എംജിആർ ഇന്ത്യയിൽ മുഖ്യമന്ത്രിയാകുന്ന ആദ്യ ചലച്ചിത്രതാരം

JANUARY 25, 2023, 8:10 PM

തമിഴ്‌നാട്ടിലെ ദരിദ്രരുടെയും അധഃസ്ഥിതരുടെയും ക്ഷേമം എം.ജി. രാമചന്ദ്രൻ എപ്പോഴും ഉറപ്പുനൽകിയിരുന്നു. തമിഴ്‌നാട്ടിലെ സർക്കാർ സ്ഥാപനങ്ങളിൽ പഠിക്കുന്ന എല്ലാ കുട്ടികൾക്കും പ്രയോജനപ്പെടുന്ന 'പോഷക ഉച്ചഭക്ഷണ പദ്ധതി' എന്ന നയം സംസ്ഥാന മുഖ്യമന്ത്രിയായിരിക്കെ എംജിആർ അവതരിപ്പിച്ചതാണ്.  

'ആളുകൾ അറിയപ്പെടുന്ന' ഒരു രാഷ്ട്രീയ നേതാവാകണമെങ്കിലുള്ള ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ചില്ലറയൊന്നുമല്ല. മാധ്യമങ്ങളുടെ, പിന്നെ പൊതുജനത്തിന്റെ അംഗീകാരം കിട്ടണമെങ്കിൽ 'പെടാപ്പാടുപെടുക' തന്നെ വേണം. അതിനാവട്ടെ നിരവധി വർഷങ്ങളുടെ പ്രയത്‌നം ആവശ്യമാണുതാനും. നേരായ മാർഗം മാത്രമല്ല, കുറച്ചൊക്കെ നടന വൈഭവവും ആവശ്യമുള്ള ഒരു പ്രക്രിയയാണ് ഇത്.

കലാരംഗത്തുള്ളവർക്ക് പ്രത്യേകിച്ചും സിനിമ, ടെലിവിഷൻ, സംഗീതം എന്നീ മേഖലകളിൽ വ്യാപരിക്കുന്നവർക്ക് രാഷ്ട്രീയത്തിൽ പ്രവേശിച്ച് അംഗീകാരം നേടുക എന്നുള്ളത് പ്രായേണ എളുപ്പമുള്ളകാര്യമാണ്. അവരുടെ പൊതുജീവിതം പോലെതന്നെ സ്വകാര്യജീവിതവും ജനങ്ങൾക്ക് ഏറെക്കുറെ അറിവുള്ളതായിരിക്കും. അങ്ങ് അമേരിക്കൻ ഐക്യനാടുകൾ മുതൽ ഇങ്ങ് ഫിലിപ്പൈൻസ് വരെയുള്ള രാജ്യങ്ങളിൽ ചലച്ചിത്ര നടന്മാർ രാഷ്ട്രത്തലവന്മാരായിട്ടുണ്ടെങ്കിലും നമുക്ക് ഉദാഹരണങ്ങൾ തേടി അങ്ങോട്ടൊന്നും പോകേണ്ടതില്ല ഇവിടെ, ദക്ഷിണേന്ത്യയിൽ തന്നെയുണ്ട്, രണ്ടുപേർ. തമിഴ്‌നാട്ടിൽ 'മക്കൾ തിലക'മായ 'പുരട്ചി നടികർ' എം.ജി. രാമചന്ദ്രനും ആന്ധ്രാപ്രദേശിൽ എൻ.ടി.രാമറാവുവും.

vachakam
vachakam
vachakam

എം.ജി.ആറിന്റെ ('യുനെസ്‌കോ' വരെ പ്രശംസിക്കുകയും അംഗീകരിക്കുകയും ചെയ്ത) 'ഉച്ചഭക്ഷണ പരിപാടി' ഒന്നുമാത്രം മതി ഒരു കലാകാരനും മികച്ചൊരു ഭരണാധികാരിയാകുമെന്ന് തെളിയിക്കാൻ. അദ്ദേഹത്തെ ചാരിനിന്ന് അധികാരത്തിലേരിയ മുത്തവേൽ കരുണാനിധിക്ക് ഒടുവിൽ എം.ജി.ആർ. തലവേദനയായി മാറുന്നതും നാം കണ്ടു. എന്തിനുപറയുന്നു. അധികാരത്തിലേറിയ എംജിആർ ജീവിച്ചിരുന്ന കാലംവരെ അധികാര കസേരയുടെ അടുത്തപോലും എത്താൻ  കരുണാനിധിക്ക് കഴിഞ്ഞിരുന്നില്ലെന്നുള്ളത് എം.ജി.ആറിന്റെ രാഷ്ട്രീയപടുത്വത്തിന്റെ നിദർശനമാണ്. പിന്നെ, കലാകാരന്മാർ രാഷ്ട്രീയത്തിലിറങ്ങുന്നതിൽ ആരും അപകാതയൊന്നും കാണേണ്ട ആവശ്യമില്ല.

