കയ്റോ: ഗാസയുടെ പുനർനിർമാണത്തിനായി ഈജിപ്ത് മുന്നോട്ടുവച്ച 5,300 കോടി ഡോളറിന്‍റെ പദ്ധതി നിരസിച്ച് യുഎസ്. ഗാസ താമസയോഗ്യമല്ലാത്ത ഭൂമിയാണെന്നും പൊട്ടാതെ കിടക്കുന്ന സ്ഫോടക വസ്തുക്കളേറെയാണെന്നുമുള്ള വസ്തുത തിരിച്ചറിയാതെയാണ് പുതിയ പ്രഖ്യാപനമെന്നാണ് ട്രംപിന്റെ പ്രതികരണം.
'യാഥാർത്ഥ്യത്തെ നിലവിലെ നിർദ്ദേശം അഭിസംബോധന ചെയ്യുന്നില്ല. ഹമാസിൽ നിന്ന് മുക്തമായ ഗാസ പുനർനിർമ്മിക്കാനുള്ള തന്റെ കാഴ്ചപ്പാടിൽ പ്രസിഡന്റ് ട്രംപ് ഉറച്ചുനിൽക്കുന്നു. മേഖലയിൽ സമാധാനവും സമൃദ്ധിയും കൊണ്ടുവരുന്നതിനായി കൂടുതൽ ചർച്ചകൾക്കായി ഞങ്ങൾ ആഗ്രഹിക്കുന്നു- " ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ബ്രയാൻ ഹ്യൂസ് പ്രസ്താവനയിൽ പറഞ്ഞു.
പാലസ്തീനികളെ പുറത്താക്കി ഗാസയെ സുഖവാസ കേന്ദ്രമാക്കാനുള്ള യുഎസ് പ്രസിഡന്‍റ് ട്രംപിന്‍റെ പദ്ധതിക്കു ബദലായിട്ടാണ് അറബ് രാജ്യങ്ങള്‍ മറ്റൊരു പദ്ധതി തയാറാക്കിയത്. ഹമാസിനു പകരം ഗാസ ഭരണം പരിഷ്‍കരിച്ച പലസ്തീൻ അതോറിറ്റി സർക്കാറിനെ ഏല്‍പിക്കും.
വെസ്റ്റ് ബാങ്ക്, ഗസ്സ, കിഴക്കൻ ജറൂസലം എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണകൂടങ്ങളെ കണ്ടെത്താനും പദ്ധതിയുണ്ട്. ഘട്ടങ്ങളായി ഗസ്സയെ പുനർനിർമിക്കും. അതുവഴി ഇസ്രായേലി അധിനിവേശത്തില്‍ എല്ലാം നഷ്ടമായ പാലസ്തീനികള്‍ക്ക് പുനരധിവാസം ഉറപ്പാക്കും.
മൂന്നു ഘട്ടങ്ങളിലാകും ഗാസ പുനർനിർമാണം. ആദ്യ ആറു മാസം നീളുന്ന ഒന്നാം ഘട്ടത്തില്‍ താല്‍ക്കാലിക വീടുകളൊരുക്കും. നിലവില്‍ ഗാസയിലെ 90 ശതമാനം വീടുകളും തകർക്കപ്പെട്ടതാണെന്ന് യു.എൻ പറയുന്നു. സ്കൂളുകള്‍, ആശുപത്രികള്‍, മലിനജല സംവിധാനങ്ങള്‍, വൈദ്യുതി എന്നിവയും തകർന്ന നിലയിലാണ്. അഞ്ചു കോടി ടണ്‍ മാലിന്യങ്ങളാണ് നീക്കാനുള്ളത്.
ഹമാസ് ഈ നിർദേശം അംഗീകരിച്ചിട്ടുണ്ടെങ്കിലും ആയുധം താഴെവയ്ക്കാൻ തയാറാകില്ലെന്നാണു സൂചന. ഗാസയില്‍ അന്താരാഷ്‌ട്ര സമാധാനസേനയെ വിന്യസിക്കാൻ യുഎൻ രക്ഷാസമിതി തയാറാകണമെന്നും പദ്ധതിയില്‍ ആവശ്യപ്പെടുന്നു. പദ്ധതിക്കുവേണ്ട പണം കണ്ടെത്താനായി അടുത്ത മാസം അന്താരാഷ്‌ട്ര ഉച്ചകോടി ചേർന്നേക്കും. സംഭാവനകള്‍ നല്കാൻ ചില അറബ് രാജ്യങ്ങള്‍ക്കു താത്പര്യമുണ്ടെങ്കിലും വീണ്ടും യുദ്ധം പൊട്ടിപ്പുറപ്പെടില്ലെന്ന ഉറപ്പു വേണമെന്ന് ഇവരാവശ്യപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്