ബിന്‍ സല്‍മാന്റെ സ്വപ്നം പൂവണിയുന്നു...

MAY 8, 2024, 9:38 AM

സൗദി അറേബ്യ പുതിയൊരു തിരിച്ചറിവിലേയ്ക്ക് എത്തിയിരിക്കുകയാണ്. എണ്ണ വരുമാനം മാത്രം ആശ്രയിച്ച് ഏറെ കാലം മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നാണ് ഇപ്പോള്‍ ഭരണകര്‍ത്താക്കളുടെ വിലയിരുത്തല്‍ എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. അതുകൊണ്ടു തന്നെയാണ് മറ്റ് ആദായ മാര്‍ഗങ്ങളും സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ തേടാന്‍ ആരംഭിച്ചത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ദൗത്യം തുടക്കത്തില്‍ ഫലം കണ്ടിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ മറിച്ചാണ് സംഭവിക്കുന്നത്.

സൗദി അറേബ്യയുടെ പ്രധാന വരുമാന മാര്‍ഗം എണ്ണയാണ്. എണ്ണയ്ക്ക് വില കുറയുന്ന വേളയില്‍ സൗദിയുടെ ബജറ്റില്‍ ഇളക്കമുണ്ടാകുന്നതും സ്വാഭാവികം. മറ്റ് വരുമാന മാര്‍ഗങ്ങള്‍ കൂടി കണ്ടെത്തിയാല്‍ പ്രതിസന്ധി പരിഹരിക്കാമെന്ന് ഭരണകൂടം മനസിലാക്കുന്നു. തുടര്‍ന്നാണ് നിര്‍മാണം, ടൂറിസം, വ്യവസായം ഉള്‍പ്പെടെയുള്ള മേഖലയിലേക്ക് കൂടി സൗദി കാലെടുത്തുവച്ചത്. ഇതുമായി ബന്ധപ്പെട്ട സന്തോഷം നല്‍കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

സൗദി അറേബ്യയുടെ എണ്ണ ഇതര സംരംഭങ്ങളുടെ വളര്‍ച്ച സുസ്ഥിരമാകുന്നു എന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ആഭ്യന്തര വിപണിയില്‍ ആവശ്യം വര്‍ധിച്ചുവരുന്നതാണ് ഇതിന് സഹായകമാകുന്നത്. സൗദി അറേബ്യ പര്‍ച്ചൈസിങ് മാനേജേഴ്സ് സൂചികയിലാണ് സൗദിയുടെ എണ്ണ ഇതര മേഖലയിലെ വളര്‍ച്ച സംബന്ധിച്ച വിവരം.

ഏപ്രിലില്‍ എണ്ണ ഇതര സംരംഭങ്ങളുടെ വളര്‍ച്ച 57.0 ശതമാനത്തില്‍ നില്‍ക്കുന്നു എന്നാണ് സൂചികയിലുള്ളത്. മാര്‍ച്ചിലേതിന് സമാനമായ കണക്കാണിത്. 50 ശതമാനത്തിന് മുകളില്‍ വളര്‍ച്ച നിലനിര്‍ത്താന്‍ സാധിച്ചത് നേട്ടമാണ്. അതേസമയം ഔട്ട്പുട്ട് സബ് ഇന്‍ഡക്സ് 61.9 ശതമാനമാണ്. മാര്‍ച്ചില്‍ 62.2 ശതമാനമായിരുന്നു. മൊത്ത-ചില്ലറ വിപണിയില്‍ നിന്നുള്ള ആവശ്യം ശക്തമായി തുടരുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് കരുത്ത് പകരും.

ഈ വര്‍ഷം എണ്ണ ഇതര ജിഡിപി 4.5 ശതമാനത്തിന് മുകളില്‍ എത്തിയേക്കുമെന്നാണ് വിലയിരുത്തുന്നതെന്ന് റിയാദ് ബാങ്കിലെ മുഖ്യ സാമ്പത്തിക വിദഗ്ധന്‍ നായിഫ് അല്‍ ഗെയ്ത് പറയുന്നു. ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ പുതിയ ആവശ്യക്കാര്‍ വരികയാണ്. പുതിയ വിപണന സാധ്യതകളും വളരുന്നു. ഇത് സമീപ ഭാവിയില്‍ ഗുണം ചെയ്യും. ആഭ്യന്തര വിപണിയില്‍ നിന്ന് തന്നെയാണ് കൂടുതല്‍ ആവശ്യക്കാരെത്തുന്നത്. ഉല്‍പ്പാദന മേഖലയില്‍ കയറ്റുമതിക്കുള്ള ഓര്‍ഡറുകളും ലഭിക്കുന്നുണ്ടെങ്കിലും വലിയ മുന്നേറ്റം പ്രകടമായി എന്ന് പറയാനാകില്ല.

ഈ വര്‍ഷം ആദ്യപാദത്തില്‍ സൗദിയുടെ സാമ്പത്തിക രംഗം നേരിയ തോതില്‍ തിരിച്ചടി നേരിട്ടിരുന്നു. എണ്ണയ്ക്ക് വില ഇടിഞ്ഞതാണ് കാരണം. അതേസമയം, എണ്ണ ഇതര വരുമാനം 2.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. വന്‍തോതിലുള്ള വളര്‍ച്ചയാണ് എന്ന് പറയാറായിട്ടില്ല. ഏപ്രിലിലെ കണക്കുകള്‍ പ്രകാരം കുവൈറ്റിന്റെ എണ്ണ ഇതര മേഖലകളുടെ പ്രവര്‍ത്തനവും ശുഭ പ്രതീക്ഷ നല്‍കുന്നു. പര്‍ച്ചൈസിങ് മാനേജേഴ്സ് ഇന്‍ഡക്സ് 50 ശതമാനത്തിന് മുകളില്‍ നില്‍ക്കുന്നു എന്നതാണ് എടുത്തുപറയേണ്ടത്.

എട്ട് മാസത്തിനിടെ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന കണക്കില്‍ ഉയര്‍ച്ച രേഖപ്പെടുത്തി. ഏപ്രിലിലെ കണക്കുകള്‍ പ്രകാരം യുഎഇയുടെ എണ്ണ ഇതര വരുമാനം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam