ചെന്നൈ : ട്വന്റി 20 ലോക കപ്പിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ന്യൂസിലാൻസ് 5 വിക്കറ്റിന് അഫ്ഗാനിസ്ഥാനെ കീഴടക്കി. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയം വേദിയായ ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 20 ഓവറിൽ നേടിയത് 6 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 182 റൺസാണ്. മറുപടിക്കിറങ്ങിയ ന്യൂസിലാൻഡ് 17 . 5 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയ ലക്ഷൃത്തിലെത്തി ( 183/5 ).
വിക്കറ്റ് കീപ്പറും ഓപ്പണറുമായ ടിം സെയ്ഫർട്ടാണ് (42 പന്തിൽ 65) ചേസിംഗിൽ ന്യൂസിലാൻഡിന്റെ മുന്നണി പോരാളിയായത്. 7 ഫോറും 3 സിക്‌സും ഉൾപ്പെട്ടതാണ് സെയ്ഫർട്ടിന്റെ ഇന്നിംഗ്‌സ്.
രണ്ടാം ഓവറിലെ മൂന്ന് നാല് പന്തുകളിൽ മുജീബ് ഫിൻ അലനേയും (1), രചിൻ രവീന്ദ്രയേയും (0) അടുപ്പിച്ച് പുറത്താക്കിയതോടെ കിവികൾ 14/2 എന്ന നിലയിൽ പ്രതിസന്ധിയിലായി.
എന്നാൽ തുടർന്ന് ക്രീസിൽ ഒന്നിച്ച സെയ്ഫർട്ടും ഗ്ലെൻ ഫിലിപ്പ്‌സും (25 പന്തിൽ 42) ചേർന്ന് കിവീസിനെ രക്ഷപ്പെടുത്തി. പതറാതെ തകർത്തടിച്ച ഇരുവരും മൂന്നാം വിക്കറ്റിൽ 47 പന്തിൽ 74 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ടീമിനെ വിജയ വഴിയിൽ എത്തിച്ചു. ടീം സ്‌കോർ 88 ൽ വച്ച് ഫിലിപ്പ് സിനെ ക്ലീൻ ബൗൾഡാക്കി അഫ്ഗാർ ക്യാപ്ടൻ റാഷിദ് ഖാനാണ് കൂട്ടുകെട്ട് പൊളിച്ചത്.
നാലാം വിക്കറ്റിൽ മാർക്ക് ചാപ്മാനൊപ്പം (28) 21 പന്തിൽ 36 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് സെയ് ഫർട്ട് മുഹമ്മദ് നബിയുടെ പന്തിൽ ഒമർസായി പിടിച്ച് പുറത്തായത്. ചാപ്മാനെ ഒമർസായിയാണ് വീഴ്ത്തിയത്. പിന്നീട് അടിച്ചു തകർത്ത സാരിൽ മിച്ചലും (പുറത്താകാതെ 15 പന്തിൽ 24), ക്യാപ്ടൻ മിച്ചൽ സാന്റനറും (പുറത്താകാതെ 8 പന്തിൽ 17) അനായാസം ന്യൂസിലാൻഡിനെ വിജയത്തിൽ എത്തിച്ചു.
നേരത്തെ ഗുലബ്ദിൻ നയിബിന്റെ (35 പന്തിൽ 63) അർദ്ധ സെഞ്ച്വറിയാണ് അഫ്ഗാനെ നല്ല സ്‌കോറിൽ എത്തിച്ചത്. റഹ്മാനുള്ള ഗുർബാസ് (27), സെദിഖുള്ള അടൽ (29) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. ലോക്കി ഫെർഗൂസൻ കിവീസിനായി 2 വിക്കറ്റ് വീഴ്ത്തി. ട്വന്റി20 ലോകകപ്പിൽ ആദ്യമായാണ് ന്യൂസിലാൻസ് 170 ന് മുകളിലുള്ള വിജയലക്ഷ്യം ചേസ് ചെയ്ത് ജയിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
