുഡ് താരം അർജുൻ രാംപാൽ, ആദിൽ ഹുസൈൻ, ഭാഗ്യശ്രീ ബോർസെ, പാർഥിബൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ആദ്യ ചിത്രമായ 'മേപ്പടിയാൻ' തന്നെ ദേശീയ പുരസ്‌കാരം നേടിയതിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് വിഷ്ണു മോഹൻ. അദ്ദേഹത്തിന്റെ മൂന്നാമത്തെ സംവിധാന ചിത്രമാണ് 'ഓപ്പറേഷൻ ഗംഗ'.
' ധുരന്ധർ ' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം ശ്രദ്ധേയനായ സംഗീത സംവിധായകൻ ശാശ്വത് സച്ച്‌ദേവ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. 'പുഷ്പ'യുടെ ഒന്നും രണ്ടും ഭാഗങ്ങളുടെ ഛായാഗ്രാഹകനായ മിറോസ്ലാവ് കുബ ബ്രോസെക് ആണ് ചിത്രത്തിന്റെ ദൃശ്യങ്ങൾ പകർത്തുന്നത്.
'ധുരന്ധർ', 'കിൽ' തുടങ്ങിയ ചിത്രങ്ങളിലെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച സെ യങ് ഓ ആണ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.
'ഗോട്ട്', 'മെയ്യഴകൻ', 'അമരൻ', 'കത്തനാർ' തുടങ്ങിയ ചിത്രങ്ങളിൽ പ്രൊഡക്ഷൻ ഡിസൈനറായി പ്രവർത്തിച്ച രാജീവൻ ആണ് കലാസംവിധാനം നിർവഹിക്കുന്നത്. ഷമീർ മുഹമ്മദ് ചിത്രസംയോജനവും നിർവഹിക്കും.
'ധുരന്ധർ', 'യൂആർഐ', 'ത്രീ ഇഡിയറ്റ്‌സ്', 'പദ്മാവത് ' തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ച ബിശ്വദീപ് ചാറ്റർജിയാണ് ശബ്ദരൂപകൽപ്പന നിർവഹിക്കുന്നത്. 'കാന്താര'യിൽ വിഷ്വൽ എഫക്ട്‌സ് വിഭാഗത്തിൽ പ്രവർത്തിച്ച കെ.വി. സഞ്ജിത്ത് ദൃശ്യപ്രഭാവങ്ങളുടെ മേൽനോട്ടം വഹിക്കും.
'സഫേദ് സാഗർ', 'ബോർഡർ 2', 'ഫൈറ്റർ' തുടങ്ങിയ ചിത്രങ്ങളിൽ സൈനിക ഉപദേഷ്ടാവായി പ്രവർത്തിച്ച സ്‌ക്വാഡ്രൺ ലീഡർ വെർലിൻ പൻവാർ ചിത്രത്തിന്റെ സൈനിക ഉപദേഷ്ടാവാണ്.
നിരവധി ഹിറ്റ് ചിത്രങ്ങളുടെ പ്രമോഷൻ കൺസൾട്ടന്റായ വിപിൻകുമാറാണ് ഈ ചിത്രത്തിന്റെയും പ്രമോഷൻ കൺസെൻട്ടന്റ്്.
'ലോക' ചിത്രത്തിന്റെ വസ്ത്രാലങ്കാരം നിർവഹിച്ച മെൽവി ജെയാണ് 'ഓപ്പറേഷൻ ഗംഗ'യുടെയും വസ്ത്രാലങ്കാരം ഒരുക്കുന്നത്. റോണക്‌സ് സേവ്യർ ചമയവും റിന്നി ദിവാകർ നിർമ്മാണ നിയന്ത്രണവും നിർവഹിക്കും.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ നിലവിൽ ഒരുങ്ങുന്ന മറ്റ് പ്രധാന ചിത്രങ്ങളിൽ സുരേഷ് ഗോപി നായകനാകുന്ന 'ഒറ്റക്കൊമ്പൻ', ജയസൂര്യ നായകനാകുന്ന 'കത്തനാർ', എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന 'കില്ലർ' എന്നിവയും ഉൾപ്പെടുന്നു.
വലിയ താരനിരയും വിദേശ ലൊക്കേഷനുകളും പ്രമുഖ സാങ്കേതികപ്രവർത്തകരും അണിനിരക്കുന്ന 'ഓപ്പറേഷൻ ഗംഗ' മലയാള സിനിമയിൽ വലിയ പ്രതീക്ഷ ഉയർത്തുന്ന ചിത്രങ്ങളിലൊന്നായാണ് ഒരുങ്ങുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
