ചെന്നൈ: സൂര്യ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായ ‘കറുപ്പ്’ റിലീസിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ആദ്യ പ്രദർശനങ്ങൾ റദ്ദാക്കിയതായി റിപ്പോർട്ട്. സൂര്യയെ നായകനാക്കി ആർ ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വ്യാഴാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കേണ്ടിരുന്ന ഷോകളാണ് അവസാന നിമിഷം ഒഴിവാക്കിയത്. സാമ്പത്തിക പ്രതിസന്ധിയും വിതരണവുമായി ബന്ധപ്പെട്ട തർക്കങ്ങളുമാണ് ഇതിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.
പുലർച്ചെ ഒരു മണിയോടെയാണ് ഷോകൾ റദ്ദാക്കിയ വിവരം എക്സ് പ്ലാറ്റ്‌ഫോമിലൂടെ ഔദ്യോഗികമായി അറിയിച്ചത്. “ഒഴിവാക്കാനാവാത്ത കാരണങ്ങളാൽ രാവിലെ 9 മണിയുടെ ഷോകൾ റദ്ദാക്കേണ്ടി വന്നു. പ്രേക്ഷകരോട് ക്ഷമ ചോദിക്കുന്നു,” എന്നാണ് അറിയിപ്പിൽ പറഞ്ഞത്.
സാമ്പത്തിക തർക്കങ്ങൾ പരിഹരിക്കപ്പെടാത്തതിനെ തുടർന്നാണ് റിലീസ് തടസപ്പെട്ടതെന്നാണ് സൂചന. അപ്രതീക്ഷിതമായ ഈ നീക്കം സിനിമയുടെ റിലീസ് പദ്ധതികളെ സാരമായി ബാധിച്ചിട്ടുണ്ട്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആരാധകരും നിരാശയിലാണ്.
രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണെന്നതാണ് ‘കറുപ്പ്’ എന്ന സിനിമയുടെ പ്രധാന ആകർഷണം. ഇരുവരും ഇതുവരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പിലും മേക്കോവറിലുമാണ് ചിത്രത്തിലെത്തുന്നത്. വൈറൽ ഹിറ്റ് ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ യുവ സംഗീത സംവിധായകൻ സായ് അഭ്യാങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സൂര്യ-തൃഷ കൂട്ടുകെട്ടിന്റെ മാജിക് വീണ്ടും വലിയ സ്‌ക്രീനിൽ കാണാനായി ആരാധകർ കാത്തിരിക്കുകയായിരുന്നു.
കേരളത്തിൽ ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത് ഐ എം പി ഫിലിംസാണ്. ഇതുവരെ പുറത്തുവന്ന അപ്ഡേറ്റുകൾ പ്രകാരം ‘കറുപ്പ്’ ഒരു പക്കാ മാസ് എന്റർടെയിനർ ആയിരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
അതേസമയം, ഈ കഥ ആദ്യം നടൻ വിജയിയെ നായകനാക്കി ചെയ്യാനായിരുന്നു ആലോചനയെന്ന് സംവിധായകൻ ആർ ജെ ബാലാജി നേരത്തെ വെളിപ്പെടുത്തിയിരുന്നു. പിന്നീട് ആ പദ്ധതി നടക്കാതെ പോയതോടെയാണ് സൂര്യ നായകനായി ചിത്രമൊരുങ്ങിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
