കൈവിട്ട കളി! സ്വര്‍ണ വില കൂട്ടുന്നത് ആര്?

MAY 8, 2024, 12:18 PM

സ്വര്‍ണ വില കുതിക്കുമ്പോള്‍ എല്ലാവരും ചോദിച്ചത് ഒരേ കാര്യമാണ്. എന്തുകൊണ്ടാണ് ഇങ്ങനെ വില കുതിക്കുന്നത്? ഒട്ടേറെ കാര്യങ്ങള്‍ സ്വര്‍ണവിലയെ സ്വാധീനിക്കുമെന്നത് ശരിയാണ്. എന്നാല്‍ ആഗോള തലത്തില്‍ സ്വര്‍ണവില കുറയാനുള്ള എല്ലാ സാഹചര്യവും നിലവിലുണ്ട്. എന്നിട്ടും വില ഉയരുകയാണ്. അപ്പോഴാണ് വില വര്‍ധനവിന് പിന്നിലെ ചില കളികള്‍ വ്യക്തമാകുന്ന വിവരങ്ങള്‍ പുറത്തായിരിക്കുന്നത്.

ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കുമ്പോള്‍ സ്വര്‍ണവില കുറയേണ്ടതാണ്. മാത്രമല്ല, അമേരിക്കയില്‍ ഉയര്‍ന്ന പലിശ നിരക്ക് തുടരുന്നതും സ്വര്‍ണവില കുറയാന്‍ സഹായിക്കുന്നതാണ്. ഈ രണ്ട് സാഹചര്യവും നിലവിലുണ്ടായിട്ടും സ്വര്‍ണവില ഉയരുകയാണ്. ഇതിന് പിന്നില്‍ ലാഭക്കൊതിയും ചില ആശങ്കകളുമാണ് എന്നാണ് മനസിലാകുന്നത്.

ഡോളര്‍ മൂല്യം കൂടുമ്പോള്‍ മറ്റ് കറന്‍സികള്‍ക്ക് മൂല്യം കുറയും. അത്തരം കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്ന അളവും കുറയും. ഇതാണ് ഡോളറും സ്വര്‍ണവും വിപരീത ദിശയില്‍ സഞ്ചരിക്കുന്ന വസ്തുക്കളാണ് എന്ന് പറയാന്‍ കാരണം. ഡോളര്‍ മൂല്യം കൂടുമ്പോള്‍ സ്വര്‍ണ വില കുറയുകയാണ് ചെയ്യുക. ഡോളര്‍ മൂല്യം കുറയുമ്പോള്‍ സ്വര്‍ണ വില കൂടുകയും ചെയ്യും.

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറയ്ക്കുമെന്ന് വാര്‍ത്ത പ്രചരിച്ചപ്പോള്‍ സ്വര്‍ണ വില കൂടിയിരുന്നു. നഷ്ടം വരുമെന്ന് ഊഹിച്ച് നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതാണ് കാരണം. എന്നാല്‍ പലിശ നിരക്ക് ഉടന്‍ കുറയ്ക്കില്ല എന്ന യുഎസ് കേന്ദ്രബാങ്കിന്റെ പുതിയ പ്രഖ്യാപനം സ്വര്‍ണവില കുറയ്ക്കേണ്ടതാണ്. പക്ഷേ, വില കുറയാതിരിക്കാന്‍ കാരണം ചൈനയിലെ ചില മാറ്റങ്ങളാണ്.

ചൈനയിലെ നിക്ഷേപകര്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നു എന്നാണ് വാര്‍ത്ത. റിയല്‍ എസ്റ്റേറ്റ് മേഖലയും ഓഹരി വിപണിയും തുടര്‍ച്ചയായി ഇടിയുന്ന സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് എല്ലാവരും സ്വര്‍ണം വാങ്ങുന്നത്. ആവശ്യക്കാര്‍ കൂടി വരുന്നതോടെ സ്വര്‍ണവില തുടര്‍ച്ചയായി വര്‍ധിക്കുകയാണ്. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2300 ഡോളറിന് മുകളിലാണ്. ഇത് ഒരുവേള 2400 ഡോളറിനടുത്ത് എത്തിയിരുന്നു.

ചൈനീസ് നിക്ഷേപകര്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങുന്നതാണ് വില കൂടാന്‍ കാരണം എന്ന് മെറ്റല്‍സ് ഡെയ്ലി സിഇഒ റോസ് നോര്‍മാന്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ചൈനയിലെ സ്വര്‍ണ ഉപയോഗം 9 ശതമാനം കൂടി. ഈ വര്‍ഷം മാര്‍ച്ച് വരെ ആറ് ശതമാനം വര്‍ധിച്ചു. ചൈനയിലെ സാധാരണക്കാര്‍ പോലും കുറഞ്ഞ അളവില്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കുകയാണ്. ചൈനീസ് കേന്ദ്ര ബാങ്ക് സ്വര്‍ണം വാങ്ങിക്കൂട്ടുന്നതാണ് വില കൂടാന്‍ മറ്റൊരു കാരണം.

തുടര്‍ച്ചയായ 17 മാസമായി ചൈനീസ് കേന്ദ്ര ബാങ്ക് വന്‍തോതില്‍ സ്വര്‍ണം വാങ്ങുന്നു. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങിയ കേന്ദ്ര ബാങ്ക് ചൈനയുടേതായിരുന്നു. അമേരിക്കന്‍ ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കാനാണ് ചൈനയുടെ തീരുമാനം. കൈവശമുള്ള ഡോളര്‍ കരുതല്‍ ധനം സ്വര്‍ണം വാങ്ങാനായി ചൈന ഉപയോഗിക്കുകയാണ്. റഷ്യയ്ക്കെതിരെ അമേരിക്ക ഉപരോധം ചുമത്തിയ വേളയില്‍ ഡോളര്‍ റഷ്യയ്ക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് ഡോളര്‍ വിട്ട് ചൈന സ്വര്‍ണ സംഭരണത്തിലേയ്ക്ക് കടക്കുന്നത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam