വിദേശ സർവകലാശാലാ കാമ്പസുകൾ ഇനി ഇന്ത്യയിലും; പ്രവാസ ജീവിതത്തിലേക്കു സുഗമ വഴി തെളിയുമെങ്കിൽ

JANUARY 26, 2023, 12:01 AM

ആഗോള വിദ്യാഭ്യാസ ഹബ്ബ് എന്ന മോഹന ലക്ഷ്യത്തിലേക്ക് ഇന്ത്യയെ കൈപിടിച്ചടുപ്പിക്കാൻ രാജ്യത്ത് വിദേശ സർവകലാശാലാ കാമ്പസുകൾക്കു പ്രവർത്തനാനുമതി നൽകുന്നു യു ജി സി. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉണ്ടാകുന്ന ഒരോ തീരുമാനവും ഇന്ത്യയെ സംബന്ധിച്ച് ഏറെ തന്ത്രപ്രധാനവും നിർണായകവുമായിരിക്കേ വിദേശ സർവകലാശാലകൾക്ക് വാതിൽ തുറന്നുകൊടുക്കുന്നത് രാജ്യത്തിന്റെ പുരോഗതിക്ക് വഴി തെളിക്കും എന്ന നിരീക്ഷണമാണ് ഇതുമായി ബന്ധപ്പെട്ട് ശക്തമായുള്ളത്.

ഇന്ത്യയിൽനിന്ന് അമേരിക്ക, യുകെ, ഓസ്‌ട്രേലിയ, കാനഡ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് വിദ്യാർഥികളുടെ ഒഴുക്കാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി. ഒരോ വർഷവും എട്ടു ലക്ഷത്തോളം പേരാണ് ഇങ്ങനെ വിദേശ സർവകലാശാലകളിലെത്തുന്നതെന്നാണ് കണക്ക്. ഒരു ലക്ഷം കോടി രൂപയോളം ഇതിലൂടെ പ്രതിവർഷം പുറത്തേക്കൊഴുകുന്നു. വിദേശ സർവകലാശാലകളുടെ കാമ്പസുകൾ ഇന്ത്യയിൽ തുടങ്ങുന്നതിലൂടെ ഈ ഒഴുക്ക് കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. വിദേശത്തു ലഭിക്കുന്ന ഉന്നത പഠനസൗകര്യം രാജ്യത്ത് കൊണ്ടുവരാനായാൽ ചെലവു കുറഞ്ഞ രീതിയിൽ ആഗോള നിലവാരമുള്ള പഠനം ഇന്ത്യയിൽ സാധ്യമാകും.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ ലോകത്തെ മികച്ച സ്ഥാപനങ്ങളുടെ പട്ടികയിൽ ഇന്ത്യൻ സർവകലാശാലകൾ വളരെ പിന്നിലാണെന്നത് തർക്കമില്ലാത്ത വസ്തുത. ഈ സാഹചര്യത്തിൽ ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയുടെയോ ഹാർവാർഡ് യൂണിവേഴ്‌സിറ്റിയുടെയോ ഒരു കാമ്പസ് ഇന്ത്യയിൽ വരികയും നമ്മുടെ വിദ്യാർഥികൾക്ക് അവിടെ പഠിക്കാൻ അവസരം ലഭിക്കുകയും ചെയ്യുന്നത് തീർച്ചയായും വലിയ കാര്യം തന്നെ. ഒരോ വർഷവും ഏതാണ്ട് 40 ശതമാനം വർധനവാണ് വിദേശത്തേക്കൊഴുകുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ ഉണ്ടാകുന്നത്. വിദേശ സർവകലാശാലകളുടെ വരവോടെ വിദ്യാർഥികളുടെയും പണത്തിന്റെയും ഒഴുക്ക് തടയാനാകുമെന്ന് യു ജി സി കണക്കുകൂട്ടുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കും ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം ഇവിടെത്തന്നെ ലഭിക്കും എന്നതാണ് മറ്റൊരു നേട്ടം.

vachakam
vachakam
vachakam

ഒന്നര വർഷം മുമ്പാണ് വിദേശ സർവകലാശാലകളുടെ ക്യാമ്പസുകൾ ഇന്ത്യയിൽ തുടങ്ങാൻ യു ജി സി തത്ത്വത്തിൽ തീരുമാനിച്ചത്. അതേക്കുറിച്ച് പഠിക്കാൻ ഒരു സമിതിയെ നിയോഗിക്കുകയും, സമിതി റിപ്പോർട്ട് സമർപ്പിക്കുകയുമുണ്ടായി. അതിലെ ശിപാർശയുടെ ഭാഗമായാണ് വിദേശസർവകലാശാലകൾക്ക് ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നത്.ഇത് സംബന്ധിച്ച കരട് മാർഗരേഖ യു ജി സി പുറത്തിറക്കി. ഇതനുസരിച്ച് ഓൺലൈനായി സർവകലാശാലകൾക്ക് അപേക്ഷ നൽകാം. 45 ദിവസത്തിനുള്ളിൽ അപേക്ഷയിൽ തീരുമാനമുണ്ടാകും.യു ജി സി പ്രസിദ്ധീകരിച്ചിരിക്കുന്ന കരട് മാർഗരേഖയിൽ ഫെബ്രുവരി മൂന്നുവരെ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം.

ഇന്നും നമ്മുടെ പല സർവകലാശാലകളും വിദേശ സർവകലാശാലകളിലെ കരിക്കുലവും സിലബസും ഒക്കെയാണ് പിന്തുടരുന്നത്. അവിടുത്തെ അധ്യാപകരുടെ ഉയർന്ന നിലവാരവും അവരുടെ സേവനങ്ങളും ഇന്ത്യയിൽ ലഭിക്കുമെന്നതും പ്രതീക്ഷാജനകമാണ്. അത്തരത്തിൽ വിദേശ സർവകലാശാലകളിലെ മികച്ച പ്രൊഫസർമാരുടെ സാമീപ്യം മറ്റു സർവകലാശാലകൾക്കും പ്രയോജനപ്പെടുത്താൻ കഴിയും. കൂടാതെ നമ്മുടെ സർവകലാശാലകൾക്ക് ഇവിടെയുള്ള വിദേശ സർവകലാശാലകളുടെ ക്യാമ്പസുമായി പഠനം, ഗവേഷണം എന്നിവയിലൊക്കെ ചേർന്ന് പ്രവർത്തിക്കാൻ കഴിയും.

വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ പ്രവർത്തിക്കണമെങ്കിൽ അനുമതി നൽകേണ്ടത് യു ജി സി ആണ്. കർശനമായ വ്യവസ്ഥകളോടെയും കൃത്യമായ മാർഗ നിർദേശങ്ങളോടെയുമാണ് സാധാരണ വിദേശ ഇടപാടുകൾ നടക്കുന്നതെങ്കിലും വിദേശ സർവകലാശാലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കൂടുതൽ ഉദാരമായ വ്യവസ്ഥകളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്.വിദേശത്ത് സർവകലാശാല പ്രവർത്തിക്കുന്ന അത്ര ഗുണനിലവാരത്തിൽ തന്നെ പ്രവർത്തിക്കണം. ഓൺലൈൻ ക്ലാസ്സുകൾക്കും വിദൂര വിദ്യാഭ്യാസത്തിനുമുള്ള അനുമതി ഉണ്ടാകില്ല.

vachakam
vachakam
vachakam

എല്ലാ ക്ലാസ്സുകളും നേരിട്ട് നടത്തണം. പ്രവേശനം സർവകലാശാലകൾക്ക് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. എന്നാൽ രാജ്യത്തെ സാമ്പത്തിക സ്ഥിതി പരിശോധിച്ചായിരിക്കണം ഫീസ് നിശ്ചയിക്കേണ്ടത് . കൂടാതെ കുട്ടികൾക്കുള്ള സ്‌കോളർഷിപ്പ് നൽകണം എന്നിങ്ങനെ കൃത്യമായ മാർഗ നിർദേശങ്ങൾ യു ജി സി മുന്നോട്ടുവെക്കുന്നുണ്ട്.ഇന്ത്യയിലെ വിദ്യാർഥികൾക്ക് കാലാകാലങ്ങളായി ലഭിച്ചുവന്നിരുന്ന ഒട്ടേറെ സ്‌കോളർഷിപ്പുകൾ നിരത്തിയ അവസ്ഥയിലാണ്. അതിനിടയിലാണ് വിദേശ സർവകലാശാലകളോട് സ്‌കോളർഷിപ്പ് നൽകണമെന്ന് നിർദശിക്കുന്നത്. പത്ത് വർഷത്തേക്കാണ് ആദ്യ ഘട്ടത്തിൽ അനുമതി നൽകുന്നതെങ്കിലും, ഒമ്പതാം വർഷം സർവകലാശാലയുടെ പ്രകടനം വിലയിരുത്തി പുതുക്കി നൽകും. ആഗോളതലത്തിൽ 500 റാങ്കിനുള്ളിലുള്ള സർവകലാശാലകൾക്കും അതതുരാജ്യത്ത് ഉന്നത യശസ്സുള്ള സ്ഥാപനങ്ങൾക്കുമാണ് അനുമതി നൽകുക.

