മത്സരിക്കാത്ത പ്രിയങ്ക; ലക്ഷ്യങ്ങൾ അതുക്കും മേലൈ

MAY 8, 2024, 3:58 PM

ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ടാണ് അമേഠിയിലെയും റായ്ബറേലിയിലെയും സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചത്. ഒരു വമ്പൻ ട്വിസ്റ്റ് നൽകിക്കൊണ്ട്. രാഹുലിന്റെ റായ്ബറേലി സ്ഥാനാർത്ഥിത്വം അത്ര അപ്രതീക്ഷിതമായിരുന്നില്ല. രണ്ടിൽ ഒരിടത്ത് രാഹുൽ മത്സരിക്കും എന്നത് ഏവരും പ്രതീക്ഷിച്ച ഒന്നായിരുന്നു. വയനാട് സുരക്ഷിതമായി ഉള്ളപ്പോൾ തന്നെ, യുപിയിൽനിന്ന് ഒളിച്ചോടിയെന്ന ആക്ഷേപം ഒഴിവാക്കാൻ അനിവാര്യമായിരുന്നു രാഹുലിന്റെ മത്സരം.
അമ്പരപ്പിച്ചത് പ്രിയങ്ക ഗാന്ധി മത്സരത്തിന് ഇല്ല എന്നതാണ്.

രാഷ്ട്രീയ നിരീക്ഷകർ അത് പ്രതീക്ഷിച്ചിരുന്നു. കുടുംബ വേരുകൾ ഉള്ള ഒരു മണ്ഡലത്തിൽ പ്രിയങ്കയുടെ ആദ്യ മത്സരം എന്ന കാര്യം. കോൺഗ്രസ് ലളിതമായ ഉത്തരം നൽകി. പ്രിയങ്കയെ ഒരു മണ്ഡലത്തിൽ ഒതുക്കി നിർത്താൻ ഉദ്ദേശിക്കുന്നില്ല. രാജ്യം മുഴുവൻ കോൺഗ്രസിന്റെ പ്രചാരണത്തിന് നേതൃത്വം കൊടുക്കുന്നത് പ്രിയങ്കയാണ് എന്ന്.
ഒരുകാര്യം ഉറപ്പാണ്. കോൺഗ്രസ് നേതൃത്വവും തെരഞ്ഞെടുപ്പ് യുദ്ധമുറിയിലെ വിദഗ്ധരും വളരെ നേരത്തേ തന്നെ തീരുമാനിച്ചതാണ് റായ്ബറേലിയിലെയും അമേഠിയിലെയും സ്ഥാനാർത്ഥിത്വങ്ങൾ. അത് സോണിയഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കാൻ തീരുമാനിച്ചപ്പോൾ തന്നെ. പ്രഖ്യാപനം വൈകി എന്നുമാത്രമേയുള്ളൂ.

അപ്പോഴുമുള്ള ചോദ്യം എന്താണ് പ്രിയങ്കയെ മുൻനിർത്തി കോൺഗ്രസിന്റെ ലക്ഷ്യം എന്നതാണ്? രണ്ട് കാര്യങ്ങളാണ് അതിൽ പ്രധാനം.

vachakam
vachakam
vachakam

1. ഒരു പാർട്ടി എന്ന നിലയിൽ കോൺഗ്രസിനെ ശക്തമാക്കുക.

2. രാഷ്ട്രീയ എതിരാളികൾക്ക് ആക്രമിക്കാനുള്ള ആയുധം എറിഞ്ഞുകൊടുക്കാതിരിക്കുക.

ആർക്കാണ് അറിയാത്തത് രാജ്യത്ത് കോൺഗ്രസ് ഒരു സംഘടന എന്ന നിലയിൽ ദുർബലമാണെന്നത്. രാജ്യമെങ്ങും പാർട്ടിക്ക് അണികളുണ്ടെന്നും ഇപ്പോഴും ആ പാർട്ടിയിൽ പ്രതീക്ഷയർപ്പിക്കുന്നവർ ഉണ്ട് എന്നതും യാഥാർഥ്യമാണ്. കോൺഗ്രസ് അല്ലാതെ ബി.ജെ.പിക്ക് മറുമരുന്നിടാൻ മറ്റൊരു മുന്നേറ്റം ഇതുവരെ ഉണ്ടായിട്ടില്ല. അങ്ങനെ സംഭവിക്കണമെങ്കിൽ മഹാത്ഭുതം വേണം. അവിടെയാണ് കോൺഗ്രസ് സംഘടനാപരമായി ശക്തിപ്പെടേണ്ടതിന്റെ പ്രധാനം.

vachakam
vachakam
vachakam

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഓർക്കുന്നില്ലേ. തോൽവിയോടെ രാഹുൽ അധ്യക്ഷസ്ഥാനം ഉപേക്ഷിച്ച് പോയി. തോൽവിയിൽ ഉപേക്ഷിച്ചുപോകുന്നവരല്ല യഥാർഥ നായകർ. പക്ഷെ രാഹുൽ അത് ചെയ്തു. എന്നിട്ടും പാർട്ടി രാഹുലിനെ തന്നെ വിശ്വസിക്കുന്നുമുതിർന്ന നേതാക്കൾ ഒഴികെ. ശക്തികൊഴിഞ്ഞ വൃദ്ധകാലാളുകൾ പോകുന്നെങ്കിൽ പോകട്ടെ എന്നതാണ് രാഹുലിന്റെയും കോൺഗ്രസ് നേതൃത്വത്തിന്റെയും ഇപ്പോഴത്തെ ചിന്ത. കലർപ്പില്ലാത്ത പാർട്ടിയിലൂടെ ശക്തിപ്പെടുത്താം എന്ന ആലോചന.

രാഹുലിന് ശേഷം അധ്യക്ഷനില്ലാതെ പാർട്ടി മുന്നോട്ടുപോയി. ഒടുവിൽ മല്ലികാർജ്ജുൻ ഖാർഗെ വന്നു. അദ്ദേഹം തരക്കേടില്ലാതെ തന്നെ പാർട്ടിയെ നയിക്കുന്നു. 81 പിന്നിട്ട ഖാർഗെയ്ക്ക് എത്രനാൾ പാർട്ടിയെ മുന്നോട്ടുകൊണ്ടുപോകാനാകും? അവിടെ ഓരു ലോങ് ടേം ഇൻവസറ്റ്‌മെന്റ് അനിവാര്യമാണ്. പ്രിയങ്കയുടെ സാധ്യതകളിൽ ഒന്ന്, അടുത്ത എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്ക ഉയരുക എന്നതാണ്. 2019ൽ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലായിരുന്നു പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം. അമേഠിയിൽ പ്രചാരണത്തിന് ഉണ്ടായത് അവസാന മൂന്ന് ദിവസം മാത്രം. സ്മൃതി ഇറാനിയോട് രാഹുൽ തോറ്റു. പ്രിയങ്ക അപ്പോൾ മുതൽ യുപിയിലുണ്ട്.

എ.ഐ.സി.സി ജനറൽ സെക്രട്ടറി എന്ന നിലയിൽ യുപിയുടെ ചുമതല നിർവഹിക്കുന്നു. പാർട്ടിയും തെരഞ്ഞെടുപ്പ് തന്ത്രങ്ങളും ഒരുക്കുന്നതിൽ പ്രിയങ്ക ആൻഡ് ടീം ഒരുഘടകമാണ്. അതിന്റെ പരീക്ഷണം കൂടിയാണ് ഈ തെരഞ്ഞെടുപ്പും ഇനിയുള്ള നാളുകളും. റായ്ബറേലി രാഹുലിലൂടെ നിലനിർത്തുകയും അമേഠിയിൽ ഗാന്ധി കുടുംബവുമായി ചേർന്ന് നിൽക്കുന്ന കശോരി ലാൽ ശർമയെ ജയിപ്പിക്കുക എന്നതുമാണ് ദൗത്യം. രണ്ടും സാധ്യമായാൽ സംസ്ഥാനത്തെ പാർട്ടിയിൽ അത് ഉജ്വല തിരിച്ചുവരവാകും. അമേഠിയിലെ ജയം രാജ്യമെങ്ങും കോൺഗ്രസിന് പുതു ഊർജമാകും.

vachakam
vachakam
vachakam

ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഒരാളെ ജയിപ്പിച്ചു എന്നത് അധിക നേട്ടമാകും.
യുപിയിൽ ഇപ്പോൾ ബി.ജെ.പിക്ക് എതിരാളി ആരെന്നതാണ് ചോദ്യം. അത് അഖിലേഷ് യാദവിലേക്കും എസ്പിയിലേക്കും ചുരുങ്ങിയിരിക്കുന്നു. മായാവതി ചിത്രത്തിലേ ഇല്ലാതായി. അഖിലേഷിന് ഇത്തവണ കൂടി തിരിച്ചടിയുണ്ടായാൽ എസ്പിയുടെ ഭാവി എന്താകും എന്നതും ചോദ്യചിഹ്നമാകും. ബി.ജെ.പി ഇതര പാർട്ടികളുടെ ഈ അണികളെ കോർത്തിണക്കാനുള്ള ഒരു കേന്ദ്ര ബിന്ദു യുപിയിൽ അനിവാര്യമാണ്.
പ്രിയങ്കയുടെ സാധ്യത രണ്ട്, യുപിയിൽ കൂടുതൽ കേന്ദ്രീകരിക്കുക. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യുപിയിൽ കോൺഗ്രസിനെ അധികാരത്തിലേറ്റുക. മുഖ്യമന്ത്രിയായി തന്നെ.

ബി.ജെ.പിക്ക് ആക്രമിക്കാനുള്ള ആയുധം എറിഞ്ഞുകൊടുത്തില്ല എന്നതാണ് ഏറ്റവും പ്രധാനം. മോദിയും കൂട്ടരും ഇപ്പോഴും ആവർത്തിക്കുന്ന വിമർശനം കോൺഗ്രിലെ നെഹ്‌റു കുടുംബത്തിന്റെ ആധിപത്യമാണ്. പ്രിയങ്ക കൂടി മത്സരിച്ചാൽ അത് ശക്തിപ്പെടുത്തുകയേയുള്ളൂ. ആ ആക്ഷേപം തൽക്കാലം തടയിടാനായി. പ്രിയങ്ക പ്രവർത്തിക്കുന്നത് മത്സരിക്കാനല്ലെന്നും പാർട്ടിക്കും ജനങ്ങൾക്കും വേണ്ടിയാണെന്നും ഉച്ചത്തിൽ പ്രഖ്യാപിച്ചിരിക്കുന്നു ഈ തീരുമാനത്തിലൂടെ.
ഒരു കാര്യം ഉറപ്പിക്കാം.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഫലം എന്തായാലും കോൺഗ്രസിന്റെ രാഷ്ട്രീയ ഭാഗദേയം നിർണയിക്കുന്നതിൽ പ്രിയങ്കയുടെ തീരുമാനവും സ്വാധീനവും ഇനി കൂടുതൽ ശക്തമാകും.

ചൗക്കിദാർ

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam