അത്ഭുതം..! വരണ്ടുണങ്ങിയ തടാകത്തിലെ ചലിക്കുന്ന പാറ കല്ലുകള്‍

APRIL 30, 2024, 11:27 PM

ജലം ഇല്ലാതെ വരണ്ടുണങ്ങി കിടക്കുന്ന തടാകത്തിലൂടെ തനിയെ നിരങ്ങി നീങ്ങി പോകുന്ന വലിയ പാറ കല്ലുകള്‍. കേള്‍ക്കുമ്പോള്‍ തന്നെ അത്ഭുതം തോന്നും. അതേ അങ്ങനെയൊരു പ്രതിഭാസം അമേരിക്കയിലെ ഡെത്ത് വാലി നാഷനല്‍ പാര്‍ക്കില്‍ ചെന്നാല്‍ കാണാം. അര കിലോമീറ്ററോളം ദൂരം സ്വയം നീങ്ങി എത്തിയ വഴിത്താരയും സൃഷ്ടിച്ചാണ് പാറക്കല്ലുകളുടെ സഞ്ചാരം. 300കിലോയില്‍ അധികം ഭാരമുള്ള പാറക്കല്ലുകള്‍ വരെ ഇവിടെ ഇങ്ങനെ തനിയെ സഞ്ചരിക്കുന്നുണ്ട്. ഇതിനെ ചുറ്റിപ്പറ്റി പല കഥകളും പ്രചരിക്കുകയും ചെയ്തിരുന്നു.

ഡെത്ത് വാലിയിലെ റെയ്സ്ട്രാക് പ്ലേയ എന്ന വരണ്ട തടാകത്തിലാണ് കല്ലുകളുടെ ചലനം ശ്രദ്ധയില്‍പെട്ടിട്ടുള്ളത്. പോയ വഴി കൃത്യമായി രേഖപ്പെടുത്തിക്കൊണ്ടുള്ള കല്ലുകളുടെ വാല്‍ അടക്കമുള്ള ചിത്രങ്ങള്‍ ഏറെ പ്രസിദ്ധവുമാണ്. വര്‍ഷങ്ങളെടുത്താണ് പല കല്ലുകളും സഞ്ചാരം പൂര്‍ത്തിയാക്കിയത്. ചലനത്തിനിടെ ചില കല്ലുകള്‍ കീഴ്മേല്‍ മറിയുകയും ചെയ്തിട്ടുണ്ട്. മിനിറ്റില്‍ അഞ്ച് മീറ്റര്‍ വരെ സഞ്ചരിച്ച കല്ലുകളെക്കുറിച്ചും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. 36 കിലോഗ്രാം വരെ ഭാരമുള്ള കല്ലുകളുടെ ചലനം വരെ ഇവിടെയുണ്ടായിട്ടുണ്ട്. പരമാവധി 800 മീറ്റര്‍ വരെ കല്ലുകള്‍ സഞ്ചരിച്ചതായും കണ്ടെത്തിയിരുന്നു.

മനുഷ്യന്റെയോ മറ്റു ജീവജാലങ്ങളുടേയോ യാതൊരു ഇടപെടലുമില്ലാതെ എങ്ങനെ കല്ലുകള്‍ ചലിക്കുന്നുവെന്നതായിരുന്നു അദ്ഭുതയ വിഷയം. ഈ അദ്ഭുത പ്രതിഭാസം കാണപ്പെടുന്ന റേസ്ട്രാക് പ്ലേയ തടാകം ഏതാണ്ട് പൂര്‍ണ്ണമായും സമനിരപ്പിലുള്ളതാണ്. ഇടക്കുള്ള കല്ലുകള്‍ മാത്രമേ സമനിരപ്പിന് തടസമായുള്ളൂ. ആഞ്ഞുവീശുന്ന കാറ്റ് മൂലമാകാം പാറ ചലിക്കുന്നത് എന്ന് അനുമാനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതിനുള്ള തെളിവ് ഒന്നും ലഭിച്ചിരുന്നില്ല.

വര്‍ഷങ്ങളോളം ശാസ്ത്ര ലോകത്തെ അമ്പരപ്പിച്ച ഈ പ്രതിഭാസത്തെ പറ്റി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ വിശദീകരിച്ചിട്ടുണ്ട്. ജിപിഎസ് സംവിധാനം ഇവിടുത്തെ പാറക്കല്ലുകളില്‍ ഘടിപ്പിച്ചാണ് ഒടുവില്‍ ശാസ്ത്രജ്ഞന്മാര്‍ ഈ രഹസ്യത്തിന്റെ ചുരുളഴിച്ചത്. വര്‍ഷങ്ങളോളം നിരീക്ഷണം നടത്തിയ ശേഷം 2013 ഡിസംബര്‍ മാസമായതോടെ ജിപിഎസ് ഘടിപ്പിച്ച പാറക്കല്ലുകള്‍ പതിയെ ചലിക്കുന്നതായി കണ്ടെത്തി. മിനുറ്റില്‍ 9 മുതല്‍ 16 അടി വരെ ദൂരം പാറക്കൂട്ടങ്ങള്‍ നിരങ്ങി നീങ്ങുന്നതായാണ് കണ്ടെത്തിയത്. മഞ്ഞുകാലത്ത് കല്ലിന്റെ പുറംഭാഗത്തായി ഈര്‍പ്പം മാറി നേരിയ മഞ്ഞുപാളികള്‍ രൂപപ്പെടാറുണ്ട്. ഈ സമയം തടാകത്തിന്റെ അടിത്തട്ട് മഞ്ഞും ഈര്‍പ്പവും നിറഞ്ഞ് ചെളി പരുവമായിട്ടുണ്ടാവും.

പ്രദേശത്തെ ശക്തമായ കാറ്റ് കൂടി ഇടപെടുന്നതോടെ കല്ലുകള്‍ നേര്‍ത്ത മഞ്ഞുപാളികളുടെ സഹായത്തില്‍ നിരങ്ങി നീങ്ങും. സൂര്യന്‍ ഉദിച്ച് മഞ്ഞ് ഉരുകിപോയാല്‍ ചലനം അവസാനിക്കുകയും ചെയ്യും. പിറ്റേന്നും അനുകൂല സാഹചര്യം ഒത്തു വന്നാല്‍ ചലനം തുടരുകയും ചെയ്യും.

മനുഷ്യന്റെയോ മറ്റു ജീവജാലങ്ങളുടെയോ യാതൊരു ഇടപെടലുമില്ലാതെ തന്നെ പാറകള്‍ ദീര്‍ഘമായ പാതയിലൂടെ സഞ്ചരിക്കുന്ന ഭൂമിശാസ്ത്രപരമായ പ്രതിഭാസത്തെ ശാസ്ത്ര ലോകം പാറകളുടെ ചലനം അല്ലെങ്കില്‍ ഒഴുകുന്ന കല്ലുകള്‍ എന്ന് പിന്നീട് വിളിച്ചു. ഓരോ രണ്ട് വര്‍ഷമോ, മൂന്നു വര്‍ഷമോ കൂടുമ്പോള്‍ മാത്രമേ കല്ലുകള്‍ ചലിക്കുകയുള്ളൂ. കല്ലുകള്‍ നീങ്ങുന്ന പ്രത്യേക പാതയും മൂന്ന് നാല് വര്‍ഷങ്ങള്‍ക്കുള്ളിലാണ് രൂപാന്തരം പ്രാപിക്കുന്നത്. 36 കിലോഗ്രാം തൂക്കമുള്ള കല്ലാണ് ഇതുവരെ ചലനമുണ്ടായവയില്‍ ഏറ്റവും ഭാരമുള്ളത്. അര മൈല്‍ ദൂരം (800 മീറ്റര്‍) വരെ സഞ്ചരിച്ച കല്ലുകള്‍ രേഖപ്പെടുത്തീട്ടുണ്ട്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam