മാഡ്രിഡ് : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിന്റെ ആദ്യ പാദ ക്വാർട്ടർ ഫൈനലിലെ സ്പാനിഷ് പോരിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് ബാഴ്‌സലോണയെ തോൽപ്പിച്ച് അത്‌ലറ്റിക്കോ മാഡ്രിഡ്. കഴിഞ്ഞരാത്രി ബാഴ്‌സലോണയുടെ തട്ടകമായ കാംപ് നൗവിൽ ഇരു പകുതികളിലുമായി ഓരോ ഗോളടിച്ച അത്‌ലറ്റിക്കോ കഴിഞ്ഞവാരം സ്പാനിഷ് ലാ ലിഗയിൽ ബാഴ്‌സയിൽ നിന്നേറ്റ 2-1ന്റെ തോൽവിക്ക് പകരം ചോദിക്കുകയായിരുന്നു. 45-ാം മിനിട്ടിൽ ജൂലിയൻ അൽവാരേസും 71-ാം മിനിട്ടിൽ അലക്‌സാണ്ടർ സൊർലോത്തുമാണ് അത്‌ലറ്റിക്കോയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്.
മത്സരത്തിന്റെ തുടക്കം മുതൽ ലാമിൻ യമാലും മാർക്കസ് റാഷ്‌ഫോർഡും ചേർന്ന് ബാഴ്‌സയ്ക്ക് വേണ്ടി ആക്രമണം അഴിച്ചുവിട്ടെങ്കിലും അത്‌ലറ്റിക്കോയുടെ അർജന്റീനിയൻ ഗോളി യുവാൻ മ്യൂസോയുടെ തകർപ്പൻ സേവുകൾ വിലങ്ങുതടിയായി. 17-ാം മിനിട്ടിൽ അത്‌ലറ്റിക്കോയുടെ വലകുലുങ്ങിയെങ്കിലും യമാൽ ഓഫ്‌സൈഡായിരുന്നു. 41-ാം മിനിട്ടിൽ ബാഴ്‌സയുടെ ബോക്‌സിന് തൊട്ടുമുന്നിൽ വച്ച് അത്‌ലറ്റിക്കോ താരം ഗ്വിലിയാനോ സിമിയോണിയെ പാവു കുബാർസി പിന്നിൽനിന്ന് വലിച്ചിട്ടതാണ് കളിത്തിരിവായത്. ആദ്യം മഞ്ഞക്കാർഡ് നൽകിയ റഫറി പിന്നീട് വാർ പരിശോധിച്ച് കുബാർസിക്ക് നേരെ ചുവപ്പുകാർഡ് വീശി. ഈ ഫൗളിന് അനുവദിച്ച ഫ്രീകിക്കാണ് ബാഴ്‌സ ഗോളി ജൊവാൻ ഗാർഷ്യയെ നിഷ്പ്രഭനാക്കി അൽവാരേസ് വലയ്ക്കകത്തേക്ക് വളച്ചടിച്ചു കയറ്റിയത്.
രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ ബാഴ്‌സ പലവട്ടം ശ്രമിച്ചെങ്കിലും 71-ാം മിനിട്ടിൽ ഇടതുവിംഗിൽ നിന്ന് റഗ്ഗേരി നൽകിയ തകർപ്പൻ ക്രോസ് ബോക്‌സിനുള്ളിൽ നിന്ന് സൊർലോത്ത് വലയിലേക്ക് കണക്ട് ചെയ്തിട്ടതോടെ അത്‌ലറ്റിക്കോയുടെ ലീഡ് വർദ്ധിച്ചു. അവസാനസമയം വരെ ബാഴ്‌സ പൊരുതിനോക്കിയെങ്കിലും ഫലമുണ്ടായില്ല. അടുത്ത ചൊവ്വാഴ്ച രാത്രി അത്‌ലറ്റിക്കോയുടെ തട്ടകത്തിൽ രണ്ടാം പാദ ക്വാർട്ടർ ഫൈനൽ നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