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ ഒന്നിലേറെ വിഷയങ്ങളിലെ പ്രോഗ്രാമുകൾ പഠിക്കാനും ബിരുദം കരസ്ഥമാക്കാനും കഴിയുമെന്നത് വലിയ പ്രാധാന്യത്തോടെയാണ് എടുത്തുകാട്ടപ്പെടുന്നത്. വിദേശ സർവകലാശാലകളുമായി ചേർന്ന് ഇന്ത്യൻ സർവകലാശാലകൾക്ക് ട്വിന്നിംഗ് പ്രോഗ്രാമുകൾ നടത്തുക ഇനി കൂടുതൽ സുഗമമാകും. അങ്ങനെയാകുമ്പോൾ ദേശീയ വിദ്യാഭ്യാസ നയത്തിന് വിദേശ സർവകലാശാലയുടെ വരവോടെ കൂടുതൽ പ്രാധാന്യം കൈവരും.ബിരുദം, ബിരുദാനന്തര ബിരുദം, ഡോക്ടറൽ, പോസ്റ്റ് ഡോക്ടറൽ കോഴ്‌സുകളും എല്ലാവിഷയങ്ങളിലും സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകളും ഫുൾടൈം റെഗുലർ രീതിയിൽ നടത്താനുള്ള അനുമതിയാണ് നൽകുക.

അതേസമയം, വിദേശ സർവകലാശാലകളുടെ വരവുമായി ബന്ധപ്പെട്ട് കുട്ടികളുടെ സംവരണം, ഫീസ് ഘടന എന്നിവയെക്കുറിച്ചും വലിയ ആശങ്കകളുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുറഞ്ഞ ചെലവിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യം യു ജി സി എടുത്തുപറയുമ്പോഴും നിലവിലുള്ള സ്വകാര്യ സർവകലാശാലകളുടെ രീതി വിദേശ സർവകലാശാലകൾക്കും തുടരാം എന്നാണ് കരട് മാർഗ രേഖയിൽ പറയുന്നത്. അങ്ങനെയാകുമ്പോൾ സംവരണം തുടരേണ്ട ആവശ്യം വിദേശ സർവകലാശാലകൾക്ക് ഉണ്ടാകില്ല. കൂടാതെ കുട്ടികൾക്കുള്ള സ്‌കോളർഷിപ്പിന്റെ കാര്യത്തിലെ നിർദ്ദേശവും പാലിക്കപ്പെടുമെന്ന് ഉറപ്പു പറയാനാകില്ല. ഇന്ത്യൻ ഭരണഘടന വാഗ്ദാനം ചെയ്യുന്ന സാമൂഹികനീതി ഉറപ്പാക്കിയുള്ള വിദ്യാഭ്യാസം എന്ന ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കുന്ന അവസ്ഥ വന്നുപെട്ടേക്കാം.

vachakam
vachakam
vachakam

വിദ്യാഭ്യാസം വിശിഷ്യാ ഉന്നത വിദ്യാഭ്യാസം ആഗോളതലത്തിൽ സമീപിക്കേണ്ട സംഗതിയാണ്. കേന്ദ്ര സർക്കാർ കഴിഞ്ഞ കാലങ്ങളിൽ അതിൽ നിന്ന് വ്യതിചലിച്ചുകൊണ്ടിരിക്കുന്നതായുള്ള പരാതി ശക്തം. അതിന്റെ ഭാഗമായാണ് എം ബി ബി എസ് പാഠപുസ്തകങ്ങൾ ഹിന്ദിയിൽ പ്രസിദ്ധീകരിക്കാനുള്ള തീരുമാനം. ഇതിനെതിരെ വലിയ എതിർപ്പുകൾ ഉണ്ടായി.സർക്കാരുകൾ വിവിധയിടങ്ങളിൽ പശുപഠനത്തിനായി സ്ഥാപനങ്ങൾ തുറക്കുന്നു. ഇത്തരം മേഖലകളിലെ ഗവേഷണത്തിനായി പദ്ധതികൾ ആവിഷ്‌കരിക്കുകയും ഫണ്ട് നീക്കിവെക്കുകയും ചെയ്യുന്നു. ആ യു ജി സി തന്നെയാണ് ഗവേഷണ സ്ഥാപനങ്ങൾക്കും ശാസ്ത്ര സർവകലാശാലകൾക്കുമുള്ള ഫണ്ട് വൻതോതിൽ വെട്ടിക്കുറയ്ക്കുകയും ഫെലോഷിപ്പുകൾ നിർത്തലാക്കുകയും ചെയ്യുന്നത്.

സർക്കാരും യു ജി സിയും നടത്തുന്ന ഇത്തരം മണ്ടത്തര നീക്കങ്ങൾ വിദേശ സർവകലാശാലകളുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നതിൽ സംശയം വേണ്ട. വിദേശ സർവകലാശാലകളെ സംബന്ധിച്ച് പ്രദേശികമായ പ്രത്യേകതകൾ അവർക്ക് അത്ര പരിചിതമല്ല. ഇന്ത്യയിലാകട്ടെ അതിന് ഏറെ പ്രാധാന്യവുമുണ്ട്. ഈ പ്രത്യേകതകൾ കൊണ്ട് തന്നെ പ്രദേശികവാദങ്ങളെ മറികടന്ന് കേന്ദ്ര സർക്കാരിന് വിദേശ സർവകലാശാലകളെ സുഗമമായി ഇന്ത്യയിൽ ചലിപ്പിക്കുക എളുപ്പമാകില്ലെന്ന വാദം ഉയരുന്നുണ്ട്.

വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയമായതിനാൽ കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനൊപ്പം സംസ്ഥാന സർക്കാരുകളുടെ ഇംഗിതത്തിനും പ്രസക്തിയുണ്ട്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗവും സർവകലാശാലകളും രാഷ്ട്രീയം നിറഞ്ഞതും അവ പലപ്പോഴും കലാപാന്തരീക്ഷം സൃഷ്ടിക്കുന്നതുമാണ്. മലയാളികളെ സംബന്ധിച്ച് കലാലയങ്ങൾ സമര കേന്ദ്രങ്ങൾ കൂടിയാണ്. ഈ അന്തരീക്ഷം വിദേശ സർവകലാശാലകൾക്ക് ചിന്തിക്കാനാകാത്ത കാര്യമാണെന്നതിനെപ്പറ്റി യു ജി സി ചർച്ച നടത്തിയതിന്റെ സൂചനകളില്ല.

കേരളം ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളിലും സർവകലാശാലകളിലെ ധാരാളം സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. എന്നിട്ടും സർവകലാശാലകളിലെ വിദ്യാർത്ഥി പ്രവേശന നിരക്ക് കൂട്ടാനാണ് സർക്കാർ തീരുമാനം. ഈയവസരത്തിൽ വിദേശ സർവകലാശാലകളെ ഇരുകൈയും നീട്ടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകില്ല. മാത്രമല്ല കോഴ്‌സ്, ഫീസ് ഘടന, പരീക്ഷകൾ എന്നിവയിലൊക്കെ സംസ്ഥാന സർക്കാരുകൾക്ക് കൃത്യമായി ഇടപെടാനാകണമെന്ന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ നിർദ്ദേശമുണ്ട്. വിദേശ സർവകലാശാലകൾ ഈ തീരുമാനത്തെ ഏത് രീതിയിൽ സമീപിക്കും എന്നത് കണ്ടറിയേണ്ട കാര്യമാണ്. പൊതുവെ ഏതാണ്ട് പൂർണമായും സ്വതന്ത്രമായി പ്രവർത്തിക്കുന്ന വിദേശ സർവകലാശാലകൾ ഈ ഇടപെടലുകളെ ഏത് രീതിയിൽ വിലയിരുത്തുമെന്ന ചോദ്യമുയരുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ശക്തമായി നിലകൊള്ളുന്ന തമിഴ്‌നാട്ടിലും വഴി അത്ര എളുപ്പമാകണമെന്നില്ല.

എന്നാൽ ഇക്കാര്യത്തിൽ ഇന്ത്യയിലെ പ്രത്യേക സാഹചര്യം പരിഗണിക്കേണ്ടത് അത്യാവശ്യമാണ്. വിദ്യാഭ്യാസ വിചക്ഷണന്മാർ ഉൾപ്പെടെയുള്ള പ്രമുഖരുമായുള്ള ചർച്ചകൾക്കും തുടർ ചർച്ചകൾക്കും ശേഷം മാത്രമേ ഇത്തരമൊരു ചരിത്ര പ്രാധാന്യമുള്ള തീരുമാനം സർക്കാർ കൈക്കൊള്ളാൻ പാടുള്ളുവെന്ന നിരീക്ഷണം തള്ളിക്കളയാനാകില്ല. അങ്ങനെ മതിയായ പഠനത്തിനും ചർച്ചകൾക്കും ശേഷം നടപ്പാക്കുകയാണെങ്കിൽ ഈ ചുവടുവെപ്പ് ഒരുപക്ഷേ രാജ്യത്തിന്റെ പുരോഗതിയിൽ അതി നിർണായകമയേക്കും.

വിജ്ഞാനത്തിന്റെയും വിവര കൈമാറ്റത്തിന്റെയും മേഖലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങൾക്കൊപ്പം ഉന്നതവിദ്യാഭ്യാസ മേഖലയും കാലാനുസൃതമായ മാറ്റങ്ങൾക്ക് വിധേയമകേണ്ടത് അത്യാവശ്യമാണ്. വിസ്‌ഫോടനാത്മകമായി വിജ്ഞാന കൈമാറ്റം നടക്കുന്ന ഇക്കാലത്ത് രാഷ്ട്രീയാതിർത്തികൾ മറികടക്കുന്ന ഇത്തരം അക്കാദമികമായ സഹകരണം തീർച്ചയായും സ്വാഗതം ചെയ്യേണ്ടതാണ്. മാത്രമല്ല, പലപ്പോഴും ശരാശരി നിലവാരത്തിലേക്കും പോലും എത്താനാവാതെ കിതയ്ക്കുന്ന നമ്മുടെ ഉന്നവിദ്യാഭ്യാസ മേഖല ആഗോള നിലവാരത്തിലേക്ക് ഉയരാൻ അവസരമൊരുങ്ങുന്നത് ഏറ്റവും അഭികാമ്യം.ഒരു വിദേശ സർവകലാശാല ഇവിടെ കാമ്പസ് തുടങ്ങുമ്പോൾ ഇവിടെയുള്ള വിദ്യാർഥികൾക്ക് മാത്രമേ പ്രവേശനം നൽകാവൂ എന്ന് നിഷ്‌കർഷിക്കുന്നില്ല. സ്വാഭാവികമായും വിദേശങ്ങളിൽനിന്നുള്ള വിദ്യാർഥികളും ഇവിടെ പഠിക്കാനെത്തും.

അതേസമയം, വിദേശ സർവകലാശാലകളുടെ ഇവിടെയുള്ള ക്യാമ്പസ് വിദേശ സർവകലാശാലകളിലേക്കുള്ള കുട്ടികളുടെ ഒഴുക്ക് തടയുമോ എന്നത് കണ്ടറിയേണ്ട കാര്യമാണെന്ന് നിരീക്ഷകർ പറയുന്നു. കാരണം, കേവലം പഠനത്തിന് വേണ്ടി മാത്രമല്ല ഉന്നത വിദ്യാഭ്യാസത്തിനായി വിദേശങ്ങളിലേക്ക് വിദ്യാർഥികൾ ചേക്കേറുന്നത്; വിദേശ ജോലിയും സ്ഥിരതാമസവും കൂടി ലക്ഷ്യമിട്ടാണ്. പഠനത്തിനൊപ്പം തൊഴിൽ കൂടി ചെയ്യാം. അതുവഴി പഠനത്തിനും മറ്റു ആവശ്യങ്ങൾക്കും പണം സമ്പാദിക്കാൻ വിദേശങ്ങളിൽ അവസരമുണ്ട്. അത് കുട്ടികൾക്കും രക്ഷിതാക്കൾക്കും വലിയ ആകർഷണമാണെന്നതു നിഷേധിക്കാനാകില്ല. ഇക്കാരണത്താലാണ്, ഇന്ത്യൻ യുവത പൊതുവേ കൊതിക്കുന്ന പ്രവാസ ജീവിതത്തിലേക്കുള്ള വഴി തെളിയുമെങ്കിൽ മാത്രം വിദേശ സർവകലാശാലാ കാമ്പസുകൾ രാജ്യത്ത് പുഷ്‌കലമാകുമെന്ന നിരീക്ഷണം പല വിദഗ്ധരും പങ്കുവയ്ക്കുന്നത്.

ബാബു കദളിക്കാട്‌

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam