നിതേഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രമായ 'രാമായണ: റൈസ് ഓഫ് എ ലെജൻഡ്' എന്ന സിനിമയിലെ സംഗീതത്തെക്കുറിച്ചുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി പ്രശസ്ത സംഗീതസംവിധായകൻ എ.ആർ. റഹ്‌മാൻ.
എല്ലാവരെയും തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്നതിന് പകരം സ്വന്തം സംഗീതസങ്കൽപ്പങ്ങളിൽ വിശ്വസിക്കണമെന്ന നിലപാടാണ് അദ്ദേഹം പങ്കുവെച്ചത്. ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സിന്റെ വാക്കുകൾ ഉദ്ധരിച്ചായിരുന്നു റഹ്‌മാന്റെ പ്രതികരണം. ''എല്ലാവരെയും തൃപ്തിപ്പെടുത്തണമെന്നുണ്ടെങ്കിൽ പോയി ഐസ്‌ക്രീം വിറ്റോളൂ'' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. 'സ്‌ക്രീൻ' മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
താനാണ് തന്റെ ഏറ്റവും ആദ്യത്തെ വിമർശകനെന്ന് വ്യക്തമാക്കിയ റഹ്‌മാൻ, താൻ ചെയ്യുന്ന എല്ലാ കാര്യങ്ങളും തനിക്ക് തന്നെ ഇഷ്ടമാണെന്നർത്ഥമില്ലെന്നും പറഞ്ഞു. ഒരു ദിവസം കൊണ്ട് ഒന്നിലും തീരുമാനത്തിൽ എത്താറില്ലെന്നും, ചിലപ്പോൾ മാസങ്ങളോളം അതിനൊപ്പം ജീവിച്ചാണ് ഈണങ്ങൾ തയ്യാറാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അച്ചാർ പോലെ ചില ഈണങ്ങൾ പഴകുന്തോറും മികച്ചതായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒരു സംഗീതസൃഷ്ടിയുടെ ഒരു വശം മാത്രം കണ്ട് വിമർശിക്കുന്നവരുണ്ടെന്നും, എന്നാൽ കുറച്ചു സമയം നൽകുമ്പോൾ അതിനു പിന്നിലെ ആശയം ശ്രോതാക്കൾക്ക് മനസ്സിലാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിത്രത്തിലെ 'മംഗൾ രംഗ്' എന്ന ഗാനം പുറത്തിറങ്ങിയതോടെയാണ് സംഗീതത്തെച്ചൊല്ലിയുള്ള ചർച്ചകളും വിമർശനങ്ങളും ശക്തമായത്. അരിജിത് സിങ്ങും ശ്രേയ ഘോഷാലും ആലപിച്ച ഗാനത്തിന്റെ വരികൾ കുമാർ വിശ്വാസിന്റേതാണ്. ശ്രീരാമന്റെയും സീതാദേവിയുടെയും വിവാഹ രംഗം പശ്ചാത്തലമാക്കുന്ന ഈ ഗാനത്തിൽ ഖവാലിയുടെ സ്വാധീനമുണ്ടെന്ന തരത്തിലുള്ള അഭിപ്രായങ്ങളും, ഇതിഹാസത്തിന്റെ പശ്ചാത്തലത്തിന് അനുയോജ്യമായ ശൈലിയിലാണോ സംഗീതം ഒരുക്കിയിരിക്കുന്നതെന്ന സംശയങ്ങളും ചിലർ ഉന്നയിച്ചിരുന്നു.
സനാതന ധർമത്തിന്റെ സംഗീതപാരമ്പര്യവുമായി കൂടുതൽ ചേർന്നുനിൽക്കുന്ന ശൈലിയാണ് വേണ്ടിയിരുന്നതെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ, 'രാവണ താണ്ഡവ്' രംഗത്തിലെ ഇലക്ട്രോണിക് സംഗീതാവിഷ്‌കാരത്തിന് പ്രതീക്ഷിച്ച ഊർജമില്ലെന്ന വിമർശനവും ഉയർന്നു. ഗാനത്തിലെ വരികൾക്കും വേണ്ടത്ര വൈകാരിക ആഴമില്ലെന്ന അഭിപ്രായങ്ങളുണ്ടായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
