കൾട്ട് ക്ലാസിക്കാകുമോ? ധനുഷ് -മമ്മൂട്ടി ചിത്രം ഓം ചാപ്റ്റർ 1 ഐ.എം.ഡി.ബി പട്ടികയിൽ ഒന്നാമത് !

NOVEMBER 5, 2026, 8:14 AM


ധനുഷും മമ്മൂട്ടിയും ഒന്നിക്കുന്ന തമിഴ് ചിത്രം 'ഓം ചാപ്റ്റർ 1: ഉധിരം - ദി ബ്ലഡ് വുഡ്'റിലീസിന് മുന്നോടിയായി വലിയ ചർച്ചയാകുന്നു. ചിത്രത്തിന്റെ ഇതുവരെ പുറത്തുവന്ന ഗ്ലിംപ്‌സ് വീഡിയോകൾ സിനിമാ പ്രേമികൾക്കിടയിൽ വലിയ പ്രതീക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്. രാജ് കുമാർ പെരിയസാമിയുടെ സംവിധാനത്തിൽ നവംബർ 20ന് ആഗോള പ്രദർശനത്തിന് ഒരുങ്ങുന്ന ചിത്രത്തിന്റെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ബിനു ജോർജ് അലക്‌സാണ്ടർ പ്രൊഡക്ഷൻസാണ്. ബിനു ജോർജ് അലക്‌സാണ്ടർ പ്രൊഡക്ഷൻസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിൽ വൻ ചാർട്ടിങ് വഴി തീയേറ്ററുകളിൽ എത്തിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും പ്രതീക്ഷയുള്ള സിനിമകളുടെ ഐ.എം.ഡി.ബി പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയതും ചിത്രത്തിന്റെ പ്രീറിലീസ് ആവേശം വ്യക്തമാക്കുന്നു. പുറത്തുവന്ന പോസ്റ്റർ പ്രകാരം 37.7 ശതമാനം പ്രേക്ഷക താൽപര്യത്തോടെയാണ് ചിത്രം ഒന്നാമതെത്തിയത്. വനമേഖലയുടെ പശ്ചാത്തലത്തിൽ അധികാരവും സംഘർഷവും കുറ്റകൃത്യങ്ങളും പ്രതികാരവും ചേർന്ന തീവ്രമായ ആക്ഷൻ ഡ്രാമയായിരിക്കും ചിത്രം നൽകുകയെന്ന സൂചനയാണ് പ്രോമോ ദൃശ്യങ്ങൾ നൽകുന്നത്.

മമ്മൂട്ടിയും രജനികാന്തും ഒന്നിച്ചഭിനയിച്ച മണിരത്‌നത്തിന്റെ 'ദളപതി' ഇന്നും തമിഴ് സിനിമയിലെ എക്കാലത്തെയും ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നാണ്. അതുപോലെ കരുത്തുറ്റ കഥാപാത്രങ്ങളും താരങ്ങളുടെ അസാധാരണമായ പ്രകടനവും സിനിമാറ്റിക് മികവും ഒത്തുചേരുന്ന മറ്റൊരു കൾട്ട് ക്ലാസിക്കായി 'ഓം' മാറുമോ എന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്. ധനുഷിന്റെയും മമ്മൂട്ടിയുടെയും സ്‌ക്രീൻ കെമിസ്ട്രിയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്ന്.

vachakam
vachakam
vachakam

ചിത്രത്തിന്റെ ആദ്യ പ്രമോഷണൽ വീഡിയോയായ 'ഓം ഫസ്റ്റ് സ്‌ട്രൈക്ക് ' പുറത്തിറങ്ങിയതോടെയാണ് സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകൾ വർദ്ധിച്ചത്. മലനിരകളും നിബിഡ വനങ്ങളും ക്ഷേത്രനഗരവും ഉൾപ്പെടുന്ന ദൃശ്യങ്ങളോടെയാണ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് മഴയിൽ കുതിർന്ന വനമേഖലയിൽ ആയുധധാരികളായ സുരക്ഷാസേനയും സാധാരണക്കാരും തമ്മിലുള്ള സംഘർഷമാണ് ദൃശ്യമാകുന്നത്. വനത്തിൽ ജോലി ചെയ്യുന്ന മരംവെട്ടുകാരെ ആയുധധാരികൾ വളയുന്നതും അവരെ രക്ഷിക്കാനായി ധനുഷിന്റെ കഥാപാത്രം രംഗത്തെത്തുന്നതുമാണ് പ്രൊമോയിലെ പ്രധാന ആകർഷണം. പശ്ചാത്തല സംഗീതം എന്നിവ സിനിമയുടെ സാങ്കേതിക മികവിനെക്കുറിച്ചും വലിയ പ്രതീക്ഷ നൽകുന്നു.

ചിത്രത്തെക്കുറിച്ചുള്ള ആവേശം ഇരട്ടിയാക്കിയത് മമ്മൂട്ടിയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തിയ പ്രത്യേക ഗ്ലിംപ്‌സാണ്. ചിത്രത്തിൽ ബർമ കാർത്തികേയൻ എന്ന അധോലോക കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. 'സിയ' എന്ന പേരിലും അറിയപ്പെടുന്ന ഈ കഥാപാത്രത്തിന് അന്താരാഷ്ട്ര കുറ്റകൃത്യ ശൃംഖലകളുമായി ബന്ധമുണ്ടെന്നാണ് പുറത്തുവന്ന വിവരങ്ങൾ. ഇന്റർപോളിന്റെ അന്വേഷണപരിധിയിലുള്ള ശക്തനായ കുറ്റവാളിയായാണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നായകസങ്കൽപ്പത്തിന് പുറത്തുനിൽക്കുന്ന, സങ്കീർണമായ സ്വഭാവമുള്ള കഥാപാത്രമാണ് ബർമ കാർത്തികേയൻ.

'ഞാനൊരു കള്ളക്കടത്തുകാരനല്ലേ, എന്നെ സ്വർണമനുഷ്യനെന്ന് വിളിക്കാനാവില്ല. ഒരുപാട് മാലിന്യങ്ങൾ കലർന്ന സ്വർണം എന്നു പറയാം' എന്ന അർത്ഥം വരുന്ന സംഭാഷണത്തിലൂടെ കഥാപാത്രത്തിന്റെ സ്വഭാവത്തെക്കുറിച്ച് ചെറിയ സൂചനയും മമ്മൂട്ടി നൽകുന്നുണ്ട്. മമ്മൂട്ടിയുടെ വ്യത്യസ്തമായ ഗെറ്റപ്പും സംഭാഷണശൈലിയും കഥാപാത്രത്തിന്റെ ഗൗരവവും ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ധനുഷിന്റെ കഥാപാത്രം മമ്മൂട്ടിയുടെ കഥാപാത്രത്തിന് കീഴിൽ പ്രവർത്തിക്കുന്നതായും ഗ്ലിംപ്‌സ് സൂചന നൽകുന്നു. ഇരുവരും തമ്മിലുള്ള ബന്ധം സിനിമയിലെ നിർണായക ഘടകമായിരിക്കുമെന്നാണ് വിലയിരുത്തൽ.

vachakam
vachakam
vachakam

ഓം ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകർഷണമാണ് സായ് പല്ലവിയുടെ കഥാപാത്രം. പുറത്തിറങ്ങിയ ഗ്ലിംപ്‌സിൽ നിത്യ റെഡ്ഡി എന്ന സി.ബി.ഐ ഉദ്യോഗസ്ഥയായാണ് സായ് പല്ലവിയെ അവതരിപ്പിച്ചിരിക്കുന്നത്. വിലപിടിപ്പുള്ള ചുവന്ന ചന്ദനത്തടികളുടെ അനധികൃത കടത്ത് അന്വേഷിക്കാനാണ് നിത്യ റെഡ്ഡി എത്തുന്നത്. എന്നാൽ ഇത് കേവലം ഔദ്യോഗിക അന്വേഷണത്തിന്റെ മാത്രം കഥയല്ല. വനസംരക്ഷണത്തിനിടെ ജീവൻ നഷ്ടപ്പെട്ട ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായിരുന്ന പിതാവിന്റെ ഓർമകളും നിത്യയുടെ ദൗത്യത്തിന് വൈകാരികമായ തലം നൽകുന്നു. സായി പല്ലവിയെ കൂടാതെ ചിത്രത്തിലെ മറ്റൊരു നായികയായ ശ്രീലീലയെ അവതരിപ്പിച്ചത് സെഞ്ചുടരെ.. എന്ന ഗാനത്തിലൂടെയാണ്. റോജ എന്നാണ് ശ്രീലീല അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

ധനുഷ്, മമ്മൂട്ടി, സായ് പല്ലവി എന്നിവർക്കൊപ്പം ശ്രീലീല, നസറുദ്ദീൻ ഷാ, ഇന്ദ്രൻസ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മലയാളം, തമിഴ് സിനിമാപ്രേമികൾക്ക് ഒരുപോലെ താൽപര്യമുണർത്തുന്ന താരനിരയാണ് ചിത്രത്തിന്റേത്.

'അമരൻ' എന്ന വിജയചിത്രത്തിലൂടെ ശ്രദ്ധേയനായ രാജ് കുമാർ പെരിയസാമിയാണ് രചനയും സംവിധാനവും നിർവഹിക്കുന്നത്. സായ് അഭ്യങ്കർ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു. എഴിൽ അരശുവാണ് ഛായാഗ്രഹണം. ആർ. കലൈവാണൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. യാനിക് ബെൻ, കെച്ച ഖംഫാക്ഡീ എന്നിവരാണ് ആക്ഷൻ രംഗങ്ങളുടെ കൊറിയോഗ്രഫി കൈകാര്യം ചെയ്യുന്നത്.

vachakam
vachakam
vachakam

മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി തമിഴിലെ ശ്രദ്ധേയ താരം ധനുഷിനൊപ്പം എത്തുന്ന ചിത്രം എന്ന നിലയിൽ കേരളത്തിലും 'ഓം' വലിയ ചർച്ചയാകുമെന്നാണ് പ്രതീക്ഷ. ബിനു ജോർജ് അലക്‌സാണ്ടർ പ്രൊഡക്ഷൻസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. മമ്മൂട്ടിയുടെ സാന്നിധ്യം മലയാളി പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകർഷിക്കുമെന്നതിനു പുറമെ ധനുഷിനുള്ള കേരളത്തിലെ വലിയ ആരാധകവൃന്ദവും ചിത്രത്തിന് അനുകൂല ഘടകമാണ്. മമ്മൂട്ടിയും ധനുഷും ഒരേ ഫ്രെയിമിൽ എത്തുന്ന രംഗങ്ങൾക്കായി കാത്തിരിക്കുന്നവരും ഏറെയാണ്. നവംബർ 6ന് ചെന്നൈയിലെ സായ്രാം എൻജിനീയറിങ് കോളേജിൽ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും നിശ്ചയിച്ചിട്ടുണ്ട്.

മലയാളത്തിൽ 'ദളപതി' സൃഷ്ടിച്ച താരസംഗമത്തിന്റെ ഓർമകൾ മനസ്സിലുള്ള പ്രേക്ഷകർക്ക് ധനുഷ് - മമ്മൂട്ടി കൂട്ടുകെട്ട് പുതിയൊരു സിനിമാനുഭവമാകുമോ 'ഓം' എന്നതാണ് പ്രധാന ചോദ്യം. ഇതുവരെ പുറത്തു വന്ന പ്രോമോ സോങ് ദൃശ്യങ്ങൾ നൽകുന്ന പ്രതീക്ഷകൾ യാഥാർത്ഥ്യമാകുകയും ശക്തമായ തിരക്കഥയും അവതരണവും ഒത്തുചേരുകയും ചെയ്താൽ തമിഴ് സിനിമയിൽ ദീർഘകാലം ഓർമിക്കപ്പെടുന്ന ഒരു ചിത്രമായി 'ഓം' മാറാനുള്ള സാധ്യതയുണ്ട്.

പ്രൊഡ്യൂസർ - ശ്രദ്ധ അഗർവാൾ, ധനുഷ്, അസ്മത് ജഗ്മഗ്, ക്രീയേറ്റീവ് പ്രൊഡ്യൂസർ -വിഷു രാമസാമി, കോ പ്രൊഡ്യൂസർ -ശ്രേയസ് ശ്രീനിവാസൻ, സന്ദേശ് അഗർവാൾ, ഛായാഗ്രഹണം - എഴിൽ അരസന്, സംഗീതം - സായ് അഭയങ്കർ, എഡിറ്റിംഗ് - ആർ. കലയ്വാനൻ, ആക്ഷൻ - യാനിക് ബെൻ, പ്രൊഡക്ഷൻ ഡിസൈനർ - രാജീവൻ, കലാസംവിധാനം -ആർ പണ്ണീർ സെൽവം, നൃത്തം - സാൻഡി, സൗണ്ട് ഡിസൈൻ -സിങ്ക് സിനിമ, സൗണ്ട് മിക്‌സ് -കണ്ണൻ ഗണപത്, കോസ്റ്റ്യൂം ഡിസൈനർ - കാവ്യ ശ്രീറാം, ഡിഐ - പ്രസാദ് ലാബ്, കളറിസ്റ്റ് -രംഗ, വിഎഫ്എക്‌സ് -ഫാന്റം എഫ് എക്‌സ്, സ്‌പെക്ടർ പോസ്റ്റ്, വിഎഫ്എക്‌സ് സൂപ്പർവൈസർ -ശ്യാം പിഎം, ഡിജിറ്റൽ -പി.ആർ. അഖിൽ, വിഷ്ണു വി എസ്, പി. ആർ. ഒ - അക്ഷയ് പ്രകാശ്, സ്റ്റിൽസ് - വി സിട്രറസ്, മേക്കപ്പ്  -ബി രാജ, കോസ്റ്റുമെർ - നാഗ്, പബ്ലിസിറ്റി ഡിസൈൻ - കബിലൻ, പ്രൊഡക്ഷൻ കൺട്രോളർ -ഡി രമേശ് കുചിരായർ, പ്രൊഡക്ഷൻ എക്‌സികുട്ടീവ് -മീനുശ്രീ ഹരിഹരൻ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam