ഫൊക്കാന ടെക്‌സസ് റീജിയണൽ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഫൊക്കാന മുൻ പ്രസിഡന്റ് ജി.കെ. പിള്ളയേയും, ഫൊക്കാനയുടെ നേതാക്കളായ റീജണൽ വൈസ് പ്രസിഡന്റ് ഫാൻസിമോൾ പള്ളത്തു മഠം, മാർട്ടിൻ ജോൺ, പൊന്നു പിള്ള എന്നീ വ്യക്തികളെ ഫൊക്കാന ആദരിച്ചു.
ജി.കെ. പിള്ള 2012ലെ ഫൊക്കാന ഹ്യൂസ്റ്റൺ കൺവെൻഷന് നേതൃത്വം നൽകിയ വ്യക്തിയാണ്. ഈ കാലയളവിൽ ഫൊക്കാന പ്രസിഡന്റ് എന്ന നിലയിൽ അർപ്പണ മനോഭാവത്തോടും ആത്മാർത്ഥതയോടും കൂടി സംഘടനയെ നയിക്കുകയും ഫൊക്കാനയുടെ വളർച്ചക്ക് കാരണമാവുകയും ചെയ്തു.
ഒരു നേതാവ് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നു വരുമ്പോൾ ധാരാളം മാറ്റങ്ങളാണ് പല മേഖലകളിലും പ്രകടമാകുന്നത്. അതിനർത്ഥം അവർ സമൂഹത്തിന്റെ അടിത്തട്ടിലേക്ക് കൂടുതൽ ഇറങ്ങിച്ചെന്ന് പ്രവർത്തിക്കുന്നവരാണ് എന്നുള്ളതാണ്. അത്തരത്തിൽ അമേരിക്കൻ മലയാളികൾക്കിടയിൽ മാറ്റത്തിന്റെ അലയൊലികൾ വലിയ തോതിൽ സൃഷ്ടിച്ച വ്യക്തിയാണ് ജി.കെ. പിള്ള. ആരുടേയും സഹായമില്ലാതെ സ്വന്തം കഴിവിന്റെ ആത്മബലത്തിലാണ് ഈ കൊടുമുടികൾ അദ്ദേഹം നടന്നു കയറിയത്. അദ്ദേഹത്തിന് ഫൊക്കാനയുടെ അഭിനന്ദനങ്ങൾ.
ഫാൻസിമോൾ പള്ളത്തുമഠം ഫൊക്കാനയുടെ 2024 -2026ലെ റീജണൽ വൈസ് പ്രസിഡന്റ് ആയി നല്ല ഒരു പ്രവർത്തനം നടത്തുന്ന വ്യക്തിത്വമാണ്. ടെക്‌സസ് റീജിയന്റെ ചരിത്രത്തിൽ ആദ്യമായി 200 അധികം ആളുകളെ പങ്കെടുപ്പിച്ചു വലിയ ഒരു റീജണൽ കൺവെൻഷൻ നടത്തുവാൻ നേതൃത്വം നൽകി. ഈ റീജണിൽ നിന്നും രണ്ട് സംഘടനകൾ മാത്രമുണ്ടായിരുന്നിടത്ത് ഇപ്പോൾ പുതിയ അഞ്ചു സംഘടനകൾ അംഗത്വത്തിനായി അപേക്ഷ നൽകിയിട്ടുണ്ട്. റീജിയന്റെ പ്രവർത്തനത്തിൽ ഉണ്ടായ പുരോഗതിക്കാണ് ഫാൻസിമോൾ ആദരിക്കപ്പെട്ടത്.
മാർട്ടിൻ ജോൺ ഫൊക്കാനയുടെ കൺവെൻഷൻ കൺവീനർ ആണ്. ഒരു സംഘടനയ്ക്ക് ഏറ്റവുമധികം ജനസ്വീകാര്യതയും വിസിബിലിറ്റിയും ഉണ്ടാകുന്നത് നല്ല സംഘാടകർ സംഘടനകളുടെ നേതൃത്വത്തിലേക്ക് വരുമ്പോഴാണ്. അതിന് കാരണം മറ്റൊന്നുമല്ല. കണ്ടുവരുന്ന ശൈലിയിൽ നിന്ന് വ്യത്യസ്തമായി ചില കാര്യങ്ങൾ സമൂഹത്തിനായി നടപ്പിലാക്കുവാൻ അവർ ശ്രമിക്കും. മറ്റുള്ളവരെ സഹായിക്കുക എന്നുള്ളത് ഒരു ജീവകാരുണ്യ പ്രവർത്തനമായിട്ടാണ് മാർട്ടിൻ ജോൺ കാണുന്നത്. മാർട്ടിൻ ജോണിന്റെ പ്രവർത്തനം ഫൊക്കാനക്ക് കുടുതൽ അംഗസംഘനകളെ ലഭിക്കാൻ കാരണമായി. അതിനാണ് അദ്ദേഹം ഫൊക്കാനയുടെ ആദരവിന് അർഹനായത്.
പൊന്നുപിള്ള ഫൊക്കാനയുടെ ആദ്യകാലം മുതലുള്ള നേതാവാണ്. സംഘടനക്കുവേണ്ടി ഫൊക്കാനയുടെ വനിതാ ഫോറത്തിലും അവർ കർമ്മനിരതയാണ്. ഫൊക്കാനയിൽ കാലാകാലങ്ങളായി അവർ നൽകിയ സേവനങ്ങളെ മാനിച്ചാണ് ആദരിക്കപ്പെട്ടത്.
ഫൊക്കാന മുൻ പ്രസിഡന്റ് ജി.കെ. പിള്ള ഫൊക്കാനയുടെ ഇപ്പോഴത്തെ കമ്മിറ്റി എല്ലാവരെയും ചേർത്ത് പിടിച്ചുകൊണ്ട് ഒത്തുരുമയോട് മുന്നോട്ട് പോകുന്ന രീതിയെ അഭിനന്ദിക്കുകയും ഫൊക്കാനയുടെ പ്രവർത്തനത്തിൽ ഉണ്ടായ ഉയർച്ചയിൽ സന്തോഷം രേഖപ്പെടുത്തുകയും ചെയ്തു.
ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചാക്കപ്പൻ, എക്‌സി. വൈസ് പ്രസിഡന്റ് പ്രവീൺ തോമസ്, അഡീഷണൽ അസോ. സെക്രട്ടറി അപ്പുകുട്ടൻ പിള്ളൈ, മുൻ ട്രസ്റ്റീ ബോർഡ് മെംബർ തോമസ് തോമസ്, വിമെൻസ് ഫോറം വൈസ് ചെയർ ഷീല ചെറു തുടങ്ങി ഫൊക്കാന ഭാരവാഹികളും നിരവധി ഫൊക്കാന നേതാക്കളും മേയർ കെൻ മാത്യുവും ചേർന്നാണ് ഫൊക്കാനയുടെ അഭിനന്ദനങ്ങൾ പൊന്നാടയായി അണിയിച്ചത്.
ശ്രീകുമാർ ഉണ്ണിത്താൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്