ഒരു വര്‍ഷം മുന്‍പ് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് കുടിയേറ്റക്കാരെ നാടുകടത്താനുള്ള അടിയന്തര നിയമനിര്‍മാണ കരടിനെക്കുറിച്ച് ട്വിറ്ററിലൂടെ പ്രഖ്യാപനം നടത്തിയിരുന്നു. 'നിങ്ങള്‍ അനധികൃതമായിട്ടാണ് ഇവിടെ എത്തിയതെങ്കില്‍ നിയമപരമായ ഒരു ആനുകൂല്യവും ലഭിക്കുകയില്ല. ഈ രാജ്യത്ത് തുടരാന്‍ സാധിക്കില്ല, മനുഷ്യാവകാശങ്ങള്‍ ആവശ്യപ്പെടാനും കഴിയില്ല. അനധികൃത കുടിയേറ്റക്കാരെ തടവിലാക്കി ആഴ്ചകള്‍ക്കുള്ളില്‍ നാടുകടത്തും.' എന്നായിരുന്നു പോസ്റ്റ്.
എന്നാല്‍ ഇതിനെതിരേ പ്രതിപക്ഷ പാര്‍ട്ടികളുടെ ഭാഗത്തുനിന്നുള്‍പ്പെടെ വലിയ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നു. അഭയാര്‍ഥികളെ ബലിയാടാക്കുന്നതാണ് ബില്ലെന്ന് കുറ്റപ്പെടുത്തി സര്‍ക്കാരില്‍ നിന്ന് രാജിവെച്ച് ഇറങ്ങിപ്പോകലുകള്‍ വരെ സംഭവിച്ചു. എന്നാല്‍ ഇപ്പോള്‍ റുവാണ്ട ബില്ലിന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഇരുസഭകളുടേയും അംഗീകാരം ലഭിച്ചിരിക്കുകയാണ്. ചാള്‍സ് രാജാവിന്റെ അംഗീകാരം കൂടി ലഭിച്ചതോടെ റുവാണ്ട ബില്‍ നിയമത്തിലേക്കെത്തുകയാണ്.
യൂറോപ്യന്‍ രാജ്യങ്ങളില്‍വച്ചു നോക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ അനധികൃത കുടിയേറ്റക്കാരെത്തുന്ന രാജ്യമാണ് ബ്രിട്ടണ്‍. 2023 അവസാനം യു.കെ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം അരലക്ഷത്തിലധികം അഭയാര്‍ഥികളാണ് ആ വര്‍ഷം മാത്രം യു.കെയിലേക്ക് അനധികൃതമായി പ്രവേശിച്ചത്. 2022 നേക്കാള്‍ 17% കൂടുതലായിരുന്നു ഇത്. ഇതില്‍ 85% പേരും ഇംഗ്ലീഷ് ചാനല്‍ കടന്ന് ചെറുബോട്ടുകളിലാണ് രാജ്യത്തേക്കെത്തിയത്. ഇറാന്‍, അല്‍ബേനിയ, സുഡാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാഖ്, സിറിയ, ഇന്ത്യ, പാകിസ്ഥാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ നിന്നാണ് പ്രധാനമായും അഭയാര്‍ഥികളെത്തുന്നത്. യു.കെ. റെഫ്യൂജി കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2023-ല്‍ 67,337 പേരുടെ അഭയാര്‍ഥി അപേക്ഷയാണ് സര്‍ക്കാരിന് ലഭിച്ചത്.
ഉക്രെയിനിലെ യുദ്ധവും അഫ്ഗാനിസ്ഥാനിലെ സംഘര്‍ഷങ്ങളുമെല്ലാം ബ്രിട്ടണിലേക്കുള്ള അഭയാര്‍ഥി ഒഴുക്കിലേക്ക് നയിച്ചിട്ടുണ്ട്. ബ്രിട്ടണിലെ സാമ്പത്തിക, സാമൂഹികസ്ഥിതിയാണ് അഭയാര്‍ഥികളെ അങ്ങോട്ട് ആകര്‍ഷിക്കുന്നതിന് പിന്നിലെ കാരണം. രാജ്യത്തിനകത്തേക്ക് അനധികൃതമായി പ്രവേശിക്കാന്‍ നിരവധി വഴികളുണ്ടെങ്കിലും അതില്‍ വ്യാപകമായ ഒന്ന് ഇംഗ്ലീഷ് ചാനലിലൂടെ ചെറുബോട്ടുകളിലൂടെ എത്തുന്ന അഭയാര്‍ഥി പ്രവാഹമാണ്. 2023-ല്‍ മാത്രം യു.കെയിലേക്ക് ആയിരത്തിലേറെ ബോട്ടുകളിലായി അരലക്ഷത്തിലധികം അഭയാര്‍ഥികളാണ് അനധികൃമായി എത്തിയത്. 2017 മുതല്‍ 2023 വരെ ബോട്ടുകളിലൂടെ മാത്രം 1.35 ലക്ഷത്തിലേറെപ്പേര്‍ യു.കെയിലേക്ക് എത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍.
എന്താണ് റുവാണ്ട ബില്‍?
2022 ജനുവരി ഒന്നിന് ശേഷം യു.കെയിലെത്തിയ അനധികൃത കുടിയേറ്റക്കാരെ നിയമനിര്‍മാണത്തിലൂടെ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയിലേക്ക് നാടുകടത്താനുള്ള നിയമനിര്‍മാണമാണ് റുവാണ്ട ബില്‍. അഭയാര്‍ഥി അപേക്ഷ റുവാണ്ടയില്‍ പരിഗണിക്കുമെന്നും മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ അവിടെ തുടരാനുള്ള സഹായങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുന്നതാണ് ബില്‍. റുവാണ്ടയില്‍ അഭയാര്‍ഥി പദവി ലഭിക്കാത്തപക്ഷം മറ്റൊരു രാജ്യത്തേക്ക് അവരെ മാറ്റും. എന്നാല്‍ ഒരു അഭയാര്‍ത്ഥിയ്ക്കും യു.കെയിലേക്ക് മടങ്ങാന്‍ അപേക്ഷിക്കാന്‍ സാധിക്കില്ല.
ഏപ്രില്‍ 22-നാണ് ബില്‍ ഹൗസ് ഓഫ് ലോര്‍ഡ്സ് (പാര്‍ലമെന്റിന്റെ പ്രഭുസഭ) പാസാക്കിയത്. സേഫ്റ്റി ഓഫ് റുവാണ്ട അസൈലം ആന്റ് ഇമിഗ്രേഷന്‍ ബില്‍ എന്നാണ് ഇതിന്റെ പൂര്‍ണനാമം. പാര്‍ലമെന്റിന്റെ ഹൗസ് ഓഫ് കോമണ്‍സ് (ഉന്നത സഭ) അതിവേഗം കടന്ന ബില്ലിന് പ്രഭുസഭ തടസങ്ങള്‍ പറഞ്ഞെങ്കിലും ഒടുവില്‍ അംഗീകാരം നല്‍കുകയായിരുന്നു. ഇതുപ്രകാരം യു.കെയില്‍ അഭയാര്‍ഥിത്വത്തിന് അപേക്ഷിച്ച അരലക്ഷത്തോളം പേരെ റുവാണ്ടയിലേക്ക് അയക്കാനാണ് സര്‍ക്കാര്‍ നീക്കം.
2022 ഏപ്രിലിലാണ് അഭയാര്‍ഥികളെ റുവാണ്ടയിലേക്ക് അയക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും റുവാണ്ടന്‍ സര്‍ക്കാറും തീരുമാനത്തിലെത്തിയത്. യു.കെയിലെത്തുന്ന അഭയാര്‍ഥികളുടെ എണ്ണം നിയന്ത്രിക്കാനും ഇംഗ്ലീഷ് ചാനലിലൂടെയുള്ള അത്യന്തം അപകടകരമായ ബോട്ട് യാത്രകള്‍ക്ക് തടയിടാനുമായാണ് റുവാണ്ടയുമായി ബ്രിട്ടണ്‍ അഭയാര്‍ഥി കൈമാറ്റത്തിന് ധാരണയായത്.
അഭയാര്‍ഥികളെ റുവാണ്ടയിലേക്ക് അയക്കാമെന്നും അവിടെ അവര്‍ക്ക് സ്ഥിരമായി താമസിക്കാനുള്ള അനുമതി ലഭ്യമാക്കാമെന്നുമുള്ള നിര്‍ദേശങ്ങളുള്‍പ്പെടുന്നതായിരുന്നു ബില്‍. കരാര്‍ പ്രകാരം ബ്രിട്ടണില്‍ അനധികൃതമായി തുടരുന്ന അഭയാര്‍ഥികളെ 6400 കിലോ മീറ്ററുകള്‍ക്കപ്പുറത്തുള്ള റുവാണ്ടയിലേക്ക് മാറ്റും. അവിടെ അവര്‍ക്ക് താമസത്തിനുള്ള അനുമതി നല്‍കും.
2023-ല്‍ അഭയാര്‍ഥി പ്രശ്നവുമായ ബന്ധപ്പെട്ട കേസില്‍ യു.കെ. സുപ്രീം കോടതി പ്രസിഡന്റ് നിരീക്ഷിച്ചത് അഭയാര്‍ഥികളെ അയക്കാനുള്ള സുരക്ഷിത രാജ്യമായി റുവാണ്ടയെ കരുതുന്നില്ലെന്നായിരുന്നു. രാജ്യത്തെ മനുഷ്യാവകാശ ലംഘന കേസുകളുടെ കൂടിയ എണ്ണത്തെയും തിരോധാനക്കേസുകളേയും പീഡന റെക്കോര്‍ഡുകളേയും മുന്‍നിര്‍ത്തിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. അഭയാര്‍ഥികളെ നാടുവിടാന്‍ പ്രേരിപ്പിക്കുന്ന അതേ പ്രതിസന്ധികള്‍ റുവാണ്ടയിലുമുണ്ടെന്ന് കോടതി പറഞ്ഞു. എന്നാല്‍ ഇതിനെ മറികടക്കാനായാണ് സേഫ്റ്റി ഓഫ് റുവാണ്ട (അസൈലം ആന്റ് ഇമിഗ്രേഷന്‍) ബില്‍ യു.കെ. സര്‍ക്കാര്‍ പാസാക്കിയതും റുവാണ്ടയുമായി ധാരണയിലേര്‍പ്പെട്ടതും.
അഭയാര്‍ഥികള്‍ക്ക് റുവാണ്ട സുരക്ഷിത രാജ്യമായിരിക്കുമെന്ന് ഊട്ടിയുറപ്പിക്കുന്നതാണ് പുതിയ ബില്‍. വളരെ അപകടകരമായ സാഹചര്യങ്ങളിലൂടെ യു.കെയിലേക്കുള്ള മനുഷ്യക്കടത്തില്‍ നിന്ന് നൂറുകണക്കിന് ആളുകളെ രക്ഷപ്പെടുത്തുന്ന തീരുമാനമാണിത് എന്നായിരുന്നു ബോറിസ് ജോണ്‍സണ്‍ റുവാണ്ട ബില്ലിനെ കുറിച്ച് അന്ന് പറഞ്ഞത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1