വാൻകൂവർ: പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ലിബറൽ ഗവൺമെൻ്റിനെ താഴെയിറക്കാൻ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ പാർട്ടി പദ്ധതിയിടുന്നതായി കനേഡിയൻ കൺസർവേറ്റീവ് നേതാവ് പിയറി പൊയിലീവ്രെ.
ന്യൂ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ജഗ്മീത് സിങ്ങിനോട് പ്രമേയത്തെ പിന്തുണക്കാനും തിരഞ്ഞെടുപ്പിന് തുടക്കമിടാനുമാണ് പൊയിലിവർ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ തൻ്റെ പാർട്ടി കൺസർവേറ്റീവുകളെ പിന്തുണയ്ക്കുമോ എന്ന് പറയാൻ സിംഗ് വിസമ്മതിച്ചു.
338 കനേഡിയൻ ഹൗസ് ഓഫ് കോമൺസിൽ ലിബറലുകൾക്ക് നിലവിൽ 154 സീറ്റുകളാണുള്ളത്. കൺസർവേറ്റീസിന് 119 ഉം എൻഡിപിക്ക് 24 ഉം ഉണ്ട്. ബ്ലോക്ക് ക്യൂബെക്കോയിസിന് 32 സീറ്റുകളുണ്ട്.
മുതിർന്നവർക്കുള്ള പിന്തുണ വർധിപ്പിക്കുക, കുടിയേറ്റ കാര്യങ്ങളിൽ ക്യൂബെക്കിന് കൂടുതൽ അധികാരം നൽകുക തുടങ്ങിയ വിഷയങ്ങളിൽ ലിബറലുകൾ അംഗീകരിക്കുകയാണെങ്കിൽ സർക്കാരിനെ പിന്തുണയ്ക്കാൻ തൻ്റെ പാർട്ടി തയ്യാറാണെന്നാണ് ബ്ലോക്ക് ക്യൂബെക്കോയിസിന്റെ നിലപാട്.
അടുത്തിടെ സിഖ് നേതാവ് ജഗ്മീത് സിങ്ങിന്റെ നേതൃത്വത്തിലുള്ള പ്രധാന സഖ്യകക്ഷിയായ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി(എന്‍ഡിപി) സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. അടുത്ത വര്‍ഷം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പിന്തുണ പിന്‍വലിച്ചത് ട്രൂഡോ സര്‍ക്കാരിന് തിരിച്ചടിയാണ്.
കൺസർവേറ്റീവുകൾ ലിബറലുകളേക്കാൾ ഏറെ മുന്നിലാണെന്നും എൻഡിപി മൂന്നാം സ്ഥാനത്താണെന്നും മിക്ക സർവേകളും കാണിക്കുന്നു. പല വോട്ടർമാർക്കിടയിലും ട്രൂഡോയുടെ ജനസമ്മിതി വളരെ കുറവാണ്. പാര്‍പ്പിട പ്രതിസന്ധിയും പണപ്പെരുപ്പവും കാരണം ട്രൂഡോ സര്‍ക്കാരിനെതിരേ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ട്.
അതിനാല്‍ പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവുകള്‍ക്ക് അനുകൂലമായ അന്തരീക്ഷമാണ് കാനഡയിലുള്ളത്. നേരത്തെ തെരഞ്ഞെടുപ്പ് നടത്തിയാല്‍ അത് കണ്‍സര്‍വേറ്റീവുകള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നാണ് പിയറി പൊയിലീവ്രെയുടെ നിലപാട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്