ദുബായ്: ചാംപ്യന്‍സ് ട്രോഫിയുടെ സെമിയില്‍ ഇന്ത്യയോട് തോറ്റതിന് പിന്നാലെ ഓസ്‌ട്രോലിയന്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്ത് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. തന്റെ കരിയറില്‍ ഓസ്ട്രേലിയയ്ക്കായി രണ്ട് ഏകദിന ലോകകപ്പുകള്‍ (2015, 2023) നേടാനായത് തന്റെ ഭാഗ്യമാണെന്ന് സ്മിത്ത് പറഞ്ഞു.
''ഇതൊരു മികച്ച യാത്രയായിരുന്നു, അതിന്റെ ഓരോ മിനിറ്റും ഞാന്‍ ഇഷ്ടപ്പെട്ടു,'' സ്മിത്ത് ഒരു പത്രക്കുറിപ്പില്‍ പറഞ്ഞു.
2015-ലും 2021-ലും ഓസ്ട്രേലിയയുടെ മികച്ച പുരുഷ ഏകദിന കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടതും 2015-ല്‍ ഐസിസി പുരുഷ ഏകദിന ടീമില്‍ ഇടം നേടിയതും സ്റ്റീവ് സ്മിത്തിന്റെ ഏകദിന നേട്ടങ്ങളില്‍ ഉള്‍പ്പെടുന്നു.
ടെസ്റ്റ് ക്രിക്കറ്റിനാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്ന് സ്മിത്ത് പറഞ്ഞു. ജൂണില്‍ ലോര്‍ഡ്സില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കാണ് താന്‍ ഉറ്റുനോക്കുന്നത്.
2027 ലോകകപ്പിനായി തയ്യാറെടുക്കാന്‍ ഇപ്പോള്‍ മികച്ച അവസരമാണ്, അതിനാല്‍ മറ്റു താരങ്ങള്‍ക്ക് വഴിയൊരുക്കാനുള്ള ശരിയായ സമയമാണിതെന്ന് സ്മിത്ത് പറഞ്ഞു.
''ടെസ്റ്റ് ക്രിക്കറ്റിന് മുന്‍ഗണനയുണ്ട്, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍, ശൈത്യകാലത്ത് വെസ്റ്റ് ഇന്‍ഡീസ് പരമ്പര, തുടര്‍ന്ന് ഇംഗ്ലണ്ട് പരമ്പര എന്നിവയ്ക്കായി ഞാന്‍ ശരിക്കും കാത്തിരിക്കുകയാണ്. ആ വേദിയില്‍ ഇനിയും ഒരുപാട് സംഭാവന ചെയ്യാനുണ്ടെന്ന് എനിക്ക് തോന്നുന്നു,' സ്മിത്ത് കൂട്ടിച്ചേര്‍ത്തു.
2010ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് സ്മിത്തിന്റെ ഏകദിന അരങ്ങേറ്റം. ഒരു ലെഗ് സ്പിന്‍ ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ നിന്ന്, സ്മിത്ത് ടീമിന്റെ നെടുന്തൂണായ ബാറ്ററായി വൈകാതെ മാറി.
170 ഏകദിനങ്ങള്‍ കളിച്ച സ്മിത്ത്, 43.28 ശരാശരിയില്‍ 12 സെഞ്ചുറികളും 35 അര്‍ദ്ധ സെഞ്ചുറികളും ഉള്‍പ്പെടെ 5,800 റണ്‍സ് നേടി. 34.67 ശരാശരിയില്‍ 28 വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്