ഈഡൻ ഗാർഡൻസിലെ ഞെട്ടിക്കുന്ന തോൽവിയിലും ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറിന് കുലുക്കമില്ല. ഇന്ത്യൻ ടീം ആഗ്രഹിച്ച പിച്ചാണ് കൊൽക്കത്തയിൽ തയ്യാറാക്കിയതെന്ന് മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. ബാറ്റർമാരുടെ മോശം പ്രകടനമാണ് ഇന്ത്യയുടെ തോൽവിക്ക് കാരണമെന്നും ഗംഭീർ പറഞ്ഞു. കളിക്കാൻ കഴിയാത്ത വിക്കറ്റായിരുന്നില്ല കൊൽക്കത്തിയിലേത്. സമ്മർദത്തിന് വഴങ്ങിയതാണ് ഇന്ത്യക്ക് തിരിച്ചടിയായതെന്നും ഗംഭീർ.
ഇന്ത്യ ജയിച്ചിരുന്നെങ്കിൽ പിച്ചിനെക്കുറിച്ചുളള വിവാദങ്ങൾ ഉണ്ടാവുമായിരുന്നില്ല. ഗുവാഹത്തിയിൽ ഏത് തരം പിച്ചാണെങ്കിലും ദക്ഷിണാഫ്രിക്കയെ നേരിടാൻ തയ്യാറെന്നും ഇന്ത്യൻ കോച്ച് വ്യക്തമാക്കി. ഇന്ത്യൻ ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ട പ്രകാരമുള്ള പിച്ചാണ് തയ്യാറാക്കിയതെന്ന് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റും മുൻ ഇന്ത്യൻ നായകനുമായ സൗരവ് ഗാംഗുലിയും വ്യക്തമാക്കിയിരുന്നു.
രണ്ട് ടീമുകളും നാല് ഇന്നിംഗ്‌സിലും 200 റൺസ് പോലും കടക്കാതിരുന്ന പിച്ചിൽ സ്പിന്നർമാർക്കൊപ്പം പേസർമാരും മികവ് കാട്ടിയിരുന്നു. ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര അഞ്ച് വിക്കറ്റെടുത്തപ്പോൾ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സിൽ ദക്ഷിണാഫ്രിക്കൻ പേസർ മാർക്കോ യാൻസൻ 3 വിക്കറ്റെടുത്തു.
ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്‌സിൽ രണ്ട് വിക്കറ്റൊഴികെ എല്ലാ വിക്കറ്റുകളും സ്പിന്നർമാരാണ് വീഴ്ത്തിയത്. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സിൽ രണ്ട് വിക്കറ്റൊഴികെ എല്ലാം സ്പിന്നർമാർക്കായിരുന്നു. സ്പിൻ പിച്ചൊരുക്കിയതിന് ക്യൂറേറ്റർ സുജൻ മുഖർജിയെ കുറ്റം പറയാനാവില്ലെന്നും ഇത് ഇന്ത്യൻ ടീം ആവശ്യപ്പെട്ടപ്രകാരം തയ്യാറാക്കിയ പിച്ചാണെന്നും ഗാംഗുലി വ്യക്തമാക്കി. ഇന്ത്യൻ ടീം ആവശ്യപ്പെട്ട പ്രകാരം പിച്ച് നനക്കുന്നത് മത്സരത്തിന് നാലു ദിവസം മുമ്പെ നിർത്തിയിരുന്നു. പിച്ച് നനക്കുന്നത് നിർത്തിയാൽ ഇത്തരത്തിൽ പൊട്ടിപൊളിയാൻ സാധ്യതയുണ്ടെന്നും ഗാംഗുലി പറഞ്ഞു.
രണ്ടര ദിവസം മാത്രം നീണ്ട കൊൽക്കത്ത ടെസ്റ്റിൽ ഇന്ത്യ 30 റൺസിന്റെ അവിശ്വസനീയ തോൽവി വഴങ്ങിയിരുന്നു. 124 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ നാലാം ഇന്നിംഗ്‌സിൽ 93 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