അധ്യാപകരെയും അഭിഭാഷകരെയും ഗുമസ്തന്മാരെയും തൊഴിലാളികളെയും പോലെ അവരും സമൂഹത്തിന്റെ ഭാഗം തന്നെയാണ്. ആദ്യകാലത്ത്, ദക്ഷിണേന്ത്യയിൽ കേരളം മാത്രമാണ് സിനിമാതാരങ്ങൾ പൊതുരംഗത്ത് കാര്യമായി വിജയം വരിക്കാതിരുന്ന സംസ്ഥാനം. 'നിത്യഹരിത' നായകൻ പ്രേംനസീർ കോൺഗ്രസ് പാർട്ടിക്കുവേണ്ടിയും അടൂർഭാസി ആർ.എസ്.പിക്കവേണ്ടിയും വോട്ടു പിടിക്കാനിറങ്ങിയപ്പോൾ നിരാശയായിരുന്നു ഫലം. കർണാടകത്തിൽ മുഖ്യമന്ത്രിയായിരുന്ന രാമകൃഷ്ണ ഹെഗ്‌ഡെക്കുപോലും രണ്ടു മൂന്നു ചിത്രങ്ങളിൽ നായകവേഷം കെട്ടിയ ചരിത്രമുണ്ട്.

സ്വതന്ത്ര ഇന്ത്യയിൽ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവാണ് ഒരു പ്രമുഖതാരത്തെ ആദ്യമായി രാഷ്ട്രീയത്തിലേക്കു കൊണ്ടുവന്നത്. പക്ഷെ അത് നാമനിർദ്ദേശത്തിലൂടെ ആയിരുന്നു. അഫ്ഗാനിസ്ഥാനിൽ കുടുംബ വേരുകളുള്ള, സജീവസാന്നിധ്യം കൊണ്ടുതന്നെ സർവ്വരുടെയും ശ്രദ്ധയാകർഷിക്കുന്ന ('മുഗൾഇഅസം' എന്ന സിനിമയിലെ അക്ബർ ചക്രവർത്തിയായി വേഷമിട്ട വ്യക്തി) പൃഥ്വിരാജ് കപൂറിനെ രാജ്യസഭയിലേക്കു നാമനിർദ്ദേശം ചെയ്തുകൊണ്ടായിരുന്നു അത്. 

vachakam
vachakam
vachakam

പൃഥ്വിരാജിന് കലയായിരുന്നു രാഷ്ട്രീയം. എന്നാൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായപ്പോൾ നാമനിർദ്ദേശം ചെയ്യപ്പെടുന്നവരുടെ സ്വഭാവം മാറി. ബോംബെ സെൻട്രലിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി വി.കെ. കൃഷ്ണമേനോൻ മത്സരിച്ചപ്പോൾ അദ്ദേഹത്തിനവേണ്ടി കവലകൾതോറും പൊതുയോഗം സംഘടിപ്പിച്ച ദിലീപ് കുമാറും നർഗീസും മറ്റുമായി രാജ്യസഭയിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾ. എം.പിമാരായിരിക്കെ രണ്ടുപേരും അറിഞ്ഞോ അറിയാതെയോ പരമവിഡ്ഢിത്തം പ്രകടിപ്പിക്കുകയും ചെയ്തു.

പാകിസ്ഥാന്റെ പരമോന്നത സിവിലിയൻ ബഹുമതി സ്വീകരിച്ചുകൊണ്ട് ഇന്ത്യയെ കുറ്റപ്പെടുത്തി സംസാരിച്ചു. തന്റെ പകുതിപ്രായം പോലുമില്ലാത്ത പത്‌നി നടി സൈരാബാനുവിനു പുറമെ ഒരു ഹൈദരാബാദുകാരി ഭാര്യാപദവി, തെളിവുകൾ സഹിതം അവകാശപ്പെട്ടപ്പോഴും ദിലീപ് കുമാർ വെട്ടിലായി. ''ഇന്ത്യയിലെ ദാരിദ്ര്യം വിറ്റ് വിദേശ അവാർഡുകൾ സമ്പാദിച്ചു കൂട്ടുകയാണ് സത്യജിത്രേ'' എന്ന് രാജ്യസഭയിൽ പ്രസംഗിച്ചപ്പോഴും ഒരു ലണ്ടൻ സന്ദർശനവേളയിൽ സൂപ്പർമാർക്കറ്റിൽ നിന്ന് ചില വസ്തുക്കൾ മോഷ്ടിച്ചതിന് പിടികൂടപ്പെട്ടപ്പോഴുമാണ് നർഗീസ് വിവാദത്തിലായത്.

