വാഷിംഗ്ടണ്‍: ഉയര്‍ന്ന ചെലവ് കാരണം അനധികൃതമായി കുടിയേറ്റക്കാരെ നാടുകടത്താന്‍ സൈനിക വിമാനം ഉപയോഗിക്കുന്നത് ട്രംപ് ഭരണകൂടം നിര്‍ത്തിയതായി റിപ്പോര്‍ട്ട്. മാര്‍ച്ച് 1 നാണ് യുഎസില്‍ നിന്ന് അവസാനമായി സൈനിക വിമാനത്തില്‍ ആളുകളെ നാടുകടത്തിയത്.
ജനുവരിയില്‍ ട്രംപ് അധികാരമേറ്റയുടന്‍ തന്നെ കുടിയേറ്റക്കാരെ അവരുടെ മാതൃരാജ്യങ്ങളിലേക്കോ ഗ്വാണ്ടനാമോ ബേയിലെ സൈനിക താവളത്തിലേക്കോ കൊണ്ടുപോകാന്‍ അമേരിക്ക സൈനിക വിമാനങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങി. പക്ഷേ, ഈ നടപടി ചെലവേറിയതും കാര്യക്ഷമമല്ലാത്തതുമാണെന്ന് പിന്നീട് വിലയിരുത്തപ്പെട്ടു.
ഇ17 വിമാനങ്ങള്‍ ഇതിനകം കുടിയേറ്റക്കാരെയും കൊണ്ട് 30 ട്രിപ്പുകളും ഇ130 വിമാനം ഒരു ഡസനോളം ട്രിപ്പുകളും നടത്തിയിട്ടുണ്ട്. ലക്ഷ്യസ്ഥാനങ്ങളില്‍ ഇന്ത്യ, പെറു, ഗ്വാട്ടിമാല, ഹോണ്ടുറാസ്, പനാമ, ഇക്വഡോര്‍, ഗ്വാണ്ടനാമോ ബേ എന്നിവ ഉള്‍പ്പെടുന്നു.
ഫെബ്രുവരിയില്‍, നൂറുകണക്കിന് ഇന്ത്യന്‍ അനധികൃത കുടിയേറ്റക്കാരെ നിരവധി ബാച്ചുകളായി, യുഎസ് എയര്‍ഫോഴ്സിന്റെ കാര്‍ഗോ വിമാനത്തില്‍ ഇന്ത്യയിലെത്തിച്ചിരുന്നു. ലാന്‍ഡിംഗിന് ശേഷം, നാടുകടത്തപ്പെട്ടവര്‍ തങ്ങളുടെ കഷ്ടപ്പാടുകള്‍ വിവരിക്കുകയും വിമാനത്തിലുടനീളം തങ്ങളെ കൈകളിലും കാലിലും വിലങ്ങിട്ട് ഇരുത്തിയെന്നും പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ യുഎസിനെ പരാതി അറിയിക്കുകയും ചെയ്തു.
അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിന് ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റാണ് മേല്‍നോട്ടം വഹിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ക്കായി വാണിജ്യ വിമാനങ്ങളാണ് ഉപയോഗിച്ചിരുന്നത്. ട്രംപ് ഭരണകൂടം കുടിയേറ്റക്കാര്‍ക്ക് അവരുടെ കര്‍ശനമായ നയങ്ങളെക്കുറിച്ച് സന്ദേശം അയക്കാന്‍ ആഗ്രഹിച്ചതിനാലാണ് സൈനിക വിമാനങ്ങള്‍ ഉപയോഗിച്ചത്.
എന്നിരുന്നാലും, ഈ വിമാനങ്ങള്‍ സിവിലിയന്‍ വിമാനങ്ങളേക്കാള്‍ ദൈര്‍ഘ്യമേറിയ റൂട്ടുകള്‍ എടുക്കുകയും താരതമ്യേന കുറച്ച് കുടിയേറ്റക്കാരെ മാത്രം എത്തിക്കുകയും ചെയ്തു.
ഇന്ത്യയിലേക്കുള്ള മൂന്ന് നാടുകടത്തല്‍ വിമാനങ്ങള്‍ക്ക് മാത്രം 3 മില്യണ്‍ ഡോളര്‍ വീതം ചെലവായതായി കണ്ടെത്തി. വെറും ഒരു ഡസന്‍ ആളുകളെ വഹിച്ചിരുന്ന ഗ്വാണ്ടനാമോയിലേക്കുള്ള ഫ്‌ളൈറ്റുകള്‍ക്ക് ഒരു കുടിയേറ്റക്കാരന് കുറഞ്ഞത് 20,000 ഡോളര്‍ വീതം ചെലവാകും.
അതേസമയം ഒരു സ്റ്റാന്‍ഡേര്‍ഡ് യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ഫ്‌ളൈറ്റിന് ഒരു ഫ്‌ളൈറ്റ് മണിക്കൂറിന് 8,500 ഡോളര്‍ ചെലവ് മാത്രമാണ് വരുന്നതെന്ന് സര്‍ക്കാര്‍ ഡാറ്റ കാണിക്കുന്നു. അന്താരാഷ്ട്ര യാത്രകള്‍ക്ക് ഒരു ഫ്‌ലൈറ്റ് മണിക്കൂറിന് 17,000 ഡോളറിന് അടുത്താണ് ചെലവ്.
എന്നാല്‍, കനത്ത ചരക്കുകളും സൈനികരെയും കൊണ്ടുപോകാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന സി-17 പറക്കുന്നതിനുള്ള ചെലവ് മണിക്കൂറിന് 28,500 ഡോളറാണെന്ന് വിമാനം നല്‍കിയ യുഎസ് ട്രാന്‍സ്പോര്‍ട്ടേഷന്‍ കമാന്‍ഡ് പറയുന്നു. ഉയര്‍ന്ന ഫ്‌ളൈയിംഗ് ചിലവുകള്‍ക്കൊപ്പം, സി -17 വിമാനങ്ങള്‍ക്ക് മെക്‌സിക്കോയുടെ വ്യോമാതിര്‍ത്തി ഉപയോഗിക്കാന്‍ സാധിക്കാത്തതിനാല്‍ കൂടുതല്‍ ദൂരം ചുറ്റി സഞ്ചരിക്കേണ്ടതുണ്ട്. ഇതും നഷ്ടം വര്‍ധിപ്പിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്