വാഷിംഗ്ടണ്‍: സ്വകാര്യ ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ ശക്തമായ നിയമനിര്‍മ്മാണം ആവശ്യപ്പെട്ട് മെലാനിയ ട്രംപ്. 'റിവെഞ്ച് പോണ്‍' എന്നറിയപ്പെടുന്ന സമ്മതമില്ലാതെയുള്ള ലൈംഗിക ദൃശ്യങ്ങളുടെ പ്രചാരണത്തിനെതിരെ നിയമം കൊണ്ടുവരണമെന്നാണ് മെലാനിയ ട്രംപ് ആവശ്യപ്പെടുന്നത്. ഒരു വ്യക്തിയുടെ സമ്മതമില്ലാതെ, സ്വകാര്യ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുന്നത് ഫെഡറല്‍ കുറ്റകൃത്യമാക്കണമെന്നാണ് മെലാനിയ ആവശ്യപ്പെടുന്നത്.
ഇന്ത്യയില്‍ സാമൂഹികമാധ്യമ ഉള്ളടക്കങ്ങളെ നിയന്ത്രിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് സുപ്രീം കോടതി. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കാത്ത തരത്തില്‍ നിയന്ത്രണം കൊണ്ടുവരുന്നത് പരിഗണിക്കണമെന്നും എന്നാല്‍ സെന്‍സര്‍ഷിപ്പിനെതിരെ ജാഗ്രത വേണമെന്നുമാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇതേ ആവശ്യവുമായി യു.എസില്‍ പ്രഥമ വനിത മെലാനിയ ട്രംപും രംഗത്തെത്തിയത് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്.
ടെക് കമ്പനികള്‍ അത്തരം ഉള്ളടക്കം വേഗത്തില്‍ നീക്കം ചെയ്യാന്‍ ഉതകത്തക്ക ബില്ല് കൊണ്ടുവരണം. ലൈംഗികത പ്രകടമാക്കുന്ന ഓണ്‍ലൈന്‍ ഉള്ളടക്കത്തിന്റെ ഇരകളായി കൗമാരക്കാര്‍, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ മാറുന്നതായി ആണ് കാണുന്നത്. കൗമാരക്കാരുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കണമെന്ന് അവര്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. ചൂഷണത്തിന്റെയോ ഉപദ്രവത്തിന്റെയോ ഭീഷണിയില്ലാതെ എല്ലാ യുവജനങ്ങളും സ്വതന്ത്രമായി സ്വയം പ്രകടിപ്പിക്കാന്‍ സുരക്ഷിതമായ ഒരു ഓണ്‍ലൈന്‍ ഇടം അര്‍ഹിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്റര്‍നെറ്റില്‍ കൗമാരക്കാര്‍ നേരിടുന്ന ഭീഷണികളെക്കുറിച്ച് കാപ്പിറ്റോളില്‍ നടന്ന പ്രത്യേക യോഗത്തില്‍ മെലാനിയ ട്രംപ് ശക്തമായ പ്രസ്താവന നടത്തി. 'അനുവാദമില്ലാതെ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ കൗമാരക്കാര്‍ അനുഭവിക്കുന്ന വേദന ഹൃദയഭേദകമാണ്. കുട്ടികളെ ഇത്തരം ഓണ്‍ലൈന്‍ ദുരുപയോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ കൂടുതല്‍ നടപടികള്‍ ആവശ്യമാണ്,' മെലാനിയ ട്രംപ് പറഞ്ഞു.
മെലാനിയ ട്രംപിന്റെ 'BE BEST' പദ്ധതിയുടെ തുടര്‍ച്ചയായി ഈ പ്രചാരണത്തെ വിലയിരുത്താം. ഓണ്‍ലൈന്‍ സുരക്ഷ, ബുള്ളിയിംഗ് തുടങ്ങിയ വിഷയങ്ങളില്‍ കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള അവരുടെ പ്രതിബദ്ധത ഈ നീക്കത്തിലൂടെ വ്യക്തമാകുന്നു. സെനറ്റര്‍ ടെഡ് ക്രൂസുമായി (R-Texas) ചേര്‍ന്ന് 'ഡിജിറ്റല്‍ അബ്യൂസ് പ്രിവന്‍ഷന്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ ആക്ട്' എന്ന ബില്ലിനെ മെലാനിയ ട്രംപ് പിന്തുണയ്ക്കുന്നു. വ്യക്തിപരമായ ദൃശ്യങ്ങള്‍ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായ നടപടികളാണ് ഈ നിയമം നിര്‍ദ്ദേശിക്കുന്നത്.
ഇന്ത്യയില്‍ പോഡ്കാസ്റ്റ് തുടരാന്‍ അനുമതി തേടി ഇന്‍ഫ്ളുവന്‍സര്‍ രണ്‍വീര്‍ അലഹാബാദിയ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സൂര്യകാന്ത് അടങ്ങിയ ബെഞ്ചിന്റെ നിര്‍ണായക നിര്‍ദേശം ഉണ്ടായത്. ഇത്തരം നിയന്ത്രണത്തിനായി കൊണ്ടു വരുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ പൊതുജനങ്ങളുടെ സമക്ഷം അവതരിപ്പിക്കുകയും ജനങ്ങളുടെ നിര്‍ദേശം പരിഗണിക്കുകയും വേണമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്