കലാകാരന്മാരെ രാഷ്ട്രീയത്തിൽ കൊണ്ടുവരുക എന്ന ഇന്ദിരാഗാന്ധിയുടെ 'കല'യെ തനി കച്ചവടമാക്കിയത് പിന്നീട് പ്രധാനമന്ത്രിയായ രാജീവ് ഗാന്ധിയും തുടർന്ന് പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് (ടി.എം.സി.) രൂപീകരിച്ച മമതാബാനർജിയുമാണ്. പ്രധാനമന്ത്രിയായിരുന്ന വി.പി.സിംഗിനെതിരെ (ജനതാപാർട്ടി) രാജീവ് കോൺഗ്രസ് ബാനറിൽ മത്സരിപ്പിച്ചത് 'ക്ഷോഭിക്കുന്ന യുവതലമുറയുടെ പ്രതിനിധി'യായും മറ്റും വിശേഷിപ്പിക്കപ്പെട്ടിരുന്ന കുടുംബ സുഹൃത്ത് അമിതാഭ് ബച്ചനെയാണ്.

vachakam
vachakam

(പിൽക്കാലത്ത് അവർ പിണങ്ങിപ്പിരിഞ്ഞു എന്നത് മറ്റൊരു കാര്യം!) മമതയാകട്ടെ 'ടി.എം.സി' രൂപീകരിച്ചതിനശേഷമുള്ള ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എം. മുഖ്യമന്ത്രിയും ബുദ്ധിജീവിയുമായ ബുദ്ധദേവ് ഭട്ടാചാര്യക്കെതിരെ രംഗത്തിറക്കിയത് ചലച്ചിത്രപ്രതിഭയായ റേയുടെ 'ചാരുലത'യെ അനശ്വരയാക്കിയ മാധവി മുഖർജിയെയാണ്. ഈ കച്ചവടം മമത തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്നുണ്ട്, ഇങ്ങനെ എണ്ണിയെണ്ണിപ്പറയാൻ സംഭവങ്ങളേറെ...!

മുഖ്യമന്ത്രിയാകുന്ന ആദ്യ ചലച്ചിത്രതാരം 

എം.ജി. രാമചന്ദ്രൻ തിരഞ്ഞെടുപ്പിൽ വിജയിച്ച് ഒരു ഇന്ത്യൻ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുന്ന ആദ്യ ചലച്ചിത്രതാരമായി. എം.ജി. രാമചന്ദ്രൻ 1977 ജൂലൈ 30 മുതൽ 1987 ൽ മരിക്കുന്നതുവരെ മൂന്ന് തവണ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസിൽ തുടർന്നു. എഡിഎംകെയെ അന്ന് എഐഎഡിഎംകെ (ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം) എന്നാണ് വിളിച്ചിരുന്നത്.

മനുഷ്യസ്‌നേഹിയായ എംജിആർ

തമിഴ്‌നാട്ടിലെ ദരിദ്രരുടെയും ദരിദ്രരുടെയും അധഃസ്ഥിതരുടെയും ക്ഷേമം എം ജി രാമചന്ദ്രൻ എപ്പോഴും ഉറപ്പുനൽകിയിരുന്നു. തമിഴ്‌നാട്ടിലെ സർക്കാർ സ്ഥാപനങ്ങളിൽ പഠിക്കുന്ന എല്ലാ കുട്ടികൾക്കും പ്രയോജനപ്പെടുന്ന 'പോഷക ഉച്ചഭക്ഷണ പദ്ധതി' എന്ന നയം സംസ്ഥാന മുഖ്യമന്ത്രിയായിരിക്കെ എംജിആർ അവതരിപ്പിച്ചു. കോളിവുഡിൽ ജോലി ചെയ്യുന്ന സാങ്കേതിക വിദഗ്ധരുടെ കുട്ടികൾക്കായി അദ്ദേഹം പ്രൈമറി, സെക്കൻഡറി സ്‌കൂളുകളും സ്ഥാപിച്ചു. കൂടാതെ, എംജിആർ തമിഴ്‌നാട്ടിൽ സ്ത്രീകൾക്കായി പ്രത്യേക ബസുകൾ ഏർപ്പെടുത്തുകയും തമിഴ് സർവകലാശാല, മദർ തെരേസ വനിതാ സർവകലാശാല എന്നീ രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംസ്ഥാനത്ത് തുറക്കുകയും ചെയ്തു.

വെള്ളപ്പൊക്കമോ തീപിടുത്തമോ പോലുള്ള പ്രകൃതിദുരന്തങ്ങൾ ഉണ്ടാകമ്പോൾ പണവും അടിസ്ഥാന ആവശ്യങ്ങളും നൽകി ആളുകളെ സഹായിക്കാൻ എം ജി രാമചന്ദ്രൻ എപ്പോഴും മന്നോട്ട് വന്നിരുന്നു. തായ് മാസിക, അന്ന പത്രം, സത്യ, എംജിയാർ പിക്‌ചേഴ്‌സ് ഫിലിം സ്റ്റുഡിയോകൾ എന്നിവയുടെ ഉടമസ്ഥതയിൽ നിന്ന് ലഭിച്ച പണം എല്ലാം ജീവകാരുണ്യ പ്രവർത്തനത്തിന് തയ്യാറായി. ഇന്ത്യയിൽ നിന്ന് ആദ്യമായി പണം സംഭാവന ചെയ്തത് എം ജി രാമചന്ദ്രനാണ്. 

(തുടരും)

ജോഷി ജോർജ്

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam