കൊടിയ പട്ടിണിയും വരള്‍ച്ചയും വേട്ടയാടുന്ന കെനിയയിലെ ഒരു കൊച്ചു ഗ്രാമം. അവിടെ ഇന്റര്‍നെറ്റ് കണക്ഷന്‍ പോലും ശരിക്ക് ലഭ്യമാകാത്ത ഒരു കംപ്യൂട്ടറും പഠിപ്പിക്കാന്‍ ഒരു അധ്യാപകനും ഉണ്ട്. പരിമിതികള്‍ക്കുള്ളില്‍ നിന്ന് അദ്ദേഹത്തിനു കീഴില്‍ നിരവധി ദരിദ്രരായ കുട്ടികളാണ് എന്‍ജിനീയറിങ്ങിനും മറ്റ് അന്താരാഷ്ട്ര മത്സരപ്പരീക്ഷകള്‍ക്കും യോഗ്യത നേടിയത്. ആ നല്ലവനായ അധ്യപകന്റെ പേരാണ് ബ്രദര്‍ പീറ്റര്‍ താബിച്ചി.
ഇപ്പോള്‍ ലോകം അദ്ദേഹത്തെ ആദരിച്ചിരിക്കുന്നു. ഇന്ന് ലോകത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള ബഹുമതി അദ്ദേഹത്തിന് സ്വന്തമാണ്. കെനിയയില്‍ റിഫ്റ്റ് താഴ്‌വരയില്‍ പവ്‌നി ഗ്രാമത്തിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് പീറ്റര്‍ ക്ലാസെടുക്കുന്നത്. കൂടുതലും സയന്‍സ് വിഷയങ്ങളാണ് പഠിപ്പിക്കുന്നത്. സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും അനാഥരോ, മാതാപിതാക്കളില്‍ ഒരാള്‍ നഷ്ടപ്പെട്ടവരോ ആണ്. വളരെ മോശമായ റോഡിലൂടെ പൊടിക്കാറ്റും ചൂടുംകൊണ്ട് ആറ് കിലോമീറ്ററിലധികം നടന്നാണ് വിദ്യാര്‍ഥികളില്‍ ഏറെപ്പേരും ഇവിടെയെത്തുന്നത്. വരള്‍ച്ചയും പട്ടിണിയും ഇവിടുത്തെകാരെ സംബന്ധിച്ചടുത്തോളം സര്‍വസാധാരണമാണ്.
സ്‌കൂളിന് ഒരു ലൈബ്രറിയോ, ലബോറട്ടറിയോ പോലുമില്ല. വളരെ പരിമിതമായ ചുറ്റുപാടും സൗകര്യങ്ങളും മാത്രമായിരുന്നിട്ടും ഇവിടത്തെ കുട്ടികള്‍ എന്‍ജിനീയറിങ് പരീക്ഷയ്ക്കും അന്തര്‍ദേശീയ പരീക്ഷക ള്‍ക്കും പഠിക്കുന്നു പരീക്ഷയെഴുതി വിജയിക്കുന്നു. മികച്ച സര്‍വകലാശാലകളില്‍ പഠിക്കാന്‍ യോഗ്യത നേടുന്നു.
''എന്റെ ശിഷ്യരുടെ കഷ്ടപ്പാടുകള്‍ കാണുമ്പോള്‍ പലപ്പോഴും ഞാന്‍ കരഞ്ഞിട്ടുണ്ട്. എന്റെ ഈ വിജയം ശിഷ്യര്‍ക്ക് കൂടുതല്‍ മനോധൈര്യം നല്‍കുന്നതാണ്''-പീറ്റര്‍ പുരസ്‌കാരം ഏറ്റുവാങ്ങവെ പറഞ്ഞിരുന്നു. ദുബായില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം സ്വീകരിക്കാന്‍ പോയപ്പോഴാണ് താന്‍ ആദ്യമായി വിമാനത്തില്‍ യാത്ര ചെയ്യുന്നതെന്ന് പീറ്റര്‍ പറയുന്നു. ഒരു ലക്ഷം ഡോളറായിരുന്നു സമ്മാനത്തുക (ഏകദേശം എഴുപത് ലക്ഷം രൂപ). തനിക്ക് ലഭിച്ച ഈ പുരസ്‌കാരത്തിന്റെ മൂന്നിലൊരു ഭാഗം സ്‌കൂളിന്റെ ഉയര്‍ച്ചയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും വേണ്ടി വിനിയോഗിക്കാനാണ് പദ്ധതിയെന്ന് പീറ്റര്‍ പറഞ്ഞിരുന്നു. കെനിയയിലെ നാകുരു ഗ്രാമത്തിലുള്ള പീറ്ററിന്റെ വീട് വംശനാശം നേരിടുന്ന വെള്ള റൈനോസറുകള്‍ക്കുള്ള അഭയകേന്ദ്രം കൂടിയാണ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1