വാൻകൂവർ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ബിയിലെ ആവേശപ്പോരാട്ടത്തിൽ ആതിഥേയരായ കാനഡയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് സ്വിറ്റ്‌സർലൻഡ് ഗ്രൂപ്പ് ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32-ലേക്ക് യോഗ്യത നേടി. റൂബൻ വാർഗാസ്, ജോഹാൻ മൻസാംബി എന്നിവരാണ് സ്വിസ് പടയ്ക്കായി വലകുലുക്കിയത്. കാനഡയ്ക്കായി പ്രോമിസ് ഡേവിഡ് ഒരു ഗോൾ മടക്കി. തോറ്റെങ്കിലും ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി കാനഡയും തങ്ങളുടെ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി.
വാൻകൂവറിലെ നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയത്തിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഉൾപ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു മത്സരം. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം, രണ്ടാം പകുതി തുടങ്ങി 40-ാം സെക്കൻഡിൽ തന്നെ റൂബൻ വാർഗാസിലൂടെ സ്വിറ്റ്‌സർലൻഡ് ലീഡ് എടുത്തു. 57-ാം മിനിറ്റിൽ 20-കാരനായ യുവതാരം ജോഹാൻ മൻസാംബിയിലൂടെ സ്വിസ് പട ലീഡ് രണ്ടാക്കി ഉയർത്തി.
76-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ പ്രോമിസ് ഡേവിഡ് കാനഡയ്ക്കായി ഒരു ഗോൾ മടക്കിയെങ്കിലും സമനില പിടിക്കാൻ ആതിഥേയർക്കായില്ല. സൂപ്പർ താരം ഇസ്മായിൽ കോനെയ്ക്ക് പരിക്കേറ്റത് കാനഡയ്ക്ക് വലിയ തിരിച്ചടിയായി.
"ഞങ്ങൾ ഈ സ്ഥാനത്ത് എത്താൻ അർഹരായിരുന്നു. ടൂർണമെന്റിലേക്ക് തിരിച്ചെത്താൻ ഞങ്ങൾക്ക് കുറച്ച് സമയമെടുത്തു, ഇപ്പോൾ ടീം കളിക്കുന്ന രീതിയിൽ ഞാൻ അതീവ സന്തുഷ്ടനാണ്."- സ്വിസ് പരിശീലകൻ മുറാത്ത് യാക്കിൻ പറഞ്ഞു.
ഗ്രൂപ്പിൽ ഒന്നാമതെത്തി സ്വന്തം മണ്ണിൽ അടുത്ത മത്സരം കളിക്കാമെന്ന കാനഡയുടെ പ്രതീക്ഷകൾക്കാണ് ഈ തോൽവിയോടെ മങ്ങലേറ്റത്. ഇനി കാലിഫോർണിയയിലെ ഇംഗിൾവുഡിൽ വെച്ച് നടക്കുന്ന റൗണ്ട് ഓഫ് 32 മത്സരത്തിൽ ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരെയാകും കാനഡ നേരിടുക. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഖത്തറിനെ 3-1 ന് തോൽപ്പിച്ച ബോസ്നിയ മൂന്നാം സ്ഥാനക്കാരായി അടുത്ത റൗണ്ട് പ്രതീക്ഷകൾ നിലനിർത്തിയപ്പോൾ ഖത്തർ ടൂർണമെന്റിൽ നിന്ന് പുറത്തായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
