വാഷിംഗ്‌ടൺ : യു.എസില്‍ ടിക് ടോക്കിന്റെ നിരോധനം മറികടക്കാൻ അവസാനവട്ട ശ്രമങ്ങളുമായി കമ്പനി. ടിക് ടോക്ക് വില്‍ക്കുകയോ അല്ലെങ്കില്‍ യുഎസില്‍ നിരോധനം നേരിടുകയോ ചെയ്യണമെന്ന് നിര്‍ബന്ധമാക്കുന്ന നിയമം താത്കാലികമായി തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു.
ഒടുവിൽ നിയമ വാദങ്ങൾ കേൾക്കാൻ യുഎസ് സുപ്രീം കോടതി സമ്മതിച്ചിരിക്കുകയാണ്. ജനുവരി 10-ന് ടിക് ടോക്കിനും മാതൃകമ്പനിയായ ബൈറ്റ്ഡാൻസിനും അവരുടെ വാദങ്ങൾ കോടതിക്ക് മുൻപിൽ അവതരിപ്പിക്കാം. ജനുവരി 19 ന് മുമ്പ് ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സുമായുള്ള ബന്ധം എന്നന്നേക്കുമായി ഉപേക്ഷിച്ച് ടിക് ടോക്കിനെ അമേരിക്കന്‍ കമ്പനികള്‍ക്ക് വില്‍ക്കണം. എങ്കില്‍ മാത്രമേ ടിക് ടോക്കിന് തുടര്‍ന്നും യുഎസില്‍ പ്രവര്‍ത്തിക്കാനാകൂ. അതിന് സാധിച്ചില്ലെങ്കില്‍ യുഎസില്‍ നിരോധനത്തിന് വിധേയമായി സേവനം അവസാനിപ്പിക്കണം.
17 കോടി ഉപഭോക്താക്കളുള്ള യുഎസിലെ ജനപ്രിയമായ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമാണ് ടിക് ടോക്ക്. നേരത്തെ നിയമം തടയണമെന്നാവശ്യപ്പെട്ട് കീഴ്‌കോടതിയില്‍ നല്‍കിയ അപ്പീല്‍ തള്ളിയിരുന്നു. യുഎസില്‍ നിന്നുള്ള ടിക് ടോക്ക് ഉപഭോക്താക്കളുടെ സംഘവും സമാനമായ അപേക്ഷ തിങ്കളാഴ്ച കോടതിയില്‍ നല്‍കിയിരുന്നു.
രാജ്യത്തെ ഉപയോക്താക്കളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്നതിനാൽ നിരോധിക്കാനുള്ള ശ്രമം ഭരണഘടനാ വിരുദ്ധമാണെന്നാണ് ടിക് ടോക്ക് വാദിക്കുന്നത്. “ടിക് ടോക്ക് നിരോധനം ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി കണ്ടെത്തുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, അതിനാൽ ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലുള്ള 170 ദശലക്ഷത്തിലധികം അമേരിക്കക്കാർക്ക് അവരുടെ സ്വതന്ത്രമായ ആവിഷ്‌ക്കാര സ്വാതന്ത്രം തുടർന്നും ഉപയോഗിക്കാൻ കഴിയും,” ടിക് ടോക്ക് വക്താവ് ബിബിസിക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.
നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധികാരത്തിലെത്തുന്നത് ടിക്‌ടോക്കിന് ഗുണകരമായേക്കാം എന്ന് വിലയിരുത്തലുകള്‍ ഉണ്ട്. പ്രചാരണവേളയിൽ ഇത്തരമൊരു സൂചനയും ട്രംപ് നൽകി. തിങ്കളാഴ്ച ഫ്ലോറിഡയിലെ മാർ-എ-ലാഗോ എസ്റ്റേറ്റിൽ വച്ച് ടിക് ടോക്ക് മേധാവി ഷൗ സി ച്യൂവിനെ അദ്ദേഹം കണ്ടതായി സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. പക്ഷെ ട്രംപിൻ്റെ പിന്തുണ ഉണ്ടായിരുന്നിട്ടും, മുതിർന്ന സെനറ്റ് റിപ്പബ്ലിക്കൻ മിച്ച് മക്കോണൽ, ടിക് ടോക്കിൻ്റെ അപേക്ഷ നിരസിക്കാൻ സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചു.
ടിക് ടോക്കിന്റെ ചൈനീസ് ബന്ധമാണ് യുഎസിന്റെ പ്രശ്‌നം. അമേരിക്കന്‍ ഉപഭോക്താക്കളുടെ ലൊക്കേഷന്‍, സ്വകാര്യ സന്ദേശങ്ങള്‍ ഉള്‍പ്പടെയുള്ള ഉള്ളടക്കങ്ങളിലേക്ക് അനധികൃത പ്രവേശനം രാജ്യവിരുദ്ധ ശക്തികള്‍ക്ക് ലഭിക്കുമെന്ന് യുഎസ് ആശങ്കപ്പെടുന്നു. ഒപ്പം ടിക് ടോക്കിലെ ഉള്ളടക്കങ്ങളിലൂടെ യുഎസ് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ സാധിക്കുമെന്ന സാധ്യതയും യുഎസ് ചൂണ്ടിക്കാണിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